'വരത്തന്‍' നേതാക്കളെ ആദരിക്കല്‍: ബി.ജെ.പിയില്‍ കലഹം
തിരുവനന്തപുരം: ഇതരപാര്‍ട്ടികളില്‍നിന്നും ബി.ജെ.പിയില്‍ ചേക്കേറിയ പ്രമുഖരെ ആദരിക്കാന്‍ പദ്ധതിയിട്ടതോടെ ബി.ജെ.പിയില്‍ ആഭ്യന്തര കലഹം ഉടലെടുത്തു.
വരത്തന്‍ നേതാക്കള്‍ക്ക് കിട്ടുന്ന പരിഗണനപോലും വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നില്‍ക്കുന്നവര്‍ക്ക് കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ ഏകപക്ഷീയ തീരുമാനമാണിതെന്നും ഒരുവിഭാഗം പറയുന്നു.
പാര്‍ട്ടിയില്‍നിന്ന് കൂട്ടരാജി തുടര്‍ക്കഥയായതോടെ പ്രതിരോധ നടപടികളെന്ന രീതിയിലാണ് ഇതരപാര്‍ട്ടികളില്‍നിന്ന് വന്നവരെ കാര്യമായി പരിഗണിക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
വരും ദിനങ്ങളില്‍ പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ രാജിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഇതരപാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയില്‍ എത്തിയ ഉന്നതനേതാക്കളെ ആദരിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. ഇതിനായി നാളെ നവാഗത നേതൃസംഗമം സംഘടിപ്പിക്കും.
ഇതുവരെ ബി.ജെ.പിയില്‍ ചേര്‍ന്ന വിവിധ പാര്‍ട്ടികളിലെ പ്രമുഖരെയാണ് നവാഗത നേതൃസംഗമത്തില്‍ ആദരിക്കുക. ഇത്തരത്തില്‍ ആദരിക്കല്‍ ചടങ്ങ് പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും വിമര്‍ശനമുണ്ട്.
നവാഗത നേതൃസംഗമത്തില്‍ ദേശീയ ജന. സെക്രട്ടറി പി. മുരളീധര്‍ റാവു പങ്കെടുക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത്ഷാ 30ന് കേരളത്തിലെത്തുമ്പോള്‍, ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുകളുള്‍പ്പെടെ തങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതികളില്‍ പരിഹാരം ഉണ്ടാകുമെന്നാണ് മുരളീധര വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."