സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം; സംസ്ഥാനത്ത് മദ്യകുംഭകോണമെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം. വിദേശനിര്‍മിത വിദേശമദ്യം വില്‍ക്കാനുളള അനുമതിക്കു പിന്നില്‍ അഴിമതിയുണ്ടെന്നു മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിച്ചു. മന്ത്രിസഭ തീരുമാനിക്കാതെയാണ് അനുമതി നല്‍കിയത്.
ബ്രൂവെറിയ്ക്കു ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശനിര്‍മിത മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ട്ലെറ്റുകള് വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്തെ മദ്യമാഫിയയെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കളളക്കളി നടത്തി. വിദേശകമ്പനികളുമായി രഹസ്യ ഇടപാടു നടന്നിട്ടുണ്ട്. എത്രകോടിയുടേതാണ് ഈ ഇടപാടെന്ന് പുറത്തുവരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നേരത്തേ ബിവറേജസ് കോര്പറേഷന് ഔട്ട്ലറ്റ് വഴി വിദേശനിര്‍മിത വിദേശ മദ്യവും വൈനും വില്ക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി വില്പന ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും മദ്യവില്പനയ്ക്ക് അനുമതി നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."