ഇരകളും ജില്ലാഭരണകൂടവും വെവ്വേറെ പന്തല്‍ ഒരുക്കിയതിലും വിവാദം
ഗോവിന്ദാപുരം: അംബേദ്ക്കര്‍ കോളനിയില്‍ ജാതിവിവേചനത്തിന് ഇരയായവരെ കാണാനും, പരാതി സ്വീകരിക്കാനും എത്തിയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനെ സ്വീകരിക്കാന്‍ രണ്ടു പന്തല്‍ ഒരുക്കിയതും വിവാദത്തിലേക്ക്.
കമ്മീഷന് പരാതി നല്‍കിയ ഇരകളുടെ സ്ഥലത്തും, ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോളനിയിലെ അങ്കണവാടിക്ക് സമീപവുമാണ് പന്തലൊരുക്കിയത്. ഇവിടെ കളക്ടര്‍ മേരിക്കുട്ടിയും, ജില്ലാ പൊലഇസ് മേധാവി പ്രതീഷ് കുമാറും, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയും, കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡന്റ് ശാരദ തുളസീദാസും ഉള്‍പ്പെടെയുള്ളവര്‍ കമ്മീഷന്‍ ചെയര്‍മാന്‍ വരുന്നതും കാത്തിരുന്നു.
പതിനൊന്നോടെ എത്തിയ ചെയര്‍മാന്‍ വിജയകുമാര്‍ ഇവിടെ കാര്‍ നിര്‍ത്താതെ ഇരകള്‍ ഒരുക്കിയ പന്തലിലാണ് ആദ്യം എത്തി പരാതികള്‍ കേട്ടത്. കലക്ടര്‍, എസ്.പി എന്നിവര്‍ പിന്നീട് ഇരകളുടെ പന്തലിലേക്ക് നേരിട്ട് ചെല്ലുകയായിരുന്നു. ഇവിടെയുള്ളവരുടെ പരാതികള്‍ കേട്ടതിന് ശേഷം ചക്ലിയരുടെ വീടുകളും, അയിത്തത്തിന് ഇടയാക്കിയ വാട്ടര്‍ ടാങ്കും കമ്മീഷന്‍ ചെയര്‍മാന്‍ കണ്ടതിനു ശേഷമാണ് അധികാരികള്‍ ഉണ്ടാക്കിയ പന്തലില്‍ എത്തി പരാതികള്‍ വാങ്ങി മടങ്ങിയത്. ജില്ലാഭരണാധികാരികള്‍ ഇവിടെ മറ്റൊരു പന്തലിട്ട് ജാതിവിവേചനം കാട്ടിയതായി ചക്ലിയര്‍ പരാതിപ്പെട്ടു.
ചക്ലിയ സമുദായം ഒരുക്കിയ സദ്യ ഉണ്ണാതെ ചെയര്‍മാന്‍ പി.എന്‍ വിജയകുമാര്‍, അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ.കെ. മനോജ്, ജില്ലാകലക്ടര്‍ മേരിക്കുട്ടി എന്നിവരോടൊത്ത് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."