കുതിരാനില്‍ എട്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
തൃശൂര്‍: കുതിരാനില്‍ എട്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ കുതിരാന്‍ ഇറക്കത്തില്‍ വഴുക്കുംപാറ കുരിശു പള്ളിയുടെ സമീപത്ത് ചരക്കുലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് മറ്റു വാഹനങ്ങളില്‍ ഇടിച്ചായിരുന്നു അപകടം.
സ്കൂട്ടര്‍ യാത്രികരായ പാലക്കാട് മഞ്ഞപ്ര സ്വദേശികളായ പുത്തന്‍വീട്ടില്‍ കുമാരന്റെ മകന് നിഖില്‍ (28), കൈകുളത്തറ വീട്ടില്‍ വിജേഷ്, കാറില്‍ സഞ്ചരിക്കുകയായിരുന്ന എറണാകുളം കിഴക്കമ്പലം സ്വദേശി ചന്ദ്രന്റെ മകന് ശോഭന്‍ (35) എന്നിവരാണ് മരിച്ചത്. നിഖിലും വിജേഷും തൃശൂരില്‍ ഏഷ്യന്‍ പെയിന്റ്സിന്റെ ഗോഡൗണിലെ ജീവനക്കാരാണ്.
പാലക്കാട് ഭാഗത്തുനിന്നു വരികയായിരുന്ന ചരക്കുലോറിയാണ് കുതിരാനില്‍ വന്‍ അപകടത്തിനിടയാക്കിയത്. ഒരേ ദിശയിലുള്ള വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ചരക്കുലോറി മുന്നില്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു മീതെ പാഞ്ഞുകയറി. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ടെമ്പോ ട്രാവലറില്‍ ഇടിച്ച ലോറി രണ്ടു പിക്കപ്പ് വാനുകളിലും ഇടിച്ച ശേഷം കാറുകളുടെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മറിഞ്ഞ കാറിലുണ്ടായിരുന്ന ശോഭന്‍ തല്‍ക്ഷണം മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഹൈവേ പൊലിസിന്റെയും പീച്ചി പൊലിസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഗുരുവായൂരിലേക്കു കുട്ടിയുടെ ചോറൂണിനു പോയിരുന്ന കുടുംബമാണ് ടെമ്പോ ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ ഗുരുതര പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
അപകട സ്ഥലത്ത് മറ്റൊരു ലോറിക്കു സമീപം പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന വര്‍ക്ഷോപ്പ് ജീവനക്കാരന് പ്രദോഷും ലോറിഡ്രൈവറും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."