പേരുദോഷമില്ലാതെയും ഒരു രാജി
അന്‍സാര്‍ മുഹമ്മദ്
8589984451#
മന്ത്രിക്കസേരയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പേരുദോഷം വരുത്തിയവരുടെ എണ്ണം വളരെ കൂടുതലാണ്. പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ത്തന്നെ മൂന്നുപേര്‍ പേരുദോഷം വരുത്തിയാണ് കസേരയൊഴിഞ്ഞത്. ഇതില്‍ ആദ്യത്തെയാള്‍ക്കു സ്ഥാനമൊഴിയേണ്ടി വന്നതു ബന്ധുനിയമനമെന്ന സ്വജനപക്ഷപാതത്തിന്റെ പേരിലായിരുന്നു. രണ്ടാമത്തെയാള്‍ സ്ത്രീപീഡന പരാതിയുടെ അടിസ്ഥാനത്തിലും മൂന്നാമത്തെയാള്‍ അഴിമതിയുടെ പേരിലുമായിരുന്നു. ഇപ്പോഴും ഒരു മന്ത്രി ബന്ധുനിയമനത്തിന്റെ ആരോപണക്കുരുക്കില്‍ ശ്വാസം മുട്ടി നില്‍ക്കുകയാണ്.
രണ്ടുതവണ മന്ത്രിയായിട്ടുണ്ട് മാത്യു ടി. തോമസ്. രണ്ടുതവണയും മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാകും മുമ്പ് മാത്യു ടി. തോമസിന് മന്ത്രിക്കസേരയില്‍നിന്നു താഴെയിറങ്ങേണ്ടി വന്നു. അഴിമതി, സ്വജനപക്ഷപാതം, സ്ത്രീപീഡനം തുടങ്ങിയ ഏതെങ്കിലും പേരുദോഷത്തിന്റെ പേരിലായിരുന്നില്ല. ഒരു തവണ പാര്‍ട്ടി നേതാവിന്റെ വികാരപരമായ രാഷ്ട്രീയനിലപാടിനു വേണ്ടി കസേരയൊഴിഞ്ഞു. ഇത്തവണ അധികാരത്തിനുവേണ്ടിയുള്ള സ്വന്തം പാര്‍ട്ടിയിലെ തൊഴുത്തില്‍ക്കുത്തില്‍ രക്തസാക്ഷിയായി.
മാത്യു ടി. തോമസിന്റെ മടക്കത്തോടെ പിണറായി വിജയന്‍ മന്ത്രിസഭയില്‍നിന്നു നാലാമത്തെ മന്ത്രിയുടെ രാജിയും സംഭവിച്ചു. മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ ആരോപണത്തിന്റെ പേരിലല്ല ഈ രാജി. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കത്തിന്റെ പേരില്‍ തന്നെ ചവിട്ടിപ്പുറത്താക്കിയിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു മാത്യു ടി. തോമസ്. പാര്‍ട്ടി പിളര്‍ത്തുകയോ വലത്തോട്ടു ചായുകയോ ചെയ്യില്ലെന്നാണ് അദ്ദേഹം പറയുന്നത്.
താനൊരു തികഞ്ഞ സോഷ്യലിസ്റ്റാണെന്നു മാത്യു ടി.തോമസ് പറയുന്നു. ഇനി എം.എല്‍.എയായി തുടരുമെന്നും പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ക്കു വേണ്ടി കടിപിടി കൂടില്ലെന്നുമാണു നിലപാട്. അതെന്തായാലും പിണറായി വിജയനു നഷ്ടമാകുന്നതു മികച്ചൊരു മന്ത്രിയെയാണ്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ തലവേദനയുണ്ടാക്കാതിരുന്ന ഒരു സഹപ്രവര്‍ത്തകനെയാണ്.
മികച്ചവകുപ്പെന്ന് ഇടതുപക്ഷത്തിനു ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന വകുപ്പിനെ നയിച്ചയാളെയാണ് നഷ്ടപ്പെടുന്നത്. വെള്ളക്കരം കൂട്ടണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും കണ്ണുമടച്ച് അതു നടപ്പിലാക്കാതെ വാട്ടര്‍ അതോറിറ്റിയെ ലാഭത്തിലെത്തിക്കാന്‍ പെടാപ്പാടുപെട്ട മന്ത്രിയായിരുന്നു അദ്ദേഹം.
തലസ്ഥാന നഗരം കുടിവെള്ളം കിട്ടാതെ ഗതികെട്ടപ്പോള്‍ അതിനു പ്രതിവിധി കണ്ടെത്തിയത് മാത്യു ടി. തോമസാണ്. തലസ്ഥാനത്തേയ്ക്കു കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ഡാം വരണ്ടുണങ്ങിയപ്പോള്‍ നിറഞ്ഞൊഴുകുന്ന നെയ്യാറില്‍ നിന്നു പൈപ്പിട്ടു വെള്ളം പമ്പ്‌ചെയ്താണു പ്രശ്‌നപരിഹാരമുണ്ടാക്കിയത്. നിര്‍ദേശിക്കുക മാത്രമല്ല കൂടെ നിന്നു നേതൃത്വം നല്‍കുകയും ചെയ്തു.
സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം മാത്യു ടി. തോമസിന്റെ രാജി ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രമാണ്. 1987 ഏപ്രില്‍ നാലിന് ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വനംവകുപ്പു മന്ത്രിയായിരുന്ന എം.പി വീരേന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനകം രാജിവച്ചൊഴിഞ്ഞ ചരിത്രമുണ്ട്. ജനതാപാര്‍ട്ടിയില്‍ പി.ആര്‍ കുറുപ്പും എന്‍.എം ജോസഫും മാത്യു.ടി തോമസും ചേര്‍ന്നു നയിച്ച കലാപത്തിന്റെ അനന്തരഫലമായിരുന്നു ആ രാജി. വീരേന്ദ്രകുമാറിനു പകരം എന്‍.എം ജോസഫ് മന്ത്രിയായി.
1996ലെ നായനാര്‍ മന്ത്രിസഭയിലുമുണ്ടായി മറ്റൊരു സോഷ്യലിസ്റ്റ് മന്ത്രിയുടെ രാജി. അന്നു പി.ആര്‍ കുറുപ്പിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ വിഭാഗം പടനയിച്ചപ്പോള്‍ ഹിതപരിശോധനയ്ക്കു ദേശീയ നേതൃത്വത്തില്‍ നിന്നു പ്രമീള ദന്തവദെ നേരിട്ടെത്തി. കുറുപ്പ് രാജിവയ്ക്കണമെന്നു പാര്‍ട്ടി നിര്‍വാഹകസമിതിയിലെ 39 പേര്‍ നിലപാടെടുത്തു. 25 പേര്‍ മാത്രമാണു കുറുപ്പിനൊപ്പം ഉണ്ടായിരുന്നത്. ഇതിനെതുടര്‍ന്നു 1999 ജനുവരി 10നു കുറുപ്പിനു രാജിവച്ചൊഴിയേണ്ടി വന്നു.
അതിനെ തുടര്‍ന്നു മന്ത്രിസ്ഥാനം കിട്ടാന്‍ മൂന്നുപേര്‍ കടിപിടി കൂടി, സി.കെ നാണുവും എ. നീലലോഹിതദാസന്‍ നാടാരും സുലൈമാന്‍ റാവുത്തരും. ആരുടെയും പക്ഷംചേരില്ലെന്ന് അന്നത്തെ സംസ്ഥാനപ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ നിലപാടെടുത്തതോടെ സി.കെ നാണു പിന്മാറി. ശക്തിപരീക്ഷണത്തില്‍ ജയം നീലനായിരുന്നു. അങ്ങനെ മൂന്നാംതവണ നീലന്‍ മന്ത്രിയായി.
നീലലോഹിതദാസ് നാടാര്‍ക്ക് അധികനാള്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞില്ല. അന്നത്തെ ഗതാഗതസെക്രട്ടറി നളിനി നെറ്റോ നല്‍കിയ ലൈംഗികപീഡന ശ്രമ ആരോപണത്തില്‍ കുരുങ്ങി നീലനു പുറത്തുപോകേണ്ടി വന്നു. തുടര്‍ന്നു നറുക്ക് വീണത് സി.കെ നാണുവിന്.
2006 ല്‍ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലുമുണ്ടായി ജനതാദള്‍ കുടുംബത്തിന് രാജി ദുര്‍ഗതി. അതു പാര്‍ട്ടിക്കുള്ളിലെ വടംവലിയായിരുന്നില്ല. 2009 മാര്‍ച്ച് 16ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ജനതാദളിനു നിഷേധിച്ചതില്‍ പാര്‍ട്ടിക്കുള്ള പ്രതിഷേധത്തിന്റെ പ്രകടനമായിരുന്നു ഗതാഗതമന്ത്രി സ്ഥാനത്തുനിന്നുള്ള മാത്യു.ടി തോമസിന്റെ രാജി. അതു പാര്‍ട്ടി നിലപാടിനോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു.
എന്നാല്‍, തൊട്ടുപിന്നാലെ വീരേന്ദ്രകുമാര്‍ വിഭാഗം മുന്നണി വിട്ടുപോകാന്‍ തീരുമാനമെടുത്തപ്പോള്‍ അംഗീകരിക്കാന്‍ മാത്യു ടി. തോമസിനു കഴിഞ്ഞില്ല. അദ്ദേഹം ജനതാദള്‍ എസിനെ നയിച്ച് ഇടതുമുന്നണിയില്‍ ഉറച്ചുനിന്നു. മാത്യു ടി. തോമസിന്റെ പിന്‍ഗാമിയായി അന്നു ജോസ് തെറ്റയില്‍ മന്ത്രിയുമായി. അന്നു പാര്‍ട്ടിയും മുന്നണിയും വിട്ട എം.പി വീരേന്ദ്രകുമാറിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ഇടതുമുന്നണിയിലെടുക്കാന്‍ കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുന്നതിനിടെയാണ് മാത്യു ടി. തോമസിനെ പടിയിറക്കിയതെന്നതു കൗതുകകരമായ കാര്യം.
എച്ച്.ഡി ദേവഗൗഡയോടും ഇടതുമുന്നണിയോടും പ്രതിസന്ധിഘട്ടത്തില്‍ പുലര്‍ത്തിയ ആ കൂറാണ് മാത്യു ടി. തോമസിന് ഇത്തവണ മന്ത്രിക്കസേരയിലെത്താന്‍ സഹായിച്ചത്. പാരമ്പര്യം കൊണ്ട് സോഷ്യലിസ്റ്റ് കുടുംബത്തില്‍ സീനിയറായ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന വാദം പിണറായി സര്‍ക്കാരിന്റെ രൂപീകരണവേളയില്‍ തന്നെ ജനതാദള്‍ എസ് സംസ്ഥാനഘടകത്തില്‍ ശക്തമായി ഉയര്‍ന്നു. വീരേന്ദ്രകുമാറിനൊപ്പം പാര്‍ട്ടിയും മുന്നണിയും മാറി അടുത്തകാലത്തു മാത്രം തിരിച്ചുവന്ന കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കുന്നതിനോട് അന്നു കേന്ദ്രനേതൃത്വം യോജിച്ചില്ല.
അന്നു മുതല്‍ സംസ്ഥാനഘടകത്തിലെ ഒരു വിഭാഗം മാത്യു ടി. തോമസിനു പിറകെ ആയുധവുമായി ഉണ്ടായിരുന്നു. അഴിമതിയോ സ്വജനപക്ഷപാതമോ സ്വഭാവദൂഷ്യമോ ഉണ്ടായിരുന്നെങ്കില്‍ അതു പുറത്തെ ശത്രുക്കള്‍ കണ്ടുപിടിക്കും മുമ്പ് അകത്തെ ശത്രുക്കള്‍ പുറത്തെത്തിക്കുമായിരുന്നു. അതിനു കിട്ടിയ ഓരോ അവസരവും സ്ഥാപിതതാല്‍പ്പര്യക്കാര്‍ വെറുതെ കളഞ്ഞില്ല. അതിന്റെ ഭാഗമായാണു മന്ത്രിയുടെ ഭാര്യക്കെതിരേ വീട്ടു ജോലിക്കാരിയെ പരാതിക്കാരിയാക്കി ഇറക്കിയത്.
അതില്‍ തനിക്കു പങ്കില്ലെന്നു കൃഷ്ണന്‍കുട്ടി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടെന്നതു മറക്കുന്നില്ല. എങ്കിലും പാര്‍ട്ടിയിലെ ശത്രുക്കളാണ് അതിനു പിന്നിലെന്നു ഇപ്പോഴും മാത്യു ടി. തോമസ് വിശ്വസിക്കുന്നു. ഇക്കാരണത്താല്‍ മറുചേരിക്കൊപ്പം കസേര പങ്കിടാന്‍പോലും മാത്യു ടി. തോമസ് സന്നദ്ധനായിരുന്നില്ല. ദേശീയനേതൃത്വത്തെ എന്നും അംഗീകരിച്ചിരുന്നു മാത്യു ടി. തോമസ്. അദ്ദേഹത്തെ ദേശീയനേതൃത്വത്തിനും വിശ്വാസമായിരുന്നു.
അത്തരമൊരവസ്ഥ അട്ടിമറിക്കാന്‍ എതിര്‍ചേരിക്കായി. ദേശീയാധ്യക്ഷന്‍ തുടര്‍ച്ചയായി രണ്ടുതവണ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിട്ടും അതില്‍ പങ്കെടുക്കാതിരുന്ന മാത്യു ടി. തോമസിന്റെ നിലപാട് ധിക്കാരമാണെന്ന് സ്ഥാപിക്കാനും ഗൗഡയെയുള്‍പ്പെടെ ബോധ്യപ്പെടുത്താനും എതിരാളികള്‍ക്കായി. അതാണു പുതിയ തീരുമാനത്തിനു കാരണം.
2009ല്‍ ഗതാഗതമന്ത്രിസ്ഥാനം ഒഴിഞ്ഞ് സാധാരണക്കാരനായി ബസ്സില്‍ യാത്ര ചെയ്ത മാത്യു ടി. തോമസ് ആ ലാളിത്യവും അഴിമതിരഹിത പ്രതിച്ഛായയും ഉയര്‍ത്തിപ്പിടിച്ചാണു വീണ്ടും മടങ്ങുന്നത്. വ്യക്തിപരമായ അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചെന്ന് അനുയായികള്‍ കരുതുന്നു. അതേസമയം, സോഷ്യലിസ്റ്റ് ചേരിയിലെ ശക്തവും ശ്രദ്ധേയവുമായ മുഖവുമായി കൃഷ്ണന്‍കുട്ടി ആ സ്ഥാനത്തേക്ക് കടന്നുവരുന്നത് വൈകിവന്ന അംഗീകാരവുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."