തലസ്ഥാനത്ത് നാടകീയ രംഗങ്ങള്‍
തിരുവനന്തപുരം: കായല്‍ കൈയേറ്റ ആരോപണത്തിലകപ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടി നാലര മണിക്കൂര്‍ നേരം മുന്നണിയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് രാജിക്കത്തില്‍ ഒപ്പിട്ടത്. മന്ത്രിയുടെ ഔദ്യോഗിക വസതിയും എം.എല്‍.എ ഹോസ്റ്റലിലെ ശശീന്ദ്രന്റെ മുറിയും മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചു.
രാജി വയ്ക്കില്ലെന്നു വെല്ലുവിളിച്ച് മന്ത്രിസഭാ യോഗത്തിനുമെത്തി. എന്നാല്‍, ഘടകകക്ഷിയായ സി.പി.ഐയുടെ നിലപാടില്‍ കാലിടറി. തോമസ് ചാണ്ടിയുടെ രാജിക്കുവേണ്ടി സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതോടെ ഗത്യന്തരമില്ലാതെ ഇതുവരെ സംരക്ഷിച്ച മുഖ്യമന്ത്രിക്കു രാജിക്കത്ത് നേരിട്ട് കൈമാറാതെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററെ ഏല്‍പ്പിച്ചതിനു ശേഷം കൊടിവച്ച കാറില്‍ പൊലിസ് അകമ്പടിയോടെ കുട്ടനാട്ടിലേക്ക് പറക്കുകയായിരുന്നു.
ഇന്നലെ രാവിലെ 7.30
മന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയില്‍ പാര്‍ട്ടി പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററെത്തി തോമസ് ചാണ്ടിയുമായി ചര്‍ച്ച നടത്തി. രാജിക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് അതിനു മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. സുപ്രിംകോടതിയില്‍ പോകുമെന്നും വീണ്ടും ചാണ്ടി മന്ത്രിയായി തുടരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നു. തീരുമാനമാകാതെ ആദ്യ ചര്‍ച്ച അവസാനിച്ചു.
രാവിലെ 8.00
തോമസ് ചാണ്ടിയും പീതാംബരന്‍ മാസ്റ്ററും ക്ലിഫ് ഹൗസിലെത്തി. മുഖ്യമന്ത്രിയുമായി ചര്‍ച്ച. തീരുമാനം എന്‍.സി.പിയുടെ കേന്ദ്ര നേതൃത്വത്തിനു വിടണമെന്ന ആവശ്യം തോമസ് ചാണ്ടി വീണ്ടും ഉന്നയിക്കുന്നു. 40 മിനുട്ടോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മാധ്യമങ്ങളോടു പ്രതികരിക്കാതെ മന്ത്രി തോമസ് ചാണ്ടിയും പീതാംബരനും പുറത്തേക്ക്.
രാവിലെ 9.00
മന്ത്രിസഭായോഗത്തിനായി മുഖ്യമന്ത്രിയും തോമസ് ചാണ്ടിയും മറ്റു മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി. കോടതി വിധി കൈയില്‍ കിട്ടട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നു ചാണ്ടി മാധ്യമങ്ങളോടു പ്രതികരിച്ചു. സി.പി.ഐ മന്ത്രിമാരെത്തിയെങ്കിലും തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചു യോഗം നടക്കുന്ന മുറിയില്‍ പ്രവേശിച്ചില്ല. പ്രതിഷേധം അറിയിച്ചു സി.പി.ഐ മന്ത്രിമാര്‍ മുഖ്യമന്ത്രിക്കു കത്തുനല്‍കി. മന്ത്രി ചന്ദ്രശേഖരന്റെ മുറിയില്‍ സി.പി.ഐ മന്ത്രിമാര്‍ ഇരുന്നു.
വാര്‍ത്ത പുറത്തായതോടെ രാജി ഉടനുണ്ടാകുമെന്ന ധാരണ ശക്തമായി. മന്ത്രിസഭായോഗത്തില്‍ ചില മന്ത്രിമാര്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടതായും വാര്‍ത്ത വന്നു.
രാവിലെ 10.30
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയിക്കുന്നു. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം തോമസ് ചാണ്ടി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. ദേശീയ നേതൃത്വവുമായി ആലോചിക്കാന്‍ എന്‍.സി.പിക്കു 10.30ന് സമയം നല്‍കിയെന്നറിയിച്ചു. മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സി.പി.ഐയുടെ നടപടിയിലുള്ള അതൃപ്തിയും മുഖ്യമന്ത്രി മറച്ചുവച്ചില്ല.
രാവിലെ 11.00
മന്ത്രിസഭായോഗശേഷം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പിന്‍ വാതിലിലൂടെ തോമസ് ചാണ്ടി പുറത്തുവന്നു. എന്‍.സി.പി ദേശീയ നേതൃത്വം അനുവദിച്ചാല്‍ രാജിവയ്ക്കുമെന്നും രണ്ടു മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയെ കാണുമെന്നും ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു.
മന്ത്രിയും എന്‍.സി.പി നേതാക്കളായ പീതാംബരന്‍ മാസ്റ്ററും എ.കെ ശശീന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിമന്ദിരത്തിലെത്തി കൂടിയാലോചനകള്‍ നടത്തുന്നു. രാജിവയ്ക്കുന്നതിനു പകരം അവധിയെടുത്തു മാറിനില്‍ക്കുന്ന കാര്യവും എന്‍.സി.പി പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
12.10
കാവേരിയില്‍നിന്ന് എ.കെ ശശീന്ദ്രന്‍ പുറത്തേക്ക്. അദ്ദേഹത്തിന്റെ കാറിനു ചുറ്റും മാധ്യമ പ്രവര്‍ത്തകര്‍. എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ച നടത്തി. അര മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കാന്‍ തീരുമാനമായെന്ന് ശശീന്ദ്രന്‍ അറിയിച്ചു. രാജിക്ക് ഉപാധികളുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍, ഇല്ലെന്നു മറുപടി.
12.20
തോമസ് ചാണ്ടിയുടെ കാര്‍ പൊലിസിന്റെ അകമ്പടിയോടെ വരുന്നു. ലൈവ് കാമറകള്‍ കാറിനെ വളഞ്ഞു. ചോദ്യം, രാജി വയ്ക്കാനാണോ പോകുന്നത്? രാജിവയ്ക്കാനല്ല പോകുന്നത്. യോഗത്തിന്റെ തീരുമാനം? അത് പീതാംബരന്‍ മാസ്റ്റര്‍ ശശീന്ദ്രന്റെ മുറിയില്‍വച്ച് രണ്ടു മണിക്ക് പറയും. ചാണ്ടിയുടെ കാര്‍ മുന്നോട്ട്. കാര്‍ ക്ലിഫ് ഹൗസിലേക്കോ സെക്രട്ടേറിയറ്റിലേക്കോ പോകുമെന്ന് കരുതിയെങ്കിലും കാര്‍ തിരിഞ്ഞത് പട്ടത്തേക്ക്.
12.35
കാവേരിയില്‍നിന്ന് പീതാംബരന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റിലേക്ക്
12.45
പീതാംബരന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റിലെത്തി തോമസ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി
1.00
മുഖ്യമന്ത്രി പുറത്തേക്ക്, തോമസ് ചാണ്ടിയുടെ രാജിക്കത്ത് കിട്ടിയെന്നും ഗവര്‍ണര്‍ക്ക് കൈമാറിയെന്നും അറിയിച്ചു. നാടകീയ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അവസാനിച്ചെങ്കിലും മുന്നണിയുടെ പ്രശ്‌നങ്ങള്‍ക്ക് ഇനി തുടക്കം കുറിക്കുന്നതേ ഉള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."