കാരക്കാട് സ്റ്റേഷനിലെ റോഡ് മണ്‍പാതയായി തുടരുന്നു
പട്ടാമ്പി: ഫണ്ട് അനുവദിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും റെയില്‍വേയുടെ അനുമതി ലഭിക്കാത്തതിനാല്‍ കാരക്കാട് റെയില്‍വേ സ്റ്റേഷന്‍ റോഡ് മണ്‍പാതയായി തുടരുന്നു. റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കാന്‍ 2016-17 വര്‍ഷം 15 ലക്ഷം രൂപ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അനുവദിച്ചിരുന്നു.
എന്നാല്‍ റെയില്‍വേ അധികൃതര്‍ അതിനിനിയും പച്ചക്കൊടി കാണിച്ചിട്ടില്ല. റെയില്‍വേ നിര്‍ദേശിച്ചതനുസരിച്ച് ജില്ലാ പഞ്ചായത്ത് എക്്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വഴി റെയില്‍വേ വര്‍ക്ക് ഡിവിഷന്‍ അധികാരികള്‍ക്ക് അപേക്ഷ നല്‍കി മൂന്നുമാസം കഴിഞ്ഞു. എന്നിട്ടും റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ അനുമതി നല്‍കാത്ത സ്ഥിതിയാണ്.
ഓങ്ങല്ലൂര്‍-ചേരിക്കല്ല്-വാടാനാംകുറിശ്ശി റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ഇതില്‍ 275 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാനും കുറച്ചുസ്ഥലം പാര്‍ശ്വഭിത്തി കെട്ടാനുമായിട്ടാണ് പ്രാദേശിക വികസന ഫണ്ടില്‍ തുക അനുവദിച്ചത്. റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ മാനേജരും റെയില്‍വേ മാനേജരും ഇതിന് അനുമതി നല്‍കാമെന്ന് എം.എല്‍.എ മുഹമ്മദ് മുഹ്‌സിനോട് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, അവരെല്ലാം സ്ഥലംമാറി പോകുകയും അതിനെ തുടര്‍ന്ന് എം.എല്‍.എ അനുമതിക്കായി റെയില്‍വേക്ക് അപേക്ഷ നല്‍കുകയും ചെയ്തു.
റെയില്‍വേ നിര്‍മാണം ഏറ്റെടുത്ത് ചെയ്യുകയോ തദ്ദേശ സ്വയംഭരണ വകുപ്പുവഴി ചെയ്യുമെന്നായിരുന്നു എം.എല്‍.എയുടെ നിലപാട്. എന്നാല്‍ റെയില്‍വേ അറിയിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനംവഴി അപേക്ഷിക്കാനാണ്. അതുപ്രകാരം ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വഴി അപേക്ഷ നല്‍കുകയും ചെയ്തു. ഇതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ല.
ഇപ്പോള്‍ ഓങ്ങല്ലൂര്‍ ചേരിക്കല്ല്-വാടാനാംകുറിശ്ശി റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുകയാണ്. ഈ റോഡിനെ കുട്ടിയിണക്കുന്നതും വലിയ ബസുകള്‍ക്ക് പോകാന്‍ പറ്റുന്നതും, റെയില്‍വേ യാത്രക്കാര്‍ക്കും റെയില്‍വേ ലൈനിന് തെക്കുഭാഗത്തെ പ്രദേശവാസികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന മണ്‍പാതറോഡ് കോണ്‍ക്രീറ്റ് ചെയ്യാനുള്ള അനുമതി റയില്‍വെ അടിയന്തിരമായി നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."