ആത്മജ്ഞാനികളുടെ സവിധം; പ്രതിഭാധനന്മാരുടെ ആത്മീയാരാമം
ഭൗതികതയോടുള്ള തീവ്രമായ താല്‍പര്യം ആധ്യാത്മികതയുടെ ലാവണ്യം നഷ്ടപ്പെടുത്തും. പകയും കുശുമ്പും ഇകഴ്ത്തലും അകറ്റലും പാരപണിയലും അതിരുകവിഞ്ഞ ഭൗതികപ്രേമം കൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങളാണ്. ഈ ഭൗതികപ്രേമം വിവരമുള്ളവരെയും വിവരംകുറഞ്ഞവരെയും ഒരുപോലെ ബാധിച്ച കാലമാണിത്. ഭീകരമായ ഭൗതികപ്രവാഹത്തില്‍ നലംപതിച്ചവരെ കരയ്ക്കടുപ്പിക്കല്‍ ശ്രമകരമാണ്. എന്നാല്‍, ആത്മീയ സൗന്ദര്യസത്യങ്ങളിലൂടെ മനസ്സിനെ ദീപ്തമാക്കാന്‍ ആത്മജ്ഞാനികള്‍ക്കു കഴിയും. ഇവിടെയാണു തൗഹീദിന്റെ വക്താക്കളായ ആത്മജ്ഞാനികളുടെ പ്രസക്തി.
ശരീരത്തോടു പ്രതിബദ്ധത പ്രകടിപ്പിക്കാത്ത ദര്‍വേശുമാരും ഉന്മത്തതയും ലഹരിയുമായി കഴിയുന്ന മജ്ബൂദുകളും ആത്മദാഹത്തിനുതകുന്ന കേന്ദ്രങ്ങളല്ല. അവരുടെ പ്രയോഗങ്ങളും സൂചനകളും ചികഞ്ഞെടുത്തു വ്യാഖ്യാനിക്കാന്‍ മിനക്കെടുന്നതു പാഴ്‌വേലയാണ്. 'ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കാത്തവരെ വായുവില്‍ പറന്ന് അത്ഭുതങ്ങള്‍ കാണിച്ചാലും ആത്മഗുരുക്കളായി കരുതരുതെന്നു ജുനൈദുല്‍ ബഗ്ദാദിയും അബൂയസീദില്‍ ബിസ്താമിയും പറയുന്നുണ്ട്.
സ്വയംപ്രഖ്യാപിത ആത്മജ്ഞാനികളെ ചുറ്റിപ്പറ്റി കഴിയുന്ന ചില ഭക്തരുണ്ട്. ആത്മജ്ഞാനികളെ വിവേചിച്ചറിയുന്നതില്‍ പരാജയപ്പെട്ടവരാണവര്‍. അത്തരക്കാര്‍ ആത്മജ്ഞാനികളെ കാണുന്നതു ഭൗതികതാല്‍പര്യങ്ങള്‍ക്കായി മാത്രമാണ്. വ്യവഹാരവിജയം, കള്ളപ്പണം വെളുപ്പിക്കല്‍, കൂടോത്രം, രോഗശമനം, ബിസിനസ് മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. സ്വയംപ്രഖ്യാപിത ആത്മജ്ഞാനികളുടെ സഹായത്തോടെ ചുളുവില്‍ സ്വര്‍ഗത്തില്‍ കടക്കാമെന്ന് അവര്‍ കരുതുന്നു. ഇവരില്‍നിന്നു പണംപറ്റി സ്വര്‍ഗത്തില്‍ കടക്കാനുള്ള സ്‌ലിപ്പ് കൊടുക്കാന്‍ വ്യാജസൂഫികള്‍ മടിക്കാറില്ല.
ആത്മീയതയുടെ കാന്തികപ്രഭ സ്വസാന്നിധ്യത്തിലൂടെ പ്രപഞ്ചത്തില്‍ പരത്തുന്നവരാണ് ആത്മജ്ഞാനികള്‍. ആധുനികലോകത്തിന് അനിവാര്യമായ മാനവികതയുടെ സന്ദേശം ലോകത്തില്‍ പരത്തിയവരാണു സൂഫികള്‍. നിഷ്‌കളങ്കജീവിതവും നിഷ്‌കാമപ്രവൃത്തികളുമാണു പ്രബോധനരംഗത്ത് അവര്‍ക്കു വിജയം നേടിക്കൊടുത്തത്. ഇന്ത്യയുടെ പലഭാഗത്തും ജീവിച്ച യതിവര്യന്മാരെ കേന്ദ്രീകരിച്ചു കൊണ്ടൊരു പ്രകാശവലയമുണ്ടായിരുന്നു. അലൗകികമായ ആ ജനറേറ്റര്‍ മാനവികതയുടെ പ്രഭാവലയമായി ദീപ്തി പരത്തി.
പണ്ഡിതനഭോമണ്ഡലത്തിലെ ഉജ്ജ്വലതാരമാണ് ഇമാം ഗസ്സാലി. തന്റെ കാലത്തുള്ള എല്ലാ വിജ്ഞാനങ്ങളിലും അദ്ദേഹം വ്യുല്‍പത്തി നേടി. തലനാരിഴ കീറുന്ന തത്വശാസ്ത്രത്തിലും അതിന്റെ സൃഷ്ടിയായ വചനശാസ്ത്രത്തിലും ഏറെക്കാലം കഴിച്ചുകൂട്ടി. തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം, രസതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നിളാമിയ്യ സര്‍വകലാശാലയില്‍ അധ്യാപനം നടത്തി. ആത്മഹര്‍ഷം പകരാന്‍ ഈ മേഖലയ്‌ക്കൊന്നും കഴിയില്ലെന്നു ബോധ്യപ്പെട്ടു. തൊലിപ്പുറത്തുള്ള നിയമശാസ്ത്രത്തിന്റെ ചര്‍ച്ച മനസിനെ കദനത്തിലാഴ്ത്തി. മനസ്സംഘര്‍ഷം വര്‍ധിച്ചു. സൂഫിയായ ഹാരിസുല്‍ മുഹാസീബിയുടെ കിതാബ്'രിആയ' പാരായണം ചെയ്തതോടെ ഭാവനയ്‌ക്കൊരു മാറ്റം വന്നു. ബാഗ്ദാദിലെ നിളാമിയ്യ സര്‍വകലാശാലയുടെ മേധാവിത്വം ഒഴിഞ്ഞു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും സത്തകള്‍ പെറുക്കിയെടുക്കുന്ന ആത്മജ്ഞാനികളുള്ള ലോകത്താണു പിന്നീടെത്തിയത്. ആത്മജ്ഞാനികളോടൊപ്പം അദ്ദേഹവും ദേശാടനത്തിനിറങ്ങി.
സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രൗഢിയില്‍ ഫത്‌വ കൊടുക്കുന്നവര്‍, നിയമശാസ്ത്രത്തിലെ അക്ഷരഭക്തര്‍, ഐഹികപ്രേമികളായ പണ്ഡിതര്‍, പ്രാസമൊഴിപ്പിച്ചു സംഗീതാത്മകമായി മതോപദേശം നല്‍കുന്ന പ്രഭാഷകര്‍, സംവാദവും തര്‍ക്കശാസ്ത്രവുമായി കഴിഞ്ഞുകൂടുന്ന വിജ്ഞാനികള്‍ തുടങ്ങിയവര്‍ക്കിടയില്‍ ചിന്താവിപ്ലവം സൃഷ്ടിച്ച 'ഇഹ്‌യാ ഉലൂമുദ്ദീന്‍' എന്ന വിജ്ഞേയോപഹാരം പത്തുവര്‍ഷം നീണ്ടുനിന്ന തന്റെ പ്രവാസകാലത്താണ് അദ്ദേഹം രചിച്ചത്.
ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ (റ) ഇലാഹീ ചിന്തയുടെ ദിവ്യദീപ്തിയേല്‍ക്കാന്‍ സൂഫിയായ ബിശ്‌റുല്‍ഹാഫിയുടെ സാന്നിധ്യമാണ് ഇഷ്ടപ്പെട്ടത്. 'നമുക്ക് കിതാബിലുള്ളതേ അറിയുകയുള്ളൂ. ബിശ്‌റുല്‍ ഹാഫിക്ക് സാഹിബുല്‍ കിതാബിനെ (അല്ലാഹുവിനെയും റസൂലിനെയും) നല്ലവണ്ണം അറിയാം.' എന്നായിരുന്നു വിമര്‍ശകരോടുള്ള ഇമാമിന്റെ പ്രതികരണം.
ഡോ. ഇഖ്ബാലിന്റെ സൂഫിദര്‍ശനങ്ങള്‍ക്കു സൗരഭ്യം നല്‍കിയതു ശൈഖ് ജലാലുദ്ദീന്‍ റൂമിയുടെ മസ്‌നവിയായിരുന്നു. 'റൂമി പറയുന്നു. സ്‌നേഹം ആദമിന്റെ സമ്പത്താണ്. യുക്തി ഇബ്‌ലീസിന്റെയും.' ആത്മജ്ഞാനികള്‍ സ്‌നേഹംകൊണ്ടാണു ലോകം കീഴടക്കിയതെന്നു ലോകപണ്ഡിതനായ അബുല്‍ ഹസന്‍ അലി നദ്‌വി 'റബ്ബാനിയ്യ ലാറഹ്ബാനിയ്യാ' എന്ന ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം എഴുതിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ആത്മീയഗുരുവാണു റായ്പൂരിലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ റായ്പൂരി. ചപലമായ മനസിനെ ആത്മഹര്‍ഷംകൊണ്ടു ചൈതന്യവത്താക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉപയോഗപ്പെടുത്തിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം റായ്പൂരിലെത്തി ശൈഖിന്റെ മൊഴിമുത്തുകള്‍ കേട്ടിരിക്കും. കമ്പോള ഉല്‍പന്നംപോലെ ത്വരീഖത്ത് വിപണനകേന്ദ്രമാക്കി മാറ്റാന്‍ റായ്പൂരി ഇഷ്ടപ്പെട്ടിരുന്നില്ല. ഹിന്ദി സംഗീതജ്ഞനായ അമീര്‍ ഖുസ്രുവിന്റെ ആത്മദാഹം തീര്‍ത്തുകൊടുത്തതു നിസാമുദ്ദീന്‍ ഔലിയയുടെ സവിധമായിരുന്നു. ഖുര്‍ആനിന്റെ ആശയലോകത്താണ് അമീര്‍ ഖുസ്രു പിന്നെ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."