തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി വാഗ്ദാനം; ടി.ടി.വി ദിനകരനെതിരേ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം
ന്യൂഡല്‍ഹി: അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരനെതിരേ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനു കൈക്കൂലി വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസില്‍ വിചാരണയ്ക്ക് ഹാജരാകാനും ഡല്‍ഹി പ്രത്യേക കോടതി ജഡ്ജ് അരുണ്‍ ഭരദ്വാജ് ഉത്തരവിട്ടു.
ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, അഴിമതി നിരോധന നിയമം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദിനകരനെതിരേ നടപടിക്കു കോടതി ഉത്തരവിട്ടത്. ഈ മാസം 17നു കേസില്‍ വിചാരണ തുടങ്ങും.
അണ്ണാ ഡി.എം.കെയില്‍നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച ദിനകരനെ കൈക്കൂലിക്കേസില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു.
അണ്ണാ ഡി.എം.കെയുടെ ചിഹ്നമായ രണ്ടില ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനു കൈക്കൂലി നല്‍കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേഷ് ചന്ദ്രശേഖര്‍ വിചാരണാ തടവുകാരനായി ജയിലിലാണ്. കേസില്‍ ഇരുവര്‍ക്കും പുറമേ, ടി.പി മല്ലികാര്‍ജുന്‍, ബി. കുമാര്‍ എന്നിവരും പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."