പ്രതികളെ കുടുക്കിയത് അന്വേഷണ മികവ്
തളിപ്പറമ്പ്: പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദിവസങ്ങള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് പൊലിസ് വീണ്ടും അന്വേഷണ മികവ് തെളിയിച്ചു. കണ്ണൂര്‍ വനിതാസെല്‍ സി.ഐ കമലാക്ഷിക്ക് ലഭിച്ച പരാതി സംഭവം നടന്നത് പറശ്ശിനിക്കടവ് ആയതിനാല്‍ തളിപ്പറമ്പിലേക്കു സ്‌റ്റേഷനിലേക്കു നല്‍കുകയായിരുന്നു. പരാതി അനുസരിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന് തോന്നിയ സംശയവും തുടര്‍ന്ന് സമര്‍ഥമായി നടന്ന അന്വേഷണവുമാണ് പീഡനക്കഥകള്‍ പുറത്തുകൊണ്ടുവന്നത്. മൊഴിയില്‍ സംശയം തോന്നിയ ഡിവൈ.എസ്.പി പെണ്‍കുട്ടിയെയും അമ്മയെയും സഹോദരനെയും മാറിമാറി ചോദ്യംചെയ്തു. പറശ്ശിനിക്കടവ് ലോഡ്ജില്‍ വച്ച് മൂന്നുപേര്‍ പീഡിപ്പിച്ചുവെന്നുമാത്രം പറഞ്ഞ പെണ്‍കുട്ടി 16 സ്ഥലങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി നിരവധിപേര്‍ പീഡിപ്പിച്ചതായി സമ്മതിച്ചു. കേസിലെ പ്രധാനപ്രതി സന്ദീപ് പെണ്‍കുട്ടിയുടെ സഹോദരനെ ഭീഷണിപ്പെടുത്തിയതാണു പീഡനവിവരം പുറത്തറിയാന്‍ കാരണം.
സഹോദരിയുടെ അശ്ലീല വിഡിയോ തന്റെ കൈവശമുണ്ടെന്നും 50,000 രൂപ നല്‍കിയില്ലെങ്കില്‍ പ്രചരിപ്പിക്കുമെന്നും നിരന്തരം ഭീഷണി മുഴക്കിയതോടെ സഹോദരന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും അവിടെ വച്ച് സന്ദീപുമായി വാക്കേറ്റമുണ്ടാവുകയും സന്ദീപും സഹായികളായ രണ്ടുപേരും ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം വീട്ടിലെത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ പീഡനത്തെ കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്നാണ് കണ്ണൂര്‍ വനിതാസെല്ലില്‍ പരാതി നല്‍കിയത്. പ്രമാദമായ നിരവധി കേസുകള്‍ തെളിയിച്ച ഡിവൈ.എസ്.പി വേണുഗോപാലിന്റെ ജാഗ്രതയാണ് പതിനാറുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ മുഴുവന്‍ വളരെപെട്ടന്നു തന്നെ കണ്ടെത്തുന്നതിനു സഹായകരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."