ആറളത്തെ വിറപ്പിച്ച കാട്ടാനക്കൂട്ടത്തെ തുരത്തി
ഇരിട്ടി: ആറുദിവസം രാപകല്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആറളം ഫാമില്‍ തമ്പടിച്ച മുഴുവന്‍ കാട്ടാനകളെയും വനപാലകര്‍ തുരത്തി. പതിനഞ്ചോളം ആനകളെന്നായിരുന്നു നിഗമനമെങ്കിലും അതു പതിനേഴായി ഉയര്‍ന്നു. മുഴുവന്‍ ആനകളെയും ഇന്നലെ ഉച്ചയോടെ വനപാലക സംഘം കാട്ടിലേക്ക് തുരത്തി.
ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ ഒരു മാസത്തിനകം രണ്ടു ആദിവാസികള്‍ കാട്ടാനയുടെ അക്രമത്തില്‍ മരിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഫാമില്‍ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ തുരത്തി കാട്ടിലേക്ക് വിടാന്‍ തീരുമാനമായത്. ഇതിനാവശ്യമായ വനം വകുപ്പിന്റെ ദ്രുതകര്‍മസേനയെയും വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിക്കുകയായിരുന്നു. 13ന് പുലര്‍ച്ചയോടെയാണ് വനം വകുപ്പ് ദൗത്യം ആരംഭിച്ചത്. സി.സി.എഫ് കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വയനാട്-പാലക്കാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ ആര്‍.ആര്‍.ടി അംഗങ്ങളടക്കം 150 ലേറെ പേര്‍ ദൗത്യത്തില്‍ പങ്കെടുത്തു. ഡ്രോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ ഉച്ചയോടെ പത്തോളം ആനകളെ വിവിധ ബ്ലോക്കുകളിലായി കണ്ടെത്തി. സാഹസികമായ ശ്രമത്തിലൂടെ ഒന്‍പത് ആനകളെ അന്ന് രാത്രിയും പിറ്റേന്ന് പുലര്‍ച്ചയിലുമായി വനത്തിലേക്ക് തുരത്തി. ശേഷിക്കുന്നവയെ കാടുകയറ്റാന്‍ രണ്ടുദിവസങ്ങളിലും നടത്തിയ ശ്രമം പരാജയപ്പെട്ടെങ്കിലും അടുത്ത ദിവസം രണ്ടെണ്ണത്തെയും ഇന്നലെ ഉച്ചയോടെ മോഴ ആനയടക്കം അഞ്ചെണ്ണത്തെകൂടി കാട്ടിലേക്ക് കയറ്റിവിടാന്‍ വനപാലകര്‍ക്കായി. ഇതോടെ ഫാമില്‍ കാലങ്ങളായി തമ്പടിച്ചു കിടന്ന മുഴുവന്‍ ആനകളെയും കാട്ടിലേക്ക് കടത്തിവിടാന്‍ സാധിച്ചതായി ആറളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.വി ജയപ്രകാശ്, വി. ഹരിദാസന്‍ എന്നിവര്‍ പറഞ്ഞു.
ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി അനൂപ് കുമാര്‍, പി. ബിനു, കെ.വി. ആനന്ദന്‍, സുനില്‍ കുമാര്‍, ജയേഷ്, ഷാജി, ജിജില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."