പളനിസാമി സര്‍ക്കാരിനെ മറിച്ചിടുമെന്ന ഭീഷണിയുമായി ടി.ടി.വി ദിനകരന്
ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ നിന്നും ശശികല പക്ഷത്തെ പുറത്താക്കിയതിനു പിന്നാലെ പളനിസാമി സര്‍ക്കാരിനെ മറിച്ചിടുമെന്ന ഭീഷണിയുമായി ടി.ടി.വി ദിനകരന്.
ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി എ.പളനിസാമി രാജിവെക്കണമെന്നും ദിനകരന് ആവശ്യപ്പെട്ടു.
ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിയമവിരുദ്ധമാണ്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ദിനകരന് പറഞ്ഞു. പളനിസാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി 21 എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ദിനകരന് വ്യക്തമാക്കി.
സര്‍ക്കാരിന് ആവശ്യമായ 117 എം.എല്‍.എമാരുടെ പിന്തുണയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടിയെ രക്ഷിക്കണമെന്നും സര്‍ക്കാരിനോട് വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താനാണ് ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമിയെന്നും പളനിസ്വാമി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ദിനകരന് പറഞ്ഞു.
ചെന്നൈയില്‍ ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വി.കെ ശശികലയെ പുറത്താക്കിയ പ്രമേയം പാസാക്കിയത്. ടി.ടി.വി ദിനകരനെയും അനുയായികളെയും പുറത്താക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."