66 ദിവസം കൊണ്ട് 105 ജില്ലകളിലൂടെ 6,700 കിലോമീറ്റര്‍; മുംബൈയില്‍ സമാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കും; വര്‍ക്കൗട്ടാകുമോ 'രാഹുല്‍ മാജിക്'
ഇംഫാല്‍: കന്യാകുമാരിയില്‍നിന്ന് തുടങ്ങി ശ്രീനഗറില്‍ സമാപിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാംപതിപ്പായ ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് പിന്നിടുക 6,700 കിലോമീറ്റര്‍. ഈ സമയം കൊണ്ട് 105 ജില്ലകളിലായി 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോവും. മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഛത്തിസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോവുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെയാണ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. മാസങ്ങളായി വംശീയകലാപം അണിഞ്ഞിട്ടില്ലാത്ത മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുലിന് പതാക കൈമാറിയതോടെയാണ് രണ്ടുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് തുടക്കമായത്. ആദ്യദിനമായ ഇന്നലെ മണിപ്പൂരിലെ പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാംദിനമായ ഇന്ന് നാഗാലാന്‍ഡിലാകും പര്യടനം. രണ്ട് ദിവസമാണ് നാഗാലാന്‍ഡില്‍ യാത്ര തങ്ങുക. അഞ്ചു ജില്ലകളിലായി 257 കിലോമീറ്റര്‍ സഞ്ചരിച്ച് അസമിലെത്തും. എട്ട് ദിവസം കൊണ്ട് അസമിലെ 17 ജില്ലകള്‍ സഞ്ചരിക്കുമ്പോള്‍ സംസ്ഥാനത്ത് 833 കിലോമീറ്റര്‍ യാത്ര കടന്നുപോകും.
ശേഷം അരുണാചല്‍പ്രദേശില്‍ ഒരുദിവസത്തെ പര്യടനം. 55 കിലോമീറ്റര്‍ ദൂരമാണ് അതിര്‍ത്തി സംസ്ഥാനത്ത് കടന്നുപോവുക. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മേഘാലയയില്‍ യാത്ര ചെലവഴിക്കുക. അഞ്ചുകിലോമീറ്റര്‍ മാത്രം മേഘാലയയില്‍ യാത്രചെയ്ത് പശ്ചിമബംഗാളിലെത്തും. നാലുദിവസങ്ങളിലായി സംസ്ഥാനത്തെ ഏഴുജില്ലകളില്‍ 523 കിലോമീറ്റര്‍ യാത്ര സഞ്ചരിക്കും. തുടര്‍ന്ന് ബിഹാറില്‍. നാലുദിവസം കൊണ്ട് 425 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയാകും കോണ്‍ഗ്രസ് കൂടി ഭരണത്തിലുള്ള ബിഹാറില്‍ നടക്കുക.
ശേഷം എട്ടുദിവസം ജാര്‍ഖണ്ഡില്‍ ചെലവഴിക്കും. 13 ജില്ലകളിലായി 804 കിലോമീറ്റര്‍ ദൂരമാകും യാത്ര കടന്നുപോവുക. റൂട്ടിലെ ഒമ്പതാമത്തെ സംസ്ഥാനമായ ഒഡീഷയില്‍ 341 കിലോമീറ്റര്‍ ദൂരം നാലുദിവസം കൊണ്ട് പിന്നിടും. അടുത്തത് ഛത്തിസ്ഗഡ്. സംസ്ഥാനത്ത് അഞ്ചുദിവസം ചെലവിടുമ്പോഴേക്കും 536 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരിക്കും. പിന്നീട് ഉത്തര്‍പ്രദേശില്‍. 1074 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ യാത്ര പിന്നിടുക. 11 ദിവസം കൊണ്ട് 20 ജില്ലകളിലൂടെ കടന്നുപോകും. യാത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഇവിടെയാണ്. യു.പിയില്‍നിന്ന് യാത്ര മധ്യപ്രദേശിലെത്തും. ഏഴുദിവസം കൊണ്ട് 698 കിലോമീറ്റര്‍ ദൂരമാകും യാത്ര മധ്യപ്രദേശിലൂടെ കടന്നുപോവുക. തുടര്‍ന്ന് രാജസ്ഥാനില്‍ ഒരൊറ്റദിവസം ചെലവഴിക്കും. 128 കിലോമീറ്ററാണ് രാജസ്ഥാനിലെ യാത്രാ റൂട്ട്.
നേരത്തെ ആദ്യ ഭാരത് ജോഡോ യാത്രയും രാജസ്ഥാനിലൂടെ കടന്നുപോയതിനാലാണ് സംസ്ഥാനത്തെ യാത്രാ ദൈര്‍ഘ്യം കുറച്ചത്. ശേഷം ഗുജറാത്തിലെത്തും. അഞ്ചുദിവസമാണ് ഗുജറാത്തില്‍ രാഹുലും സംഘവും തങ്ങുക. അപ്പോഴേക്കും 445 കിലോമീറ്റര്‍ യാത്ര നടത്തും. റൂട്ടിലെ അവസാന സംസ്ഥാനമായ മഹാരാഷ്ട്രയിലും അഞ്ചുദിവസമാണ് യാത്ര. ആറുജില്ലകളിലായി 479 കിലോമീറ്റര്‍ പിന്നിട്ട് യാത്ര പൂര്‍ത്തിയാക്കും. അപ്പോഴേക്കും 66 ദിവസങ്ങള്‍ കൊണ്ട് 15 സംസ്ഥാനങ്ങള്‍ കടന്ന് 6,700 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരിക്കും.
ആദ്യ ഭാരത് ജോഡോ യാത്ര അഞ്ചുമാസത്തിലേറെ സമയമെടുത്ത് നാലായിരത്തോളം കിലോമീറ്റര്‍ ആണ് പിന്നിട്ടത്. എന്നാല്‍ അത് പൂര്‍ണമായും കാല്‍നടയായിട്ടാണ് പൂര്‍ത്തിയാക്കിയത്. ഇപ്പോഴത്തെ യാത്ര പ്രത്യേകം തയാറാക്കിയ ബസ്സിലും കാല്‍നടയായും ആണ് പൂര്‍ത്തിയാക്കുന്നത്.
നേരത്തെ കന്യാകുമാരിയില്‍നിന്ന് തുടങ്ങി ശ്രീനഗറില്‍ സമാപിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടമായാണ്
രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാര്‍ ഭാഗത്തേക്ക് ഭാരത് ജോഡോ ന്യായ് എന്ന പേരിലുള്ള രാഹുലിന്റെ യാത്ര. ആദ്യ യാത്ര പൂര്‍ണമായും കാല്‍നടയായി സഞ്ചരിച്ചാണ് രാഹുല്‍ ഗാന്ധി അഞ്ചുമാസം കൊണ്ട് നാലായിരത്തിലധികം കിലോമീറ്റര്‍ പിന്നിട്ടതെങ്കില്‍, ഇപ്പോഴത്തെ യാത്ര ബസ്സിലും കാല്‍നടയായുമാണ് പൂര്‍ത്തിയാക്കുക. യാത്ര മാര്‍ച്ച് മൂന്നാംവാരം മുംബൈയില്‍ സമാപിക്കും. മാര്‍ച്ച് സമാപിക്കുന്നതോടെ തന്നെ ദിവസങ്ങള്‍ക്കകം ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."