ബേപ്പൂര്‍ തുറമുഖം-മലാപറമ്പ് മേല്‍പ്പാത: സാധ്യതാ പഠനത്തിന് കേന്ദ്രമന്ത്രിയുടെ നിര്‍ദേശം
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ മലാപറമ്പുമായി നാലുവരി പാതയും എലിവേറ്റഡ് ഹൈവേയും വഴി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ഉപരിതല റോഡ് വികസന മന്ത്രി നിതിന്‍ ഗഡ്കരി എം.കെ രാഘവന്‍ എം.പിയെ അറിയിച്ചു.
റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ബേപ്പൂര്‍ തുറമുഖം മുതല്‍ കോഴിക്കോട് സൗത്ത് ബീച്ച് വരെ 13.4 കിലോമീറ്റര്‍ നാലുവരി പാതയും സൗത്ത് ബീച്ച് മുതല്‍ എരഞ്ഞിപ്പാലം വരെ 2.9 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയും എരഞ്ഞിപ്പാലം മുതല്‍ മലാപറമ്പ് ജങ്ഷന്‍ വരെ 2.1 കിലോമീറ്റര്‍ നാലുവരി പാതയുമാണ് ലക്ഷ്യമിടുന്നത്.
ബേപ്പൂരില്‍ നിന്ന് ഗോതീശ്വരം, മാറാട്, പയ്യാനക്കല്‍, കോതിപ്പാലം വഴി നാലുവരി പാത സൗത്ത് ബീച്ചിലെത്തും. അവിടെനിന്നാരംഭിക്കുന്ന എലിവേറ്റഡ് ഹൈവേ പണിക്കര്‍ റോഡ്, വെള്ളയില്‍, നടക്കാവ്, മനോരമ ജങ്ഷന്‍, ഈസ്റ്റ് നടക്കാവ് വഴി എരഞ്ഞിപ്പാലത്ത് ദേശീയപാത 212ല്‍ എത്തുന്ന രീതിയിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
ഈ ആവശ്യം ഉന്നയിച്ച് എം.കെ രാഘവന്‍ എം.പി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇത്തരമൊരു പദ്ധതി വരുന്നത് ഏറെ സഹായകരമാകുമെന്ന് എം.പി മന്ത്രിയെ ധരിപ്പിച്ചു. കര്‍ണാടകവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766ഉം ഗോവ, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 66ഉം സംയോജിക്കുന്നത് മലാപറമ്പ് ജങ്ഷനിലാണ്. ഇവിടവുമായി ബേപ്പൂര്‍ തുറമുഖത്തെ മേല്‍പ്പാലം വഴി ബന്ധിപ്പിച്ചാല്‍ ഗതാഗതകുരുക്കിന് വലിയൊരളവുവരെ പരിഹാരം കാണാനാകും.
തെക്കു പടിഞ്ഞാറന്‍ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായ ബേപ്പൂര്‍ തുറമുഖം പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ കാര്‍ഗോയാണ് കൈകാര്യം ചെയ്യുന്നത്. 7500 യാത്രക്കാരും തുറമുഖത്തെ ആശ്രയിക്കുന്നുണ്ട്. വാണിജ്യ നഗരം എന്നതിനൊപ്പം ഐ.ഐ.എം, ഐ.ഐ.ടി, എന്‍.ഐ.ടി, മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ച് തുടങ്ങിയ നിരവധി സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ എം.കെ രാഘവന്‍ എം.പി ചൂണ്ടിക്കാട്ടി.
വളര്‍ച്ചയുടെ വേഗതയ്ക്കനുസരിച്ച് കോഴിക്കോടിന്റെ ഗതാതഗ സംവിധാനത്തില്‍ മാറ്റം വരണമെന്നത് നീണ്ടകാലമായുള്ള സ്വപ്നമാണെന്നും അതുകൊണ്ടുതന്നെ 18.4 കിലോമീറ്റര്‍ വരുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിതിന്‍ ഗഡ്കരി ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."