മന്ത്രി ജലീലിനെതിരേ കോഴിക്കോട്ടും കുറ്റിപ്പുറത്തും കരിങ്കൊടി
ചേവായൂര്‍: (കോഴിക്കോട്) ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രി .കെ.ടി ജലീലിനെ കോഴിക്കോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. കോഴിക്കോട് ചേവായൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി)യുടെ 22-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തിയപ്പോഴാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘമാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് ചേവായൂരിലും പരിസര പ്രദേശങ്ങളിലും വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിനായി മന്ത്രിയെത്തിയപ്പോള്‍ മറഞ്ഞു നിന്ന പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ച് ചാടി വീഴുകയായിരുന്നു. ഇവരെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി. നജീബ് കാന്തപുരത്തോടൊപ്പം അറസ്റ്റിലായ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജില്ലാ നേതാക്കളായ എ.കെ ഷൗക്കത്ത്, ഷഫീഖ് അരക്കിണര്‍, ജാഫര്‍ സാദിഖ്, മണ്ഡലം നേതാക്കളായ ടി.പി.എം ജിഷാന്‍, എം ബാബുമോന്‍ എന്നിവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കുറ്റിപ്പുറം (മലപ്പുറം): ബന്ധു നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരേ പ്രതിഷേധം ശക്തമാക്കി യൂത്ത് ലീഗ്. കണ്ടനകത്ത് വായനശാലയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജലീലിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രതിഷേധവുമായി റോഡിലേക്ക് ചാടിയ മുസ്്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു പ്രതിഷേധം.
കണ്ടനകത്തെ പരിപാടിക്കുശേഷം കുറ്റിപ്പുറം മിനിപമ്പയിലെത്തിയ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്നാനി റോഡില്‍ നിലയുറപ്പിച്ചിരുന്നുവെങ്കിലും ഇവരെ വെട്ടിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മിനിപമ്പയിലേക്ക് മന്ത്രിയെ എത്തിച്ചത്. മന്ത്രിയെ റോഡില്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി വേദിയിലെത്തിയതറിഞ്ഞ് പ്രതിഷേധ പ്രകടനവുമായി മിനിപമ്പയിലെത്തിയെങ്കിലും ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. മണ്ഡലകാല സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി മിനിപമ്പയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."