മാമാങ്കനാടിന്റെ വൈദ്യ പാരമ്പര്യത്തിന് സ്മാരകങ്ങളില്ല; ആയുര്‍വേദ മ്യൂസിയത്തിന് ആവശ്യമുയരുന്നു
തിരുന്നാവായ: മാമാങ്കനാടിന്റെ വൈദ്യ പാരമ്പര്യത്തിന് സ്മാരകങ്ങള്‍ ഇല്ല. ആയുര്‍വേദ മ്യൂസിയത്തിന് ആവശ്യമുയരുന്നു. അഷ്ടവൈദ്യന്‍ ആലത്തിയൂര്‍ നമ്പിയുടെയും ചങ്ങമ്പള്ളി ഗുരുക്കന്‍മാരുടെയും പാരമ്പര്യം നിലനില്‍ക്കുന്ന തിരുന്നാവായയിലെ തെക്കന്‍ കുറ്റൂരിലെ വെളാണശ്ശേരി വാസുണ്ണി മൂസത് സ്ഥാപിച്ച ചിന്താമണി വൈദ്യശാലയില്‍ വെച്ചാണ് പി.എസ് വാര്യയര്‍ കോട്ടക്കല്‍ ആര്യവൈദ്യശാല സ്ഥാപിക്കുന്നതിനെ കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചര്‍ച്ച നടത്തുന്നത്. പിന്നീടാണ് ഇന്ന് കാണുന്ന കോട്ടക്കല്‍ ആര്യവൈദ്യശാല സ്ഥാപിക്കപ്പെടുന്നത്.
ഇതിന്റെ അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തിരുന്നാവായക്ക് ചുറ്റും ആയുര്‍വേദ ചികിത്സാശാലകള്‍ സ്ഥാപിക്കപ്പെടുകയും പാരമ്പര്യ ചികിത്സാ രീതികള്‍ നടത്തിവരികയും ചെയ്തിരുന്ന നാട്ടുവൈദ്യമാര്‍ ഉണ്ടായിരുന്നു. ഇവരിലെ പ്രമുഖരായിരുന്നു താഴത്തറകുന്നിലെ ഗുരു പഞ്ഞന്‍ വൈദ്യരും ബാലരോഗ വിദഗ്ധനായിരുന്ന ചെറിയപറപ്പൂരിലെ ചിറ്റാമന്‍ വൈദ്യരും.
വിഷ വൈദ്യന്‍മാരായ സൂര്‍പ്പില്‍ തറവാട്ടുകാരും ആയൂര്‍വേദ പാരമ്പര്യ ചികിത്സ രംഗത്ത് അറിയപ്പെടുന്നവരാണ്. 1970 ല്‍ മരണപ്പെട്ട തിരുന്നാവായയിലെ കറുത്തേടത്ത് ശങ്കരന്‍ മൂസത് എന്ന വൈദ്യ ശ്രേഷ്ടന്‍ വടക്കേന്ത്യയില്‍ തന്നെ പ്രസിദ്ധനായിരുന്നു. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ ചികിത്സാര്‍ത്ഥം ശങ്കര മൂസതിന്റെ തിരുന്നാവായയിലെ വസതിയില്‍ പതിവായി എത്തുമായിരുന്നു. മൂസതിന്റെ എസ്.എം പില്‍സ് എന്ന ആയുര്‍വേദ ഗുളിക ഏറെ പ്രസിദ്ധമായിരുന്നു. യഥാവിധി ആയുര്‍വേദത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി ധര്‍മ്മബോധം എന്ന പേരില്‍ ശങ്കരന്‍ മൂസത് സ്വന്തം നിലയില്‍ ആഴ്ച പതിപ്പ് പുറത്തിറക്കിയിരുന്നു.
ഈ കാലഘട്ടത്തില്‍ തന്നെ പ്രസിദ്ധനായ എടക്കുളം തിരുത്തി സ്വദേശി ചിറ്റകത്ത് വാരിയത്താഴത്ത് ചെറിയാമുക്ക അസ്ഥിരോഗ ചികിത്സാലിയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകാലശാലയും പരിസ്ഥിതി സംഘടനയായ റീ എക്കൗയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വെളാണശ്ശേരി മൂസതിന്റെ ജന്മഗൃഹം കണ്ടെത്തിയത്.
തിരുന്നാവായയിലും പരിസരങ്ങളിലുമുള്ള വൈദ്യ കുടുംബങ്ങളെ കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരുന്നതിന് തിരുനാവായ കേന്ദ്രമാക്കി പാരമ്പര്യ വൈദ്യ ഗവേഷണ കേന്ദ്രവും മ്യൂസിയവും നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."