നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് രേഖയെന്ന്, എങ്കില്‍ ലഭിക്കണമെന്ന് ദിലീപ്, ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് നല്‍കരുതെന്ന് സര്‍ക്കാര്‍
ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖയാണെന്ന് സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണെങ്കിലും ഉള്ളിലെ ദൃശ്യങ്ങള്‍ രേഖതന്നെയാണെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. രേഖയാണെങ്കില്‍ അത് ദിലീപിനു ലഭിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു.
എന്നാല്‍ രേഖയാണെങ്കിലും അത് ദിലീപിന് കൈമാറരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇരയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി നല്‍കിയ അപേക്ഷയിലാണ് മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാകുമെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചത്. കൂടാതെ ദൃശ്യങ്ങള്‍ പ്രതി ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് നടി പറഞ്ഞു. ഈ ഹരജിയുടെ പരിഗണനക്കിടെയാണ് മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്ന് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്
മെമ്മറി കാര്‍ഡ് ഒരു വസ്തുവാണെന്നും അതിനുള്ളിലെ ദൃശ്യങ്ങള്‍ രേഖ തന്നെയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് മുന്‍പ് ദിലിപ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."