നാട്ടുകല്‍ മുതല്‍ താണാവ് വരെ റോഡ് വീതികൂട്ടല്‍ മെയ് മാസത്തോടെ പൂര്‍ത്തിയാകും
പാലക്കാട്: കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ഭാഗത്തിന്റെ വീതി കൂട്ടല്‍ പ്രവൃത്തി മെയ് മാസം അവസാനത്തോടേ പൂര്‍ത്തിയാവും. റോഡ് നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ എം.ബി.രാജേഷ്.എം.പി. വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മെയ് മാസത്തില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സമയക്രമം നിശ്ചയിച്ചത്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം പ്രവൃത്തി ഇഴഞ്ഞു നീങ്ങിയ സാഹചര്യത്തിലാണ് എം.പി.യോഗം വിളിച്ചു ചേര്‍ത്തത്.
പ്രവൃത്തിയുടെ പ്ലാന്‍, ഡ്രോയിങ്ങ് എന്നിവക്ക് 15 ദിവസത്തിനുള്ളില്‍ നിര്‍മ്മാണ കണ്‍സള്‍ട്ടന്‍സിയായ സത്ര അംഗീകാരം നല്‍കണം. ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനുള്ള 3എ വിജ്ഞാപനം അടിയന്തിരമായി പുറപ്പെടുവിക്കും. പാലങ്ങള്‍ നിര്‍മ്മിക്കേണ്ടിടത്തെ സ്ഥലത്തിന്റെ ഏറ്റെടുപ്പിന് അടിയന്തിര പ്രാധാന്യം നല്‍കണം. കുടിവെള്ള പൈപ്പ് ലൈനുകള്‍ വൈകാതെ തന്നെ മാറ്റി സ്ഥാപിക്കാന്‍ ജല അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് എം.പി. നിര്‍ദ്ദേശം നല്‍കി. മുറിച്ചു മാറ്റേണ്ട മരങ്ങളുടെ ലേലനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കനാലുകള്‍ക്ക് കുറുകേയുള്ള പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതികള്‍ കാലതാമസമില്ലാതെ നല്‍കണമെന്ന് ജലസേചന വകുപ്പിന്റെ കാഞ്ഞിരപ്പുഴ, മലമ്പുഴ എക്‌സിക്യുൂട്ടീവ് എഞ്ചീനീയര്‍മാരോട് എം.പി.ആവശ്യപ്പെട്ടു. റവന്യൂപൊതുമരാമത്ത് ദേശീയപാതാ വിഭാഗം എന്നിവര്‍ യോജിച്ച് ദേശീയപാതയോരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
നിലവില്‍ 35 കല്‍വര്‍ട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടര കി.മീ വീതി കൂട്ടലും അത്ര തന്നെ അഴുക്കുചാല്‍ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. മൊത്തം 47 കി.മീ ദൂരമാണ് ദേശീയപാത വീതി കൂട്ടി നവീകരിക്കുന്നത്. എം.ബി.രാജേഷ്.എം.പി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനീയര്‍ അശോക് കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇസ്മയില്‍, നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ചീഫ് എഞ്ചീനീയര്‍ പ്രമോദ്, ഡയറക്ടര്‍ അനന്തന്‍, ജനറല്‍ മാനേജര്‍ ഷൈജു, എ.ഡി.എം. വിജയന്‍ എന്നിവര്‍ക്കു പുറമേ വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."