കേരളത്തില്‍ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി
കൊച്ചി: സ്വപ്രയത്നം കൊണ്ട് സാമ്പത്തിക ശേഷി കൈവരിച്ച പ്രവാസി മലയാളികള്‍ അവര്‍ക്ക് കഴിയുന്ന രീതിയില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വരണമെന്നും പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് ഇത്തരം പുതിയ സംരംഭങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 11,000 പേര്‍ക്ക് തൊഴിലവസരം നല്കുന്ന ലുലു സൈബര്‍ ടവര്‍ 2ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിക്ഷേപം നടത്തുന്നവര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്കവേണ്ടെന്നും സര്‍ക്കാരിന്റെ പൂര്‍ണ സംരക്ഷണമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാന്‍ ഒരു തടസവുമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുകയാണ്.കേരളത്തില്‍ നിക്ഷേപം നടത്തുന്നതില്‍ പലര്‍ക്കും മാനസികമായ ബ്ലോക്ക് ഉള്ളതായി കാണുന്നുണ്ട്. അത് മാറ്റി കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
സൂപ്പര്‍ സോണിക് യുഗത്തിലൂടെ മുന്നോട്ടു കുതിക്കുന്ന ഐ.ടി മേഖലയില്‍ ഈ മാറ്റത്തിനൊപ്പം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്തള്ളപ്പെട്ടു പോകുമെന്ന് സ്വാഗത പ്രസംഗം നടത്തിയ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ എം.എ യൂസഫലി പറഞ്ഞു. ലോകത്തെമ്പാടും ഐ.ടി മേഖലയില്‍ ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവിടെ നിന്ന് ജോലിക്ക് പോകുന്നതിന് പകരം ഇവിടെ ജോലി ചെയ്യുക എന്ന കാഴ്ചപ്പാടിലേക്ക് ഐ.ടി ലോകം മാറിക്കൊണ്ടിരിക്കുകയാണ്.
ഇത് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്കും വ്യവസായികള്‍ക്കും ബാങ്കര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെല്ലാം അവരുടേതായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സഹമന്ത്രി എസ്.എസ് അലൂവാലിയ ആശംസാ സന്ദേശം നല്കി. യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, എം.പിമാരായ പ്രൊഫ. കെ.വി തോമസ്, വി. മുരളീധരന് എന്നിവര്‍ വിശിഷ്ടാതിഥികളായി. എം.എല്‍.എമാരായ പി.ടി തോമസ്, വി.കെ ഇബ്രാഹിം കുഞ്ഞ്, എല്‍ദോ എബ്രഹാം, തൃക്കാക്കര മുനിസിപ്പല്‍ ചെയര്പേഴ്സന് എം.ടി ഓമന, ഐ.ടി പാര്‍ക്സ് സി.ഇ.ഒ ഹൃഷികേശ് നായര്‍ ആശംസ നേര്‍ന്നു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ എം.എ അഷ്റഫ് അലി നന്ദി പ്രകാശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."