മൊബൈല്‍ എന്ന ചക്കപ്പശ
ദിനേന ഒന്നിനൊന്ന് മെച്ചപ്പെട്ട പുതുപുത്തന്‍ മൊബൈല്‍ ഫോണുകള്‍ ഇറങ്ങുന്ന കാലത്താണ് നാം ജീവിക്കുന്നത്. കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ ആരും മൊബൈലിന്റെ ചക്കപ്പശയില്‍നിന്നു മോചിതരല്ല. രണ്ട് വയസുള്ള കുഞ്ഞുങ്ങള്‍വരെ മൊബൈലില്‍ ഗെയിം കളിക്കാന്‍ ഉത്സാഹിക്കുന്ന ഒരു കാലത്തെക്കുറിച്ച് കഴിഞ്ഞ കാലങ്ങളില്‍ ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമായിരുന്നോ. എറിക്‌സണും അല്‍ക്കടെലുമെല്ലാം ഭാരംകൂടിയ മൊബൈലുകള്‍ രംഗത്തിറക്കിയ തൊണ്ണൂറുകളുടെ അവസാനത്തില്‍നിന്ന് 2017ന്റെ മധ്യത്തിലെത്തുമ്പോഴേക്കും എണ്ണിതിട്ടപ്പെടുത്താന്‍ സാധിക്കാത്തത്രയും മോഡലുകളാണ് ഉപഭോക്താക്കളെ തേടി എത്തിക്കഴിഞ്ഞിരിക്കുന്നത്. ഉറ്റവര്‍ ദൂരേക്ക് നീങ്ങുമ്പോള്‍ വിളിക്കാനുള്ള ഉപകരണം എന്ന നിലയില്‍ നിന്ന് വര്‍ത്തമാന കാലത്ത് എന്തിനും ഏതിനും ഉതകുന്ന ഒന്നായി മൊബൈല്‍ മാറുമെന്ന് അധികമാരും സ്വപ്നം കണ്ടിരിക്കില്ല.
കാലം മാറി മൊബൈലുകളെന്നാല്‍ ഇന്ന് സ്മാര്‍ട്ട് ഫോണായി രൂപാന്തരപ്പെട്ടിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാന്‍ അറിയാത്തവരെ നിരക്ഷരര്‍ക്ക് തുല്യമായി കാണുന്ന അവസ്ഥയിലേക്ക് ലോകം എത്തിയിരിക്കുന്നു.
മൊബൈല്‍ ഫോണുകള്‍ മുഖം മിനുക്കി എത്തുമ്പോഴും ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നുവെന്ന ഉപഭോക്താക്കളുടെ പരാതി ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ല. ഒരു തവണ ചാര്‍ജ് ചെയ്താല്‍ മിക്ക സ്മാര്‍ട്ട് ഫോണുകളിലും ഒരു ദിവസത്തിലപ്പുറം ചാര്‍ജ് നില്‍ക്കാറില്ല. എന്നാല്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ ഒരു പരിധിവരെ സ്മാര്‍ട്ട് ഫോണുകളിലെ ചാര്‍ജ് കുറെക്കൂടി ദീര്‍ഘിപ്പിക്കാന്‍ സാധിച്ചേക്കും.
വിവര സാങ്കേതികവിദ്യയുടെ മറ്റു മേഖലകളിലുണ്ടായ കുതിച്ചു ചാട്ടം ബാറ്ററി രംഗത്ത് ഉണ്ടായിട്ടില്ലെന്നത് നേരാണ്. അതിനാലാണല്ലോ അവയുടെ തുടിപ്പ് കൂടുതല്‍ നേരത്തേക്ക് ലഭിക്കാത്തത്. ഈ പോരായ്മയെ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് മറികടക്കാം. ബാറ്ററി ദീര്‍ഘമായി നിലനില്‍ക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിക്കുന്നതു വരെ ഫോണ്‍ സൂക്ഷിച്ച് ഉപയോഗിച്ച് ചാര്‍ജ് പരമാവധി നിലനിര്‍ത്താന്‍ ശ്രമിക്കുക മാത്രമാണ് നമുക്ക് മുന്നിലുള്ള വഴി. ഇന്ന് ഈ മേഖലയിലും പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.
ബാറ്ററി ചാര്‍ജ് നിലനിര്‍ത്താന്‍
ഉപയോഗം അത്യാവശ്യമല്ലാത്ത അവസരങ്ങളില്‍ വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫ് ചെയ്യുന്നത് ശീലമാക്കിയാല്‍ ചാര്‍ജ് കുറയുന്നത് തടയാന്‍ സാധിക്കും.
മൊബൈലിന് സാധാരണ റിങ്‌ടോണുകള്‍ സെറ്റ് ചെയ്യാന്‍ ശ്രമിക്കണം. റിങ്‌ടോണിനൊപ്പം വൈബ്രേഷനും ഓണ്‍ ആക്കുന്നത് ഫോണിലെ ചാര്‍ജ് പെട്ടെന്ന് കുറയാനിടയാക്കും. റിങ്‌ടോണുകളേക്കാള്‍ കൂടുതല്‍ ചാര്‍ജ് വൈബ്രേഷന് ആവശ്യമാണ്.
പവര്‍ മുഴുവന്‍ തീര്‍ന്ന ശേഷം ചാര്‍ജ് ചെയ്യുന്നതാണ് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാന്‍ നല്ലത്. ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററിയുടെ സ്‌ട്രെയിന്‍ വര്‍ധിക്കുകയും പെട്ടെന്ന് ഫോണ്‍ കേടാവാനും ഇടയാക്കും.
യാത്ര ചെയ്യുമ്പോഴും മറ്റും ഫോണ്‍ കൈയില്‍ വയ്ക്കുന്നതാണ് നല്ലത്. ബാഗിലും ജീന്‍സ് പോക്കറ്റിലും ഇടുന്നത് ഒഴിവാക്കുക.റേഞ്ച് കുറവുള്ള സ്ഥലങ്ങളില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ എയര്‍പ്ലെയിന്‍ മോഡിലിടുകയോ ആണ് നല്ലത്. അല്ലാത്ത പക്ഷം ഫോണ്‍ സിഗ്‌നല്‍ സര്‍ച്ച് നടത്തുകയും വലിയ അളവില്‍ ബാറ്ററി ചാര്‍ജ് കുറയുകയും ചെയ്യും.
ബാറ്ററി 20 ശതമാനത്തില്‍ കുറഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് 100 ശതമാനം ചാര്‍ജ് ചെയ്യുക. ഫോണ്‍ എല്ലായ്‌പ്പോഴും ചാര്‍ജിലിടുന്നത് ബാറ്ററിയുടെ ബാക്ക്അപ്പ് ശേഷി നഷ്ടപ്പെടുത്തും. ദിവസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.
ഓരോ തവണയും ഉപയോഗം കഴിഞ്ഞയുടനെ സ്‌ക്രീന്‍ ഓഫ് ചെയ്യുക.സാധാരണ ഗതിയില്‍ 15 മുതല്‍ 30 സെക്കന്റ് വരെയാണ് ടൈമൗട്ട് ഉണ്ടാവാറുള്ളത്. ഇത് അഞ്ച് സെക്കന്റായി കുറച്ചാല്‍ ബാറ്ററി ലാഭിക്കാവുന്നതാണ്.
വന്‍തോതില്‍ ചാര്‍ജ് നഷ്ടപ്പെടുത്തുന്നതാണ് മിക്ക ആപ്ലിക്കേഷനുകളും. പലപ്പോഴും ഹോം ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തുറന്നുവച്ചിരിക്കുന്ന ആപ്ലിക്കേഷനുകള്‍ അപ്രത്യക്ഷമാകുമെങ്കിലും അവ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെയിരിക്കും. അതുകൊണ്ട് ആപ് ക്ലോസ് ചെയ്യുക.
മറ്റ് ഏത് ആപ്ലിക്കേഷനുകളെക്കാള്‍ കുടുതല്‍ ചാര്‍ജ് ആവശ്യമാണ് ജി.പി.എസ് ഉപയോഗത്തിന്. അതിനാല്‍ ഇത് ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫാക്കുക. ഫോണ്‍ ആക്ടീവ് അല്ലാത്തപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജി. പി. എസ് ബാറ്ററി നഷ്ടപ്പെടുത്തുന്നത് അറിയാനാവില്ല.
മൊബൈല്‍ ഫോണ്‍ സ്‌ക്രീനിനായി കൂടിയ തോതില്‍ വെളിച്ചം ഉപയോഗിക്കുന്നത് ബാറ്ററി കൂടുതല്‍ നഷ്ടപ്പെടാന്‍ ഇടവരുത്തും. സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് പരമാവധി കുറയ്ക്കുന്നത് ബാറ്ററിയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നു ചുരുക്കം. ഓട്ടോ ബ്രൈറ്റ്‌നസ് സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നത് ചാര്‍ജ് പാഴാവുന്നതിന് ഫലപ്രദമായ പരിഹാരമാണ്.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ കഴിയുന്നതും ഫ്‌ളാഷ് ഒഴിവാക്കുക. വലിയ അളവില്‍ ചാര്‍ജ് നഷ്ടപ്പെടുത്തുന്നതാണ് ഫ്‌ളാഷുകള്‍.
ബാറ്ററി ചൂടാകാതെ ശ്രദ്ധിക്കുക. ഫോണ്‍ ചൂടായെന്നു കണ്ടാല്‍ കുറച്ചുനേരം ഉപയോഗരഹിതമാക്കി വയ്ക്കുക. അതുപോലെ സൂര്യതാപം നേരിട്ട് പതിക്കാത്ത രീതിയിലും ചൂടുള്ള യന്ത്രങ്ങളുടെ സമീപത്തും വയ്ക്കരുത്.
ബാറ്ററിയില്‍ ചാര്‍ജ് കുറവുള്ള സമയത്ത് ഗെയിമുകള്‍, വിഡിയോ, ഇന്റര്‍നെറ്റ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
മൊബൈല്‍ വന്ന വഴി
മനുഷ്യരിലെന്നപോലെ മനുഷ്യന്‍ സൃഷ്ടിച്ച മൊബൈലിലും തലമുറകള്‍ ഒരുപാടായിരിക്കുന്നു. ഒന്നും രണ്ടും തലമുറകളെ വ്യത്യസ്തമാക്കുന്നത് അവയില്‍ ഉപയോഗിച്ച റേഡിയോ സിഗ്നലുകളിലെ മാറ്റമായിരുന്നു. ആദ്യത്തേതില്‍ അനലോഗും രണ്ടാം തലമുറ മൊബൈലുകളില്‍ ഇത് ഡിജിറ്റലുമായിരുന്നു.
ഇംഗ്ലീഷ് കാരിക്കേച്ചറിസ്റ്റായ ലെവിസ് ബൗമെര്‍ ആയിരുന്നു ആദ്യമായി വയര്‍ലെസ് ഫോണിന്റെ കാരിക്കേച്ചര്‍ സൃഷ്ടിച്ചത്. ലണ്ടനിലെ ഹൈഡേ പാര്‍ക്കില്‍ വയര്‍ലെസ് ടെലിഫോണുമായി സംസാരിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും ചിത്രമായിരുന്നു ലെവിസ് പഞ്ച് മാഗസിന് വേണ്ടി 1907ല്‍ വരച്ചത്. തൊട്ടടുത്ത വര്‍ഷം ഓക്ക് ലാന്‍ഡ് ട്രാന്‍സ് കോണ്ടിനെന്റല്‍ ഏരിയല്‍ ടെലിഫോണ്‍ ആന്‍ഡ് പവര്‍ കമ്പനി വയര്‍ലെസ് ടെലിഫോണ്‍ വികസിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പിന്നീട് വ്യക്തമായി.
ക്യാബിളിന്റെ സഹായമില്ലാതെ ഉപയോഗിക്കാവുന്ന വയര്‍ലെസ് ടെലിഫോണ്‍ ആദ്യമായി പരീക്ഷിച്ചത് ജര്‍മനിയിലായിരുന്നു. ബെര്‍ലിനിനും സൊസ്സനിനും ഇടയില്‍ ഓടിയിരുന്ന പട്ടാളട്രെയിനുകളിലായിരുന്നു 1918ല്‍ ജര്‍മന്‍ റെയില്‍റോഡ് അധികൃതര്‍ ഈ സംവിധാനം ആദ്യമായി പരീക്ഷിച്ചത്. 1924ല്‍ പൊതു ട്രെയിനുകളിലേക്കും ജര്‍മനി ഈ സംവിധാനം വ്യാപിപ്പിച്ചു. ബെര്‍ലിനും ഹംബര്‍ഗിനും ഇടയില്‍ ഓടിയ ട്രെയിനുകളിലെ ഒന്നാം ക്ലാസ് യാത്രക്കാര്‍ക്കായിരുന്നു വയര്‍ലെസ് ടെലിഫോണിന്റെ പ്രയോജനം ലഭിച്ചത്. 1926ല്‍ ആര്‍ട്ടിസ്റ്റ് കാള്‍ ആര്‍നോള്‍ഡ് മൊബൈല്‍ ഫോണിന്റെ കാര്‍ട്ടൂണ്‍ വരച്ചു തെരുവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായാണ് ചിത്രീകരിച്ചത്. ജര്‍മന്‍ ഹാസ്യ മാസികയായ സിംപ്ലിസിസിമസ് ആയിരുന്നു ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയത്.
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ മോട്ടറോളയായിരുന്നു 1973 ഏപ്രില്‍ മൂന്നിന് ഒപ്പം കൊണ്ടുനടക്കാവുന്ന ആദ്യത്തെ മൊബൈല്‍ ഫോണ്‍ ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ഗവേഷകനും എക്‌സിക്യൂട്ടീവുമായിരുന്ന മാര്‍ട്ടിന്‍ കൂപ്പര്‍ ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച മനുഷ്യനുമായി ചരിത്രത്തില്‍ ഇടംനേടി. തന്റെ എതിരാളിയും ബെല്‍ ലാബ്‌സിലെ ജീവനക്കാരനുമായ ഡോ. ജോയല്‍ എസ്. എയിഞ്ചലിനെയായിരുന്നു അദ്ദേഹം മൊബൈലിലൂടെ വിളിച്ചത്. 23 സെന്റിമീറ്റര്‍ നീളവും 1.1കിലോഗ്രാം തൂക്കവുമുള്ളതായിരുന്നു നമ്മുടെ മൊബൈല്‍ഫോണുകളുടെ മുത്തച്ഛനായ ഈ കക്ഷി. 10 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 30 മിനുട്ടോളം മാത്രം സംസാരിക്കാവുന്ന ഒരു ഫോണ്‍ നമ്മില്‍ കൗതുകം ജനിപ്പിച്ചേക്കാം. ഓട്ടോമാറ്റിക് അനലോഗ് സെല്ലുലാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് 1979ല്‍ ജപ്പാന്‍കാരായിരുന്നു. അധികം വൈകാതെ വടക്കന്‍ യൂറോപ്പിലേയും വടക്കന്‍ അറ്റ്‌ലാന്റിക്കിലേയും ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഐസ്‌ലന്റ്, നോര്‍വേ, സ്വീഡന്‍, ഗ്രീന്‍ലാന്‍ഡ്, ഫറോയ് ദ്വീപുകള്‍, അലന്റ് ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. പിന്നീടായിരുന്നു അമേരിക്കയും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമെല്ലാം ഈ അല്‍ഭുത ഉപകരണം എത്തിയത്.
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടും മുതിര്‍ന്നവരുടെ ഓഫിസ് ആവശ്യങ്ങള്‍ക്കും എന്തിനധികം മത്സ്യം വാങ്ങാന്‍പോലും ഇന്ന് മുന്നില്‍ നടക്കുന്ന തലത്തിലേക്ക് സ്മാര്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നു. വരും കാലങ്ങളില്‍ ലോകത്തിലെ സമസ്ത കാര്യങ്ങളുടെയും തലതൊട്ടപ്പനായി ഈ ചെറിയ ഉപകരണം മാറിയേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."