അഴിമതിവിരുദ്ധ സമിതി സഊദിവല്‍ക്കരണ പദ്ധതിയിലും അന്വേഷണം നടത്തിയേക്കും
റിയാദ്: സഊദിവല്‍ക്കരണ പദ്ധതിയായ നിത്വാഖാത് പദ്ധതിയിലും അഴിമതി വിരുദ്ധ കമ്മീഷന്‍ അന്വേഷണം നടത്തിയേക്കുമെന്നു സൂചന. സഊദിവല്‍ക്കരണം നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയതായും കൃത്രിമം നടത്തിയതായും സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കിരീടവകാശി അധ്യക്ഷനായുള്ള അഴിമതിവിരുദ്ധ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ മേഖലയില്‍ സഊദികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട നിത്വാഖാത് പദ്ധതി മുന്‍ വര്‍ഷങ്ങളില്‍ വന്‍ പരാജയമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2015 ആദ്യ പാദത്തില്‍ 71,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ പുതുതായി ജോലി ലഭിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ ഇത് 35,000 ആയും മൂന്നാം പാദത്തില്‍ 14,000 ആയും ആയി കുറഞ്ഞെന്നാണ് കണക്കുകള്‍.
സഊദിവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ തൊഴില്‍ മന്ത്രിയെ നേരത്തെ തന്നെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് ജോലി ലഭിക്കുന്ന കണക്കുകള്‍ കുത്തനെ കുറഞ്ഞതും വ്യവസായികളുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനായി നിരവധി സ്ഥാപനങ്ങളെ പച്ചയിലേക്ക് മാറ്റിയതായും ആരോപണമുയര്‍ന്നിരുന്നു. വ്യവസ്ഥകളില്‍ ഇളവ് വരുത്തിയ ഈ നടപടികള്‍ സ്വദേശിവല്‍ക്കരണത്തിനു വിഖാതമായെന്നാണ് കരുതുന്നത്.
നിത്വാഖാത് നടപ്പാക്കിയ അന്നത്തെ തൊഴില്‍ മന്ത്രി ഇന്ന് അഴിമതി വിരുദ്ധ സമിതി നീക്കത്തില്‍ അഴിക്കുള്ളിലാണ്. നിരവധി നിയമലംഘനങ്ങളും അധികാര ദുര്‍വിനിയോഗങ്ങളും അഴിമതികളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍ തൊഴില്‍ മന്ത്രിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നിത്വാഖാത്തുമായി ബന്ധപ്പെട്ട അഴിമതികള്‍ കൂടി അന്വേഷണ വിധേയമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, തുടരന്വേഷണം വിദേശ തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."