കടലാസിലൊതുങ്ങി നഗരസഭയുടെ മാലിന്യ വിമുക്ത നഗരം പദ്ധതി
നെയ്യാറ്റിന്‍കര: നഗരസഭയുടെ മാലിന്യ വിമുക്ത നഗരം പദ്ധതി കടലാസിലൊതുങ്ങിയതായി ആക്ഷേപം. നിരവധി തവണ മാലിന്യ വിമുക്ത നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ ഉദ്ഘാടനങ്ങളും ഘോഷയാത്രകളും സംഘടിപ്പിച്ചിരുന്നു. ദിനം പ്രതി നഗരത്തിലെ മാലിന്യങ്ങള്‍ ജീവനക്കാര്‍ നീക്കം ചെയ്യുന്നുണ്ടെങ്കിലും പതിന്‍ മടങ്ങ് പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടുകയാണ്. നെയ്യാറ്റിന്‍കര പട്ടണത്തിലെ ആശുപത്രി ജങ്ഷന്‍ , അക്ഷയ ഷോപ്പിങ് കോപ്ലക്‌സിനു സമീപം, റെയില്‍വേ മേല്‍പ്പാലത്തിന് സമീപം, ടി.ബി ജങ്ഷനിലെ ചന്തയ്ക്ക് സമീപം, ആലുംമൂട് പൊലീസ് കോര്‍ട്ടേഴ്‌സ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ദിനം പ്രതി മാലിന്യം കുന്നു കൂടുകയാണ്. കൂടാതെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പട്ടണത്തില്‍ കാല്‍കുത്താന്‍ കഴിയാത്ത തരത്തില്‍ വഴിയോര കച്ചവടക്കാരുടെ കടന്നു കയറ്റം തടയിടാന്‍ നഗരസഭ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാന്‍ഡ് ജങ്ഷനു സമീപം തുണിക്കടകള്‍മുതല്‍ പഴക്കടകള്‍ വരെ റോഡില്‍ ഇറക്കി കെട്ടി വഴിയാത്രക്കാര്‍ക്ക് തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് നഗരസഭ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്.
നഗരസഭാ ഓഫിസിനു മുന്‍പില്‍ മാസങ്ങളായി പാര്‍ക്ക് ചെയ്തിരിക്കുന്ന കേടായ ലോറിയില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് സമീപ വാസികളില്‍ രോഗ ഭീതി ഉയര്‍ത്തുകയാണ്. നൂറ് കണക്കിന് വരുന്ന നഗരസഭാ ജീവനക്കാരും കൗണ്‍സിലര്‍മാരും രാവിലെ ഈ കാഴ്ച കണ്ടാണ് നഗരസഭ ഓഫിസിനുളളില്‍ കടക്കുന്നത്. നഗരസഭ ഓഫിസിനു മുന്നില്‍ മാലിന്യം കുന്നുകൂടുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."