പൊലിസ് ഉദ്യോഗസ്ഥന്റെ കണ്ണില്‍ കറിയൊഴിച്ച് രക്ഷപെട്ട സംഭവം: അന്തര്‍ജില്ലാ മോഷ്ടാവും കൂട്ടാളികളും പിടിയില്‍
കൂറ്റനാട്: പൊലിസ് ഉദ്യോഗസ്ഥന്റെ കണ്ണിലേക്ക് കറിയൊഴിച്ച് കസ്റ്റഡിയില്‍നിന്നും രക്ഷപെട്ട കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവും കൂട്ടാളികളും തൃത്താല പൊലിസിന്റെ പിടിയിലായി. എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍നിന്നും അഞ്ചാം തിയതി പുലര്‍ച്ചെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരന്റെ ണ്ണിലേക്ക് കടലക്കറി ഒഴിച്ച് രക്ഷപ്പെട്ട പൊന്നാനി പുതുമാളിയേക്കല്‍ തസ്വീര്‍ ദര്‍വേഷ് (21) സഹായികളായ പൊന്നാനി ഐ.എസ്.എസ് സ്‌കൂളിന് പിന്‍വശം താമസിക്കുന്ന പറമ്പില്‍ അന്‍സാര്‍ (28)എടപ്പാള്‍ മൂതൂര്‍ സ്വദേശി കോട്ടിലില്‍ ഇര്‍ഷാദ് (26) എന്നിവരാണ് പിടിയിലായത്. അറുപതോളം കേസില്‍ പ്രതിയായ തസ്വീര്‍ ദര്‍വേഷ് പൊലിസ് കസ്റ്റഡിയില്‍നിന്നും രക്ഷപെട്ട് തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നാല്‍പതോളം മോഷണങ്ങള്‍ നടത്തിവരവേയാണ് തൃത്താല പൊലിസ് അതിസാഹസികമായി പ്രതിയേയും കൂട്ടാളികളെയും വലയിലാക്കിയത്. വിശദമായ ചോദ്യംചെയ്യലില്‍ പട്ടാമ്പി, തൃത്താല, പടിഞ്ഞാറങ്ങാടി, കുന്നംകുളം, കേച്ചേരി, പെരുമ്പിലാവ്, എടപ്പാള്‍ പൊന്നാനി,തിരൂര്‍, പുത്തനത്താണി, തിരുനാവായ, കല്‍പ്പകഞ്ചേരി എന്നിവിടങ്ങളിലായി വാഹന മോഷണവും വ്യാപാരസ്ഥാപനങ്ങള്‍ കുത്തിപ്പൊളിച്ചു പണവും മറ്റും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി അറിഞ്ഞിട്ടുണ്ട്.
പൊലിസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നതിനായി പൊലിസ് പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചുവരികയാണ് അതിനിടയിലാണ് തൃത്താല പൊലിസിനെ പിടിയിലാവുന്നത്. പ്രതിയുടെ കൂട്ടാളിയായ അന്‍സാര്‍ ചാവക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പിടിച്ചുപറി കേസിലെ പ്രതിയും തൃശ്ശൂര്‍ റെയില്‍വേ പൊലിസിന്റെ മാലപൊട്ടിക്കല്‍ കേസിലെ പിടികിട്ടാപ്പുള്ളിയുമാണ്. കൂടെ അറസ്റ്റിലായ ഇര്‍ഷാദ് ദര്‍വേഷിനും അന്‍സാറിനും കൂടെ സഹായിയായി ചേര്‍ന്നതാണ്.
പാലക്കാട് ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഐ.പി.എസിന്റെ നിര്‍ദേശത്തോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ തൃത്താല സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാല്‍, ഷൊര്‍ണൂര്‍ എസ്.ഐ സുജിത്, പട്ടാമ്പി എസ്.ഐ അജീഷ്, സിവില്‍ പൊലിസ് ഉദ്യോഗസ്ഥരായ ബിജു, രാമകൃഷ്ണന്‍, സമീറലി, റിലേഷ് ബാബു, അഭിലാഷ്, രാകേഷ്, ജോഷി, ജിജോമോന്‍ എന്നിവരാണ് പ്രതികളെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."