ഒളിംപിക് ചാംപ്യനെ പരാജയപ്പെടുത്തി സിന്ധു
ഗ്വാങ്ചു: ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ സിന്ധുവിന് മികച്ച തുടക്കം. 2012ലെ ഒളിംപിക് ചാംപ്യന്‍ ചൈനയുടെ ലി സുറേയെയാണ് ആദ്യ റൗണ്ടില്‍ താരം പരാജയപ്പെടുത്തിയത്. വനിതകളില്‍ മറ്റൊരു പ്രതീക്ഷയായ സൈന നെഹ്വാള് തന്നെക്കാള്‍ പിറകിലുള്ള താരത്തോട് അട്ടിമറി നേരിട്ടപ്പോള്‍ പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും പ്രീക്വാര്‍ട്ടറില്‍ കടന്നു.
ഇത് ആദ്യമായാണ് നിലവിലെ ലോക ചാംപ്യനായ സിന്ധു ലി സുറേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുന്നത്. സ്കോര്‍ 21-18, 21-12. ലോക 15ാം നമ്പര്‍ താരം പോണ്പവി ചൊചുവാങ്ങാണ് പ്രീക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരത്തിന്റെ എതിരാളി. അതേസമയം, ലോക 19ാം നമ്പര്‍ തായ്ലന്ഡ് താരം ബുസനന്‍ ഓണ്ബംറുംപനോട് പൊരുതാന്‍ കഴിയാതെയാണ് സൈന കീഴടങ്ങിയത്. സ്കോര്‍ 10-21, 17-21. പുരുഷ സിംഗിള്‍സില്‍ തായ്ലന്‍ഡിന്റെ സുപ്പാന്യു അവിഹിന്സനോനെയാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ ലോക 15ാം നമ്പര്‍ താരമായ സായ് പ്രണീത് മടക്കിയത്. സ്കോര്‍ 21-19, 21-23, 21-14.
തന്റെ ജന്മദിനത്തില് സിക്കി റെഡ്ഡിയോടൊപ്പം വനിതാ ഡബിള്‍സില്‍ ഇറങ്ങിയ അശ്വിനി പൊന്നപ്പ സഖ്യം 21-13, 11-8ന് മുന്നില്‍ നില്‍ക്കേ എതിര് ജോടികളായ ചൈനീസ് താരങ്ങള്‍ പിന്മാറിയതോടെയാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."