ചൈനക്കുവേണ്ടി ചാരപ്പണി നടത്തിയ മുന്‍ സി.ഐ.എ ചാരനെ ജയിലിലടച്ചു
വാഷിങ്ടണ്‍: യു.എസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്താന്‍ ചൈനയിലേക്കു നിയോഗിക്കപ്പെട്ടയാള്‍ ഒടുവില്‍ ചൈനയുടെ ചാരനായി മാറി. 1994 മുതല്‍ 2007 വരെ സി.ഐ.എക്കു വേണ്ടി പ്രവര്‍ത്തിച്ച ജെറി ചങ് ഷിങ് ലീയെയാണ് യു.എസ് പ്രതിരോധ രഹസ്യങ്ങള്‍ ചൈനക്കു കൈമാറിയതിന് 2018ല്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ചൈനയുടെ ചാരനായി മാറിയതായി പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. കോടതി പ്രതിയെ 19 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.
2010ല്‍ ഹോങ്കോങ്ങിലേക്ക് നിയോഗിക്കപ്പെട്ട ജെറി ലീ സി.ഐ.എയുടെ വിലപ്പെട്ട വിവരങ്ങള്‍ കൈമാറി ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും പ്രതിഫലം പറ്റുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 55കാരനായ ലീക്കെതിരേ വിദേശരാജ്യത്തിന് പ്രതിരോധരഹസ്യങ്ങള്‍ കൈമാറിയതിന് ഗൂഡാലോചനാകുറ്റം ചുമത്തി.
എന്നാല്‍ ചാരപ്രവര്‍ത്തനത്തിനിടെ നിരവധി സി.ഐ.എ ചാരന്മാര്‍ ചൈനയില്‍ കൊല്ലപ്പെടുകയും ആറുപേര്‍ ജയിലിലാവുകയും ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലീ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന പേരിലാണ് ചൈനയിലും മറ്റു രാജ്യങ്ങളിലും സി.ഐ.എക്കു വേണ്ടി ജോലി ചെയ്തത്. 2012ലാണ് പിടിയിലായത്. ചൈനീസ് ചാരന്മാര്‍ക്ക് വിവരങ്ങള്‍ കൈമാറിയതിന് ലക്ഷക്കണക്കിന് ഡോളര്‍ ലീക്ക് പ്രതിഫലമായി ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ ചൈനക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന് സമ്മതിക്കുന്ന മൂന്നാമത്തെ യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് ലീ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."