അശാസ്ത്രീയമായ ഓടനിര്‍മാണം ജനത്തെ വലച്ചു കൗണ്‍സലറുടെ നേതൃത്വത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കി
പേരൂര്‍ക്കട: അശാസ്ത്രീയമായ ഓടനിര്‍മാണം മൂലം പൊതുജനങ്ങളും വാഹനയാത്രികരും ഒരുപോലെ ബുദ്ധിമുട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയാണ് ജനങ്ങളെ വലച്ചത്. വയലിക്കട-വെയിലിക്കുന്ന് റോഡാണ് കഴിഞ്ഞദിവസങ്ങളില്‍ വെള്ളക്കെട്ടായത്. 300 മീറ്ററോളം ഭാഗം റോഡ് കാണാന്‍ സാധിക്കാത്തവിധം വെള്ളം നിറയുകയായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പാണ് റോഡിന്റെ ഇരുവശവും ഓടകള്‍ നിര്‍മിക്കുകയും ഒരുകാലത്തും വെള്ളംകയറാത്ത വിധം പണി പൂര്‍ത്തിയാക്കുകയും ചെയ്തത്. വെള്ളക്കെട്ടിന്റെ കാരണമന്വേഷിച്ചപ്പോഴാണ് വാസ്തവം വെളിച്ചത്തുവന്നത്. രാമപുരം, എന്‍.സി.സി റോഡ്, ചൂഴമ്പാല, ഊന്നമ്പാറ എന്നിവിടങ്ങളില്‍ നിന്നുള്ള ഓടകള്‍ വന്നുചേരുന്നത് വെയിലിക്കുന്നിലാണ്. ഇതില്‍ ഊന്നമ്പാറ കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശവുമാണ്. ഓടയിലൂടെ കടന്നുപോകുന്നതോ ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി കേബിളുകളും വാട്ടര്‍അതോറിറ്റിയുടെ കുടിവെള്ള പൈപ്പും. ഇതുമൂലമായിരുന്നു ഓടയില്‍ വെള്ളം നിറഞ്ഞ് വെള്ളക്കെട്ടുണ്ടായത്. ഓടയ്ക്കുള്ളില്‍ പൈപ്പുകള്‍ കൂട്ടിക്കിടന്നതോടെ മാലിന്യവും വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകിയെത്തി ഓട അടയുകയായിരുന്നു. കിണവൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.സി വിമല്‍കുമാറും സംഘവും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പരിശ്രമിച്ചാണ് ഓടയിലെ അടവ് ഒരുവിധം പരിഹരിച്ചത്. നഗരസഭാ ജീവനക്കാരും സഹായത്തിന് ഉണ്ടായിരുന്നു. പ്രശ്‌നം താല്‍ക്കാലികമായി മാത്രമാണ് പരിഹരിച്ചതെന്നും ഇന്നും ബാക്കി ഭാഗങ്ങളില്‍ ഓടകളിലെ അടവ് പരിശോധിക്കുമെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."