ചുള്ളിക്കരയില്‍ പുലി ഭീതി: നടപടികള്‍ ജാഗ്രതാനിര്‍ദേശത്തില്‍ ഒതുങ്ങുന്നതായി പരാതി
രാജപുരം: പുലി സാന്നിധ്യം ഉറപ്പിച്ചിട്ടും വനപാലകര്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശത്തില്‍ നടപടികള്‍ ഒതുങ്ങുന്നു.
ചുള്ളിക്കരയിലും പരിസരങ്ങളും കഴിഞ്ഞ ദിവസം രാത്രി ഒഴികെ തുടര്‍ച്ചയായി നാലു ദിവസം പുലിയെ കണ്ടിട്ടും കാമറ സ്ഥാപിക്കാനോ കൂടൊരുക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണു ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം മാത്രം അധികൃതര്‍ നല്‍കുന്നത്.
പുലി സാന്നിധ്യമുണ്ടെങ്കിലും ഉപദ്രവം ചെയ്യാത്തതിനാല്‍ തിരികെ കാടുകയറുമെന്നു പറഞ്ഞ് ജനങ്ങളെ ആശ്വസിപ്പിക്കുകയാണു വനപാലകര്‍ ചെയ്യുന്നത്. രാത്രികാലങ്ങളില്‍ ഇറങ്ങുന്നവര്‍ നല്ല പ്രകാശമുള്ള ടോര്‍ച്ചുകള്‍ ഉപയോഗിക്കണമെന്നും, പുലിയെ കണ്ടതായി സംശയം തോന്നിയാല്‍ ആ ഭാഗത്തേക്ക് അന്വേഷിച്ചുപോകരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. അതിനിടെ തുടര്‍ച്ചയായി പ്രദേശത്ത് പുലിയെ കണ്ടിട്ടും അധികൃതര്‍ സംഭവത്തിന്റെ ഗൗരവം വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാത്തത് അപകടം വരുത്തുമോയെന്ന ആശങ്കയിലാണു നാട്ടുകാര്‍.
ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കോട്ടപ്പാറ വെള്ളൂടയില്‍ തുടര്‍ച്ചയായി പുലിയെ കണ്ടിട്ടും അധികൃതര്‍ ആദ്യം നടപടികളെടുത്തിരുന്നില്ല. ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോഴാണ് വയനാട്ടില്‍നിന്നു കൂട് കൊണ്ടുവന്നു സ്ഥാപിച്ചത്.
രണ്ടു ദിവസത്തിനകം തന്നെ പുലി കൂട്ടിലകപ്പെടുകയുമുണ്ടായി. ഇതേ രീതിയില്‍ ചുള്ളിക്കരയിലും കൂട് വച്ചാല്‍ പുലിയെ കുടുക്കാനാകുമെന്നാണു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."