ദരിദ്ര കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യം നിഷേധിച്ചതായി പരാതി
മാള: പ്രളയത്തില്‍ കനത്ത നഷ്ടങ്ങളുണ്ടായ കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യം നിഷേധിച്ചതായി പരാതി.
ചാലക്കുടി താലൂക്ക് കുഴൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ കുഴിക്കണ്ടത്തില്‍ കാസിമിനാണു ആനുകൂല്യം നിഷേധിച്ചത്. പ്രളയാനന്തരം പ്രളയത്തിന്റെ ഭാഗമായുള്ള മൊബൈല്‍ ആപ്പുമായി വിദ്യാര്‍ഥി സംഘങ്ങള്‍ പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ സംബന്ധിച്ചു സര്‍വേ നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി കാസിമിന്റെ വീട്ടിലും എത്തി അഞ്ചു ഫോട്ടോകളടക്കമുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിരുന്നു. പ്രധാനമായും ചുമരുകളുടെ വിള്ളലുകളാണ് അന്നു ശ്രദ്ധയില്‍ പെട്ടിരുന്നത്. 15 ശതമാനത്തിനു മേലെയുള്ള കേടുപാടുകളില്‍ കാസിമിന്റെ വീടും വരേണ്ടതാണ്. സര്‍വേ കഴിഞ്ഞതിനു ശേഷമാണ് ചുമരുകള്‍ക്കു പുറമേ മേല്‍ക്കൂരയിലും സണ്‍ഷെയ്ഡിലും തറയിലും വിള്ളലുകള്‍ ഉള്ളതായി വീട്ടുകാര്‍ കണ്ടത്.
വീടിന്റെ രണ്ടു മുറികളും ഒരു ശുചിമുറിയും മാത്രമാണ് പ്ലാസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടങ്ങളിലാണു ചുമരുകളുടെ പൊട്ടല്‍ ദൃശ്യമായത്. ഇതില്‍ മാത്രം ചെറുതും വലുതുമായ 15ലധികം വിള്ളലുകളാണുണ്ടായിരിക്കുന്നത്. ശക്തമായ മഴ പെയ്യുന്ന വേളയില്‍ മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം കിനിഞ്ഞിറങ്ങിയിരുന്നു.
പ്രളയജലം ഇറങ്ങി രണ്ടു മാസം പിന്നിട്ടിട്ടും ചുമരുകളിലെ ഈര്‍പ്പം മാറാത്തതിനാലും വിള്ളലുകള്‍ ഉള്ളതിനാലും ഭയപ്പാടോടെയാണു കുടുംബം കഴിയുന്നത്.
പ്രായാധിക്യത്താലും രോഗങ്ങളാലും കഷ്ടത അനുഭവിക്കുന്ന കാസിമും ചെറിയ കുട്ടിയുമുള്ള വീടാണിത് . വീടിന്റെ കേടുപാടുകള്‍ കൂടാതെ പാചകം ചെയ്തിരുന്ന അടുക്കളയും പ്രളയത്തില്‍ നശിച്ചിരുന്നു. അതുമൂലം മേല്‍ക്കൂരയും മറയുമില്ലാത്തിടത്താണു പാചകം ചെയ്യുന്നത്.
മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമാണു ഖാസിമിന്റെ കുടുംബത്തിനുണ്ടായത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ലിസ്റ്റില്‍ പേരുണ്ടെങ്കിലും അപ്രൂവ്ഡിനു പകരം റിജെക്റ്റഡായിരിക്കുകയാണ്.
കുഴൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്ള 230 കുടുംബങ്ങളുടെ പേരാണു ലിസ്റ്റിലുള്ളത്. ഇതില്‍ കാസിം അടക്കം അഞ്ചു പേര്‍ക്കുള്ള സഹായമാണ് തടഞ്ഞിരിക്കുന്നത്.
മുറ്റത്തു പോലും വെള്ളമെത്താത്ത കുടുംബങ്ങളുടെ വരെ പേരുകള്‍ ലിസ്റ്റിലുണ്ട്. കോടിക്കണക്കിനു രൂപയുടെ ആസ്തിയും ലക്ഷക്കണക്കിനു രൂപയുടെ മാസ വരുമാനവുമുള്ളവരുടെ പേരുകളും ലിസ്റ്റിലുണ്ട്. ഒരു വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന്റെ രണ്ടാളുകളുടെ പോലും പേരുകളുമുണ്ട് ലിസ്റ്റില്‍. അടുത്തിടെ പണിതതും വീടിനു യാതൊരു കേടുപാടുകള്‍ ഇല്ലാത്തവരും ലിസ്റ്റ് പ്രകാരം സഹായത്തിനര്‍ഹരാണ്. ഈ സ്ഥാനത്താണു ദരിദ്ര കുടുംബത്തിന്റെ പേര് ഒഴിവായിരിക്കുന്നത്.
ഇതു കൂടാതെ വീടുകള്‍ക്കു കേടുപാടുകളുള്ള ഓലക്കോട്ട് അബ്ദുള്‍ ഗഫൂറിന്റെയും പുത്തന്‍കാട്ടില്‍ സെയ്ദു മുഹമ്മദിന്റേയും അടക്കം ചില വീടുകളുടെ പേരുകള്‍ ലിസ്റ്റില്‍ ഇല്ലാത്ത സംഭവവുമുണ്ട്. ഇതേക്കുറിച്ച് വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും പരാതി പറഞ്ഞപ്പോള്‍ അവര്‍ കൈയൊഴിയുകയാണ്. കലക്ട്രേറ്റിലെത്തി പരാതി കൊടുക്കാനാണ് പ്രളയ ദുരന്ത ബാധിതനോട് പഞ്ചായത്ത് സെക്രട്ടറിയുടെ ഉപദേശം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അര്‍ഹമായ സഹായം കുടുംബത്തിന് നല്‍കണമെന്നാണ് നാട്ടുകാരില്‍ നിന്നുള്ള ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."