പി.എസ്.സിയുടെ വംശീയ വിദ്വേഷം
നിയമനങ്ങളെല്ലാം പി.എസ്.സിക്കു വിടണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കിലും പറഞ്ഞുവരുമ്പോള്‍ അതത്ര മുന്തിയ സംവിധാനമൊന്നുമല്ല. സാധാരണ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്കുള്ള കുഴപ്പങ്ങളൊക്കെ അതിനുമുണ്ട്. കൊള്ളരുതായ്മ ധാരാളമുണ്ട്. നടക്കേണ്ടതൊന്നും അവിടെ സമയത്തിനു നടക്കാറില്ല. വെള്ളാനത്തരം ആവശ്യത്തിലേറെയുണ്ട്. അതെല്ലാം സഹിക്കാമെന്നു കരുതിയാലും വച്ചുപൊറുപ്പിക്കാനാവാത്ത മറ്റൊരു തകരാറുണ്ട്, വംശീയ വിദ്വേഷം.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ ചുമതലകള്‍ സംബന്ധിച്ച ബില്‍ ചര്‍ച്ചയ്ക്കു വന്നപ്പോഴാണു പി.എസ്.സിയുടെ തകരാറുകളുടെ കെട്ടഴിഞ്ഞത്. ബില്ലിനു നിരാകരണപ്രമേയം അവതരിപ്പിച്ച പി.ടി തോമസ് തന്നെ അതു തുടങ്ങിവച്ചു. ചെയ്യാന്‍ പോകുന്ന ജോലിയുമായോ നമ്മുടെ രാജ്യവുമായോ ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണു പി.എസ്.സി പരീക്ഷയ്ക്കു ചോദിക്കുന്നത്. ആല്‍പ്‌സ് പര്‍വതനിരയുടെ ഉയരവും വീതിയുമൊക്കെയാണു ചോദ്യത്തില്‍. നിയമന നടപടികളൊന്നും സമയത്തിനു നീങ്ങാറില്ല. എന്നൊക്കെ പറഞ്ഞു തോമസ് തുടങ്ങിവച്ചതു ബി.ടി ബല്‍റാം ഏറ്റെടുത്തു.
കേരള പി.എസ്.സിയില്‍ ഇപ്പോള്‍ 26 അംഗങ്ങളുണ്ട്. കേരള മന്ത്രിസഭയില്‍ പരമാവധി ഉണ്ടാകുന്നതു 21 അംഗങ്ങളാണ്. രാജ്യത്തെ മൊത്തം നിയമനം നോക്കുന്ന യു.പി.എസ്.സിയില്‍ അംഗങ്ങള്‍ ഒന്‍പതാണ്. ഇത്ര വലിയൊരു ജംബോ ഭരണസമിതിയുണ്ടായിട്ടും കാര്യങ്ങള്‍ സമയത്തിനു നടക്കുന്നില്ല.
ചോദ്യങ്ങളിലെ അസംബന്ധങ്ങള്‍ വംശീയവിദ്വേഷത്തില്‍ വരെ എത്തുന്നു. ഈയിടെ നടന്ന ഒരു പരീക്ഷയില്‍ സുഡാനിലെ കറുത്തവര്‍ഗക്കാരെ നമ്മള്‍ എന്തു വിളിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങളായി ചേര്‍ത്തിരിക്കുന്നത് നീഗ്രോ, കാപ്പിരി എന്നൊക്കെയാണ്. സുഡാനിലുള്ളവരെ പരിഷ്‌കൃതസമൂഹം വിളിക്കേണ്ടതു സുഡാനി ജനത എന്നാണ്. എന്നാല്‍ അതു ചോദ്യങ്ങളുടെ കൂട്ടത്തിലില്ലെന്നു ബല്‍റാം.
പറഞ്ഞ കാര്യങ്ങളിലൊന്നും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഭരണപക്ഷ അംഗങ്ങള്‍ക്കു വിയോജിപ്പില്ലെങ്കിലും ഇക്കാര്യത്തില്‍ എന്തുചെയ്യുമെന്നാണ് അവരുടെ ചോദ്യം. പി.എസ്.സിക്ക് അംഗങ്ങളെ തീരുമാനിക്കുന്നതും സൗകര്യങ്ങളൊരുക്കുന്നതും സംസ്ഥാനസര്‍ക്കാരാണെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നിയമപരമായ പരിമിതികളുണ്ടെന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ പി.എസ്.സിക്കു മുകളിലല്ലെന്നും അതിനു സ്വയംഭരണാധികാരമാണുള്ളതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും.
ലക്ഷ്യം മദ്യവിപണനത്തിനു കൂടുതല്‍ സൗകര്യമൊരുക്കല്‍ ആയതുകൊണ്ടുതന്നെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ച മദ്യനയത്തില്‍ കേന്ദ്രീകരിച്ചു. പലകുറി ആവര്‍ത്തിച്ച കാര്യങ്ങളായിരുന്നു ചര്‍ച്ചയില്‍. പ്രതിപക്ഷം മദ്യനിരോധനത്തിനു വേണ്ടി വാദിച്ചപ്പോള്‍ മന്ത്രി കെ.ടി ജലീലിനുവേണ്ടി ബില്ലവതരിപ്പിച്ച മന്ത്രി എ.കെ ബാലന്‍, മദ്യവര്‍ജനമെന്ന ഇടതുനയം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. മദ്യക്കച്ചവടം വര്‍ധിപ്പിക്കാനുള്ള ബില്ലായതുകൊണ്ടു മനഃസാക്ഷിക്കുത്തു കാരണമാണോ ജലീല്‍ അവതരണം ബാലനെ ഏല്‍പിച്ചു സ്ഥലംവിട്ടതെന്നു പ്രതിപക്ഷത്തിനു സംശയം.
അങ്ങനെ പറയരുതെന്നും മകള്‍ക്ക് ആന്തമാന്‍- നിക്കോബാറില്‍ മെഡിസിന് അഡ്മിഷന്‍ കിട്ടിയപ്പോള്‍ ചേര്‍ക്കാന്‍ കൊണ്ടുപോയതാണെന്നും ബാലന്‍. പ്രതിപക്ഷം മെഡിക്കല്‍ സീറ്റില്‍ കയറിപ്പിടിക്കുമോയെന്ന ആശങ്കകൊണ്ടാവാം, അഖിലേന്ത്യാ മെറിറ്റില്‍ കിട്ടിയ സീറ്റാണെന്നും ഇനി അതിന്റെ പേരില്‍ തര്‍ക്കം വേണ്ടെന്നും ബാലന്‍. ബില്‍ അധികാരവികേന്ദ്രീകരണത്തെ അട്ടമറിക്കുമെന്നു പ്രതിപക്ഷം ആരോപിച്ചപ്പോള്‍, നായനാര്‍ സര്‍ക്കാര്‍ ഒരുപാട് അധികാരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നു ബാലന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."