ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടി20 നാളെ പോരാട്ടത്തിന് ടീമുകളെത്തി
തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം നാളെ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. കാര്യവട്ടത്തെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരമാണ് ഇത്. ഇവിടെ ജയിക്കുന്ന ടീമിന് പരമ്പര നേടാനാകുമെന്നതിനാല്‍ മത്സരത്തില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്. ന്യൂഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 53 റണ്‍സിന് വിജയിച്ച ഇന്ത്യ രാജ്കോട്ടിലെ രണ്ടാം മത്സരത്തില്‍ 40 റണ്‍സിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് അവസാന പോരാട്ടത്തില്‍ വിജയം സ്വന്തമാക്കുന്നതിന് ഇരു ടീമുകളും എല്ലാ തന്ത്രങ്ങളും നാളെ നടക്കുന്ന മത്സരത്തില്‍ പയറ്റും.
ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരു ടീമുകളും രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ഇറങ്ങിയത്. ഇവിടെനിന്നും താമസ സൗകര്യമൊരുക്കിയിരുന്ന കോവളത്തെ ലീല ഹോട്ടലിലേക്കാണ് ടീം അംഗങ്ങള്‍ പോയത്. ഇരു ടീമുകളും സമയക്കുറവിനെ തുടര്‍ന്ന് പരിശീലനം നടത്തുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ഗെയിംസിനായി നിര്‍മിച്ച കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബിലെ ഈ മത്സരം വിജയകരമായി നടത്താനായാല്‍ ഇനിയും കൂടുതല്‍ മത്സരങ്ങള്‍ക്ക് വേദിലഭിക്കാനുള്ള സാധ്യതയുണ്ട്. സ്റ്റേഡിയത്തില്‍ അഞ്ച് പിച്ചുകള്‍ ഉള്ളതില്‍ മൂന്നെണ്ണമാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നത്. പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുന്നതാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ മികച്ച ബാറ്റിങ്ങ് വിരുന്നായിരിക്കും സ്പോര്‍ട്സ് ഹബ്ബിലെത്തുന്ന കാണികളെ കാത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. നാല് മണിമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകും. മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം തുലാവര്‍ഷം മത്സരത്തിന് ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."