വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലിസ് റിപ്പോര്‍ട്ട്
വയനാട്: ബത്തേരി സര്‍വജ സ്കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലിസ്. അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണ ചുമതലയിലുള്ള മാനന്തവാടി എ.എസ്.പി വൈഭവ് സക്സേന അധ്യാപകരുടെ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പിച്ചത്.
കേസില്‍ പ്രതികളായ അധ്യാപകരുടെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും ജാമ്യാപേക്ഷ നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് പൊലിസ് റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കുന്നത്. അധ്യാപകരായ കെ.വി ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ മോഹന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായത് ധാര്‍മികമായ വീഴ്ചയാണോ അതോ കുറ്റകരമായ വീഴ്ചയാണോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ എങ്ങനെ കേസ് ശാസ്ത്രീയമായി തെളിയിക്കാനാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം ഹരജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ അധ്യാപകരെയോ ഡോക്ടറെയോ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."