തോമസ് ചാണ്ടിയെ തള്ളിപ്പറഞ്ഞ് സി.പി.ഐ
തിരുവനന്തപുരം: സി.പി.ഐ പരസ്യമായി തള്ളിപ്പറഞ്ഞതോടെ തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന് ഉറപ്പായി. ചാണ്ടിയെ ഇനി സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.എം നേതൃത്വവും എത്തിയിട്ടുണ്ട്.
പ്രധാന ഘടകകക്ഷികളുടെ നിലപാട് എതിരായ സാഹചര്യത്തില്‍ അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ ചാണ്ടി രാജിവയ്ക്കണമെന്ന തീരുമാനമായിരിക്കും ഉണ്ടാവുക. ഇതിനിടയില്‍ ചാണ്ടി ഇന്നലെ നടത്തിയ പരാമര്‍ശം സി.പി.ഐയെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രിയോടു ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് ഡല്‍ഹിയില്‍ സി.പി.ഐ ജന. സെക്രട്ടറി സുധാകര്‍ റെഡ്ഢിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. ജന. സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി അതു സ്ഥിരീകരിക്കുകയും ചെയ്തു. വളരെ പ്രകോപനപരമായാണ് റെഡ്ഢിയുടെ പ്രസ്താവനയ്ക്കു ചാണ്ടി മറുപടി നല്‍കിയത്. ഒന്നാമത്തെ അഴിമതിക്കാരന്‍ റെഡ്ഢിയാണെന്നായിരുന്നു ചാണ്ടിയുടെ പ്രതികരണം. തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ല. അഴിമതി നടത്തിയത് അദ്ദേഹമാവാം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ പത്തു കോടി രൂപ പാവങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ഈ രാജ്യത്ത് തന്നെയാരും അഴിമതിക്കാരനെന്ന് വിളിക്കില്ല. കുട്ടനാട്ടില്‍ ജനജാഗ്രതാ യാത്രയില്‍ നടത്തിയ പ്രസംഗം തന്നെ പ്രശ്‌നത്തിലാക്കിയിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ചാണ്ടിക്കെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും പറഞ്ഞുകൊണ്ടാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങളോട് പ്രതികരിച്ചത്. ഇതോടെ ചാണ്ടി മന്ത്രിസ്ഥാനത്തു തുടരുന്നതിനെ അനുകൂലിക്കുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സി.പി.ഐ. അടുത്ത തിങ്കളാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലും ചാണ്ടിക്കെതിരായ തീരുമാനമായിരിക്കും ഉണ്ടാവുക. അതിനു ശേഷം ചേരുന്ന എല്‍.ഡി.എഫ് യോഗത്തിലും ചാണ്ടിയുടെ മന്ത്രിസ്ഥാനം തന്നെയായിരിക്കും മുഖ്യ ചര്‍ച്ചാ വിഷയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."