പൗരത്വ സംരക്ഷണ സമ്മേളനം ചരിത്രമാകും, വന്‍ വിജയമാക്കാന്‍ സമസ്ത നേതാക്കളുടെ ആഹ്വാനം, വെള്ളിയാഴ്ച പള്ളികളില്‍ ഉദ്‌ബോധനം; നാടൊട്ടുക്ക് വിളംബര ജാഥകള്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൗരത്വ സംരക്ഷണ സമ്മേളനം ചരിത്രമാകും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭരണഘടന നല്‍കുന്ന മൗലികാവശങ്ങളെ നിഷേധിച്ച് കേന്ദ്രസര്‍ക്കാറിന്റെ വിവേചനത്തിനെതിരേയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറും.
മുസ്‌ലിംകളും ഇന്ത്യന്‍ പൗരന്മാരാണെന്നും ഫാസിസ്റ്റുകള്‍ക്ക് അവരെ ഒറ്റപ്പെടുത്തി വേട്ടയാടാനാവില്ലെന്നുമുള്ള മുന്നറിയിപ്പ് നല്‍കുന്നതായിരിക്കും പ്രതിഷേധ റാലി.
പൗരത്വ സംരക്ഷണ സമ്മേളനം വന്‍ വിജയമാക്കണമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന.സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടിമുസ്‌ലിയാരും ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച പള്ളികളില്‍ ഇതു സംബന്ധിച്ച ഉദ്‌ബോധനം നടത്താനും വിളംബരജാഥകള്‍ സംഘടിപ്പിക്കാനും ഖത്തീബുമാരോടും മഹല്ല് ഭാരവാഹികളോടും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
ശനിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഉച്ച മുതല്‍ കടപ്പുറത്തേക്ക് ഒഴുകിയെത്തും. കോഴിക്കോട് സമീപകാലം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ പ്രതിഷേധ സംഗമത്തിനായിരിക്കും കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിക്കുക.
സമസ്തയുടെ സമുന്നത നേതാക്കള്‍ക്കൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും എം.പിമാരും സംബന്ധിക്കും. വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്തകേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാവും.
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിഷേധ സംഗമത്തിന്റെ ഒരുക്കങ്ങള്‍ സംഘാടക സമിതി ചര്‍ച്ച ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ഉമര്‍ഫൈസി മുക്കം, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, യു.ഷാഫി ഹാജി പങ്കെടുത്തു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."