ശ്രീചിത്രയിലെ ചികിത്സാ സൗകര്യം വെട്ടിക്കുറച്ചു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ചികിത്സാ സൗജന്യം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ ശ്രീചിത്രയ്ക്കുള്ളില്‍ കയറി പ്രതിഷേധിച്ചു. അശാസ്ത്രീയ മാറ്റത്തിനെതിരെ ജീവനക്കാരും പ്രതിഷേധത്തിലാണ്.
ഹൃദയം, മസ്തിഷ്‌കം, നാഡീ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് രാജ്യത്തെ ഏറ്റവും മികച്ച റഫറല്‍ ആശുപത്രിയായ തിരുവനന്തപുരം ശ്രീചിത്രയില്‍ കൈയില്‍ പണമുള്ളവന് മാത്രം ചികിത്സ നല്‍കിയാല്‍ മതിയെന്നാണ് ഗവേണിങ് ബോഡി തീരുമാനിച്ചത്.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കും ചികിത്സ ഇളവു ലഭിക്കാത്ത വിധമുള്ള കര്‍ശന ഉപാധികളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇനി ബി.പി.എല്‍ ഗണത്തില്‍ ചികിത്സ ലഭിക്കണമെങ്കില്‍ ഗവേണിങ് ബോഡിയുടെ ഒമ്പതു മാനദണ്ഡങ്ങളില്‍ ഏഴെണ്ണമെങ്കിലും പാലിക്കണം.
നിലവില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ പൂര്‍ണമായും സൗജന്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ 21ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ബി.പി.എല്‍ വിഭാഗക്കാരെ എ,ബി എന്നീ രണ്ട് വിഭാഗങ്ങളായി തരം തിരിക്കുന്നു. ബി.പി.എല്‍ കാര്‍ഡ് ഹാജരാക്കി അഭിമുഖങ്ങളില്‍ പങ്കെടുത്ത് ഗവേണിങ്ങ് ബോഡി തീരുമാനിച്ചാലേ ഇളവു ലഭിക്കുന്ന കാറ്റഗറിയില്‍ പെടൂ. റേഷന്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാതിരിക്കുന്നവര്‍ എത്ര പാവപ്പെട്ടവരായാലും ചികിത്സാ ചെലവില്‍ ഇളവുണ്ടാവില്ല.
രജിസ്ട്രേഷന്‍ ഫീസും ചികിത്സാ ഫീസും നാളെ മുതല്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. 250 രൂപയായിരുന്ന രജിസ്ട്രേഷന്‍ ഫീസ് നാളെ മുതല്‍ 750 രൂപയാക്കി. റിവ്യൂ ചാര്‍ജ് 150 രൂപയില്‍ നിന്ന് 500 രൂപയാക്കി. മറ്റു ചികിത്സാ ഫീസും മെഡിക്കല്‍ പരിശോധനാ ഫീസും ഇരട്ടിയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."