കളിക്കുന്നതിനിടെ രണ്ടു വയസുകാരന് കുഴല്‍ക്കിണറില്‍ വീണു, രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു
തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറില്‍വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയത്തിലെത്തിയില്ല. തീവ്രശ്രമം തുടരുകയാണ്.
തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴല്‍ക്കിണറിലേക്ക് പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകന് സുജിത്ത് വീണത്.
അഞ്ചുവര്‍ഷം മുമ്പ് കുഴിച്ച കിണര്‍ വെള്ളമില്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ്. വീടിനടുത്തുതന്നെയുള്ള കിണറിന്റെ അടുത്ത് കളിക്കുകയായിരുന്നു കുട്ടി. എന്നാല്‍, മഴപെയ്ത് കുതിര്‍ന്ന കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കിണറിനുള്ളിലേക്കുവീണ കുട്ടി 25 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴല്‍ക്കിണറിനുള്ളില്‍നിന്ന് കരച്ചില് കേള്‍ക്കുകയായിരുന്നു.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. സ്ഥിതി സങ്കീര്‍ണമാണെന്ന് കണ്ടതോടെ കൂടുതല്‍ രക്ഷാസേനകള്‍ സ്ഥലത്തെത്തി. കുട്ടി കൈ ചലിപ്പിച്ചിരുന്നതിനാല്‍ ജീവന് നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതോടെ മെഡിക്കല്‍ സംഘം കിണറിനുള്ളിലേക്ക് ഓക്സിജന്‍ എത്തിച്ചിട്ടുണ്ട്.
ക്യാമറവഴി കുട്ടിയുടെ നില തത്സമയം അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. ഇതനുസരിച്ചാണ് മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചത്. രാത്രിസമയമായതിനാല്‍ വെളിച്ചമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. മധുരയില്‍നിന്ന് അഗ്നിരക്ഷാസേനയുടെ വിദഗ്ധസംഘവും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."