തൊഴിലുറപ്പ് പദ്ധതി തൊഴില്‍ 'ഉറപ്പില്ല'!
പാണ്ടിക്കാട്: തൊഴിലിനായി അപേക്ഷിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടം തൊഴില്‍ ലഭിക്കാതെ ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. തൊഴിലുറപ്പ് നിയമപ്രകാരം തൊഴില്‍ കാര്‍ഡ് സമ്പാദിച്ചു മുന്‍ വര്‍ഷങ്ങളില്‍ അവിദഗ്ധ തൊഴിലുകള്‍ ചെയ്തുവന്ന നിരവധി തൊഴിലാളികളാണ് ഈ സാമ്പത്തിക വര്‍ഷം തൊഴിലിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
ഗ്രാമങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയത്. അവിദഗ്ധ കായികാധ്വാനത്തിനു തയാറുള്ള കുടുംബങ്ങള്‍ക്കു വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തിയായിരുന്നു പദ്ധതി ജീവിതസുരക്ഷ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഭൂരിപക്ഷം തൊഴിലാളികള്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ തികച്ചു നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് പല പഞ്ചായത്തുകളിലുമുള്ളത്.
പദ്ധതിയിലൂടെ തൊഴില്‍ കിട്ടാന്‍ കാലതാമസം നേരിടുന്നതു തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം പാതിയോടടുത്തിട്ടും ജില്ലയില്‍ മിക്ക പഞ്ചായത്തുകളിലും തൊഴിലുറപ്പ് പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല. തൊഴിലിന് അപേക്ഷ നല്‍കിയാല്‍ 15 ദിവസത്തിന്നകം തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കിയിരിക്കണമെന്നാണ് നിയമമെങ്കിലും മാസങ്ങള്‍ പലതു പിന്നിട്ടിട്ടും തൊഴില്‍ നല്‍കുന്നില്ല. 15 ദിവസത്തിന്നകം തൊഴില്‍ അനുവദിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള അറിയിപ്പ് പഞ്ചയത്തുകളില്‍നിന്നു ലഭിക്കാത്തപക്ഷം തൊഴില്‍രഹിത വേതനത്തിന് അര്‍ഹതയുണ്ടെന്നാണ് നിയമം. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടുന്നില്ല.
തൊഴില്‍ കിട്ടാന്‍ വൈകിയാല്‍ ആദ്യത്തെ ഒരു മാസം തൊഴിലുറപ്പ് പദ്ധതിയില്‍ അംഗീകരിച്ച കൂലിയുടെ 25 ശതമാനത്തിനും തുടര്‍ന്നു വൈകുന്ന മാസങ്ങളില്‍ 50 ശതമാനത്തിനും തുല്യമായ തുക തൊഴില്‍രഹിത വേതനമായി അനുവദിക്കണമെന്ന തൊഴിലുറപ്പ് നിയമത്തിലെ വ്യവസ്ഥയും കടലാസില്‍ ഒതുങ്ങുകയാണ്. 2005 സെപ്റ്റംബറിലാണ് തൊഴിലുറപ്പ് പദ്ധതി നിലവില്‍വന്നത്. 2006 മുതല്‍ സംസ്ഥാനത്തും നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."