ഭേദഗതിക്കൊരു ഭേദഗതി ആവശ്യമാണ്
പൗരത്വ നിയമ ഭേദഗതി അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ മതേതരവാസികള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയും അല്ലാതെയും പ്രതിഷേധങ്ങളുമായി മുന്നോട്ടുവരികയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള ദേശീയ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ കൂടാതെ രാമചന്ദ്ര ഗുഹയെപ്പോലുള്ള എഴുത്തുകാരും ദിക്കുകളുടെ വ്യത്യാസമില്ലാതെ ഇന്ത്യയിലെ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും തെരുവിലിറങ്ങിയതോടെ 2019ല്‍ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രതിഷേധമായി മാറുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരങ്ങള്‍. അതായത് ഇന്ത്യന്‍ ജനപ്രതിനിധി സഭയായ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതി ജനങ്ങള്‍ തള്ളിക്കളയുന്നു എന്നര്‍ഥം.
ജനങ്ങള്‍ക്കു വേണ്ടി നിയമം നിര്‍മിക്കാന്‍ വേണ്ടിയാണ് ജനപ്രതിനിധികള്‍ക്കും ജനപ്രതിനിധി സഭയ്ക്കും (പാര്‍ലമെന്റിനും) രൂപം നല്‍കിയിട്ടുള്ളത്. ഭരണഘടനാപരമായി അതു രൂപപ്പെടുത്തുമ്പോള്‍ തന്നെ അത് എങ്ങനെ പ്രവര്‍ത്തിക്കണമെന്നുകൂടി ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ അനന്തരഫലമായാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടിട്ടുള്ളത്. അതിനാല്‍ രാജ്യം ഒരിക്കല്‍കൂടി ഏകാധിപത്യത്തിലേക്ക് പോകരുതെന്ന് ഭരണഘടനാ നിര്‍മാണ സമിതിക്ക് നിഷ്‌കര്‍ഷയുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഭരണഘടനാ ഭേദഗതിക്ക് കൃത്യമായ വകുപ്പുകളും നടപടി ക്രമങ്ങളും നിശ്ചയിച്ചത്. ഭരണഘടന കൂടെക്കൂടെ മാറ്റാന്‍ പറ്റില്ല. പക്ഷേ ഭരണഘടനയിലെ പ്രൊവിഷനുകള്‍ കാലത്തിനനുസരിച്ച് മാറ്റേണ്ടതാണെങ്കില്‍ അതു മാറേണ്ടതുണ്ട് എന്നാണു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനാണ് അധികാരം നല്‍കിയിട്ടുള്ളത്. ഭരണഘടന പ്രകാരം ഇന്ത്യന്‍ ഭരണഘടന മൂന്ന് തരത്തില്‍ ഭേദഗതി ചെയ്യാം. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തില്‍ ഭേദഗതി ചെയ്യാവുന്നവ, പാര്‍ലമെന്റില്‍ 2/3 ഭൂരിപക്ഷത്തില്‍ ഭേദഗതി ചെയ്യാവുന്നവ (ആര്‍ട്ടിക്കിള്‍ 368), പാര്‍ലമെന്റിലെ 2/3 ഭൂരിപക്ഷത്തോടൊപ്പം പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണയിലൂടെ പാസാക്കുന്നവ (ആര്‍ട്ടിക്കിള്‍ 368) എന്നിവയാണിത്. ഇതില്‍ ആദ്യത്തെത് സാധാ നിയമങ്ങള്‍ നിര്‍മിക്കുന്നതിനു തുല്യമായ രീതിയിലാണ്. അതുകൊണ്ട് ആര്‍ട്ടിക്കിള്‍ 368ന്റെ പരിധിയില്‍ വരുന്നില്ല. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവുമായി ബന്ധപ്പെട്ടതിലാണ് സംസ്ഥാനങ്ങളുടെ കൂടി പിന്തുണ ആവശ്യമായുള്ളത്. ഭരിക്കുന്നവരുടെ താല്‍പര്യങ്ങളല്ല, മറിച്ച് ഭരിക്കപ്പെടുന്നവരുടെ താല്‍പര്യങ്ങളാണ് നിയമങ്ങളിലും ഭരണഘടനാ ഭേദഗതികളിലും പ്രതിഫലിക്കേണ്ടത്. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ പാര്‍ല്ലമെന്റിലെ ഭൂരിപക്ഷത്തിന്റെ പുറത്ത് ഭരണഘടനയുടെ സത്തയെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഭരണകൂടം പെരുമാറുകയാണിവിടെ. ഇതിന്റെ ഏറ്റവും അടുത്തു നടന്ന ഉദാഹരണമാണ് പൗരത്വ നിയമ ഭേദഗതി.
ഭരണഘടനയിലെ തുല്യത എന്ന ആശയത്തിനു വിരുദ്ധമായി ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ് ഈ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് അവര്‍ക്കെതിരേയുള്ള രോഷം ഇല്ലാതാക്കാന്‍ കഴ്‌സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ച അതേ തന്ത്രമാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജനരോഷം ഇല്ലാതാക്കാന്‍ പൗരത്വ നിയ ഭേദഗതിയിലൂടെയും ജമ്മു കശ്മിരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെയും അമിത് ഷായും നരേന്ദ്ര മോദിയും ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കഴ്‌സണ്‍ പ്രഭുവെന്ന് വേണമെങ്കില്‍ അമിത് ഷായെ വിശേഷിപ്പിക്കാം.
ഭൂരിപക്ഷം ചെയ്യുന്നതെന്തും ശരിയാകണമെന്നില്ല. അതിന് ഉദാഹരണമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളും പൗരത്വ നിയമ ഭേദഗതിയുമെല്ലാം. ഇതിനെല്ലാം അധികാരികളെ പ്രേരിപ്പിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിന് ഭരണഘടന നല്‍കുന്ന ഭേദഗതിയുമായി ബന്ധപ്പെട്ട സവിശേഷ അധികാരങ്ങളാണ്. പൗരത്വ നിയമ ഭേദഗതി നോക്കുക; ലോക്‌സഭയിലും ( 541 അംഗ സഭയില്‍ 311 പേര്‍ അനുകൂലിച്ചു, 80 പേര്‍ എതിര്‍ത്തു.) രാജ്യസഭയിലും ( 240 അംഗ സഭയില്‍ 125 പേര്‍ അനുകൂലിച്ചു, 105 പേര്‍ എതിര്‍ത്തു ) നിസാര വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാസായി. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേരളം, ബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളും എല്ലാ സംസ്ഥാനത്തെയും ഭൂരിഭാഗം ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് വിഭജിച്ചപ്പോള്‍ അവിടെയുള്ള നിയമസഭാ സാമാജികരോട് അഭിപ്രായം തേടിയില്ലെന്നു മാത്രമല്ല, അവിടെയുള്ള നേതാക്കളെയെല്ലാം തടവിലാക്കുക കൂടിയാണ് ചെയ്തത്.
ഇന്ത്യയെപ്പോലുള്ള ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന അമേരിക്കയിലൊ സ്വിറ്റ്‌സര്‍ലന്‍ഡിലോ വന്നുകഴിഞ്ഞാല്‍ ദേശീയ നിയമനിര്‍മാണ സഭയ്ക്ക് ഏകപക്ഷീയമായ രീതിയില്‍ ഭരണഘടനാ ഭേദഗതി സാധ്യമല്ല. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ബില്ല് അമേരിക്കയില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളും 2/3 ഭൂരിപക്ഷത്തില്‍ പാസാക്കി 3/4 സംസ്ഥാനങ്ങള്‍ (38/50) അംഗീകരിക്കുകയും ചെയ്യണം. അതുമല്ലെങ്കില്‍ 2/3 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് അധികാരമുള്ളൂ. സ്വിറ്റ്‌സര്‍ലന്‍ഡിലാണെങ്കില്‍ ഫെഡറല്‍ അസംബ്ലി കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതികള്‍ നിര്‍ബന്ധമായും ജനഹിത പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. എന്തിന്, ഫെഡറല്‍ അസംബ്ലി പാസാക്കുന്ന നിയമങ്ങള്‍ നിശ്ചിത ശതമാനം പേര്‍ ആവശ്യപ്പെട്ടാല്‍ ജനഹിത പരിശോധന നടത്തിയതിനു ശേഷനേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യയിലാണെങ്കില്‍ പൗരത്വം, സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടത് തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ലമെന്റില്‍ 2/3 ഭൂരിപക്ഷം പോലുമില്ലാതെ കേവല ഭൂരിപക്ഷത്തില്‍ തന്നെ മാറ്റാം എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയെ പോലെ വലിയ ജനസംഖ്യയും വൈവിധ്യവുമുള്ള രാജ്യത്ത് ജനഹിത പരിശോധനയൊക്കെ സാധ്യമാകാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അതുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെയും മറ്റും ചോദ്യംചെയ്യുന്ന പൗരത്വം പോലുള്ള നിരവധി വിഷയങ്ങളില്‍ മാറ്റം വരുത്താന്‍ കേവല ഭൂരിപക്ഷത്തിനു പകരം പാര്‍ലമെന്റിന്റെ ഇരുസഭകളിലും 2/3 ഭൂരിപക്ഷത്തോടൊപ്പം പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണ വേണം എന്ന രീതിയില്‍ പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നു. അത്തരം വിഷയങ്ങള്‍ ഏതെന്നു വിലയിരുത്തി അത്തരം കാര്യങ്ങളില്‍ പാര്‍ലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തണം.
പണ്ട് ആഭ്യന്തര പ്രശ്‌നം പറഞ്ഞ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കി. ആര്‍ട്ടിക്കിള്‍ 352ല്‍ പറയുന്ന യുദ്ധം, വിദേശാക്രമണം, ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം എന്ന ക്ലോസ് എടുത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്നു വന്ന മൊറാര്‍ജി സര്‍ക്കാര്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് മറ്റൊരു ഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. അതുപോലെ വരുംസര്‍ക്കാരുകള്‍ എങ്കിലും പാര്‍ലമെന്റ് കേവല ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ കാണിക്കുന്ന അധികാര ദുര്‍വിനിയോഗത്തിന് മാറ്റം വരുത്തിയില്ലെങ്കില്‍ ഏകാധിപതികള്‍ ഇനിയുമുണ്ടായിക്കൊണ്ടിരിക്കും. ഇന്ത്യയെന്ന വൈവിധ്യം ഒരു കെട്ടുകഥയായി മാറും, ഭാവിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."