കഫീല്‍ ഖാനു പിന്നാലെ വീണ്ടും
മോദിയെന്നു കേട്ടാല്‍ സന്തോഷംകൊണ്ട് ഇരിക്കാന്‍ വയ്യാത്തവരാണ് സംഘ്പരിവാറുകാര്‍. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന മനുഷ്യന്‍, 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായത് മുതലുള്ള ആഹ്ലാദപ്രകടനമല്ല ഇത്. 2001ല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഴുന്നള്ളപ്പെട്ടതിനു പിന്നാലെ, അവിടെ നടന്ന വംശീയ ലഹളകള്‍ക്ക് ഉത്തേജനം നല്‍കിയ ഭരണാധികാരിയെന്ന നിലക്ക് കൂടിയാണത്. ആ ലഹളകളെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണത്തില്‍നിന്നു അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രിയായ അമിത്ഷായും ഇന്നും തീര്‍ത്തും കുറ്റവിമോചിതരായിട്ടില്ല.
ഇന്ത്യക്ക് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയേയും പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായിയേയും ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ പട്ടേലിനെയും ഒക്കെ സംഭാവന ചെയ്ത അതേ ഗുജറാത്തിന്റെ പുത്രനാണ് നരേന്ദ്ര മോദി. 70 വയസുകാരനായ അദ്ദേഹം പിറന്നത്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും. സ്ഥാനമൊഴിഞ്ഞുപോകുന്ന പോക്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കനിഞ്ഞു നല്‍കിയതടക്കം കുറേ ബഹുമതികള്‍ നരേന്ദ്രമോദിക്ക് ലഭിച്ചിട്ടുണ്ടെന്നത് നേര്. എന്നാല്‍ ഈ മോദിയ്ക്ക് മുമ്പ് പ്രഗത്ഭരായ വേറെയും മോദിമാര്‍ക്ക് ജന്മം നല്‍കിയ നാടാണ് ഭാരതം. ലോക്‌സഭയിലും രാജ്യസഭയിലും വെട്ടിത്തിളങ്ങിയ പിലൂ മോദി (1926-1983) അങ്ങനെ ഒരാളായിരുന്നു. ഭാരതീയ ലോക്ദളിലും ജനതാപാര്‍ട്ടിയിലും അംഗമായിരുന്ന അദ്ദേഹം, രാജഗോപാലാചാരിയുടെ സ്വതന്ത്രപാര്‍ട്ടിയുടെയും മുന്‍നിര നേതാക്കന്മാരില്‍ ഒരാളുമായിരുന്നു. 1946ല്‍ ആദ്യത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ തന്നെ ഇന്ത്യയുടെ കുപ്പായമണിഞ്ഞ റൂസി മോദി (1924-1996) മറ്റൊരു പ്രമുഖ മോദിയാണ്. എന്നാല്‍ പുതിയ നൂറ്റാണ്ടിലെ മോദി, നാട് ഭരിക്കാനെത്തിയതു മുതല്‍ വിവാദപുരുഷനാണ്. സ്വന്തം ജനന തിയതി രണ്ടു തവണ മാറ്റിപ്പറയാന്‍ മടിച്ചില്ല, അദ്ദേഹം. നാമനിര്‍ദേശപത്രിക നല്‍കിയപ്പോഴും ആദ്യം അവിവാഹിതനെന്നും പിന്നീട് നേരത്തെ വിവാഹിതനായിരുന്നെന്നും സാക്ഷ്യപ്പെടുത്തുകയും ചെയ്തു, അദ്ദേഹം.
ഇന്ദ്രപ്രസ്ഥം ഭരിക്കാന്‍ രണ്ടാം തവണ ഡല്‍ഹിയിലെത്തിയപ്പോള്‍, ഗുജറാത്തില്‍ തന്റെ നിഴലായി പ്രവര്‍ത്തിച്ച അമിത് ഷായെ ഒപ്പം കൂട്ടിയ അദ്ദേഹം, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഭരിക്കാന്‍ യോഗി ആദിത്യനാഥ് എന്ന പഴയകാല ആര്‍.എസ്.എസ് നേതാവിനു പട്ടും വളയും നല്‍കുകയും ചെയ്തു. മോദിക്കെന്നപോലെ യോഗി ആദിത്യനാഥിനും ഖാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ വിറളിയെടുക്കുന്നു എന്നതാണ് നമ്മുടെ നിര്‍ഭാഗ്യം. കേരളത്തില്‍ മോദി ഭരണകൂടത്തിന്റെ ഭാഗം അഭിനയിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിച്ച് ഒരു ഖാനെയും സംഘ്പരിവാറുകാര്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് അനുഭവം.
അവര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഗൊരഖ്പൂരില്‍ നിന്നുള്ള ശിശുരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. കഫീല്‍ അഹമ്മദ്ഖാന്‍ ആ കഥപറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഗൊരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടു രാത്രികളിലായി 63 കുട്ടികള്‍ പ്രാണവായു കിട്ടാതെ മരണപ്പെട്ടനാള്‍ മുതല്‍ തുടങ്ങിയതാണ് ഈ പീഡനപര്‍വം. 2017 ഓഗസ്റ്റ് പത്തിനു രാത്രിയില്‍ ബാബാ രാഘവദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചു തുടങ്ങുകയായിരുന്നു. ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നിട്ടും വിവരമറിഞ്ഞ് ബി.ആര്‍.ഡി ആശുപത്രിയില്‍ ഓടിയെത്തിയ ഡോ. കഫീല്‍ഖാന്‍ സ്വന്തം ശ്രമത്തില്‍ തന്നെ കുറേ വാതക സിലിണ്ടറുകള്‍ സംഘടിപ്പിച്ച്, കുറേയേറെ കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. വാതകം വിതരണം ചെയ്യുന്ന കമ്പനിക്ക് കുടിശ്ശിക നല്‍കാനുള്ളതിനാല്‍ വിതരണം സ്തംഭിക്കുന്നതായി നേരത്തെതന്നെ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തയാളാണ് ഈ യുവഡോക്ടര്‍. എന്നാല്‍ ഓക്‌സിജന്‍ കട്ടുകടത്തിയെന്നു പറഞ്ഞ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആദ്യം അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് അലിഗഡില്‍ ചെന്നു വിദ്വേഷ പ്രസംഗം നടത്തിയെന്നു പറഞ്ഞു അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയുമാണ് ചെയ്തത്. ആ ആശുപത്രിയില്‍ സിലിണ്ടറുകള്‍ വഴിയല്ല പൈപ്പുകള്‍വഴിയാണ് വാതകമെത്തിക്കുന്നതെന്നു ഓര്‍ക്കാന്‍പോലും കള്ളക്കണക്ക് പറഞ്ഞ അധികൃതര്‍ മറന്നുപോയി.
സര്‍ക്കാര്‍ തന്നെ നിയോഗിച്ച മൂന്നു അന്വേഷണ കമ്മിഷനുകള്‍ രംഗത്ത് വന്നു. അവരെല്ലാം ഡോ. ഖാനെ കുറ്റവിമുക്തനാക്കിയിട്ടും വിചാരണ കൂടാതെയുള്ള തടങ്കലിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒടുവില്‍ ബന്ധുക്കള്‍ നല്‍കിയ ഹരജിയില്‍ അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്‍.എസ്.എ എന്ന ദേശസുരക്ഷാ നിയമം ചുമത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി തള്ളിയതിനെതിരേ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിക്കളയുകയായിരുന്നു.
പൗരത്വ നിയമത്തിനെതിരേ പ്രസംഗിച്ചുവെന്നതായിരുന്നു യു.പി ഗവണ്‍മെന്റിന്റെ കഫീല്‍ ഖാനെതിരേയുള്ള പുതിയ കുറ്റാരോപണം. എന്നാല്‍ ഒരു കേസിലെ കരുതല്‍ തടങ്കല്‍, മറ്റൊരു കേസില്‍ നടപ്പാക്കാന്‍ പാടില്ലെന്നു സുപ്രിംകോടതി വെട്ടിത്തുറന്നുപറഞ്ഞു. സഹോദരന്റെ വിവാഹനാളിലാണ് ഡോ. ഖാനു അനുകൂലമായ സുപ്രിംകോടതി വിധി വന്നത്. ആ വിവാഹനാളില്‍ അണിയുവാനായി തയാറാക്കിയ ഷെര്‍വാണി ധരിച്ച് കോടതിയില്‍ ചെന്ന് അദ്ദേഹം പറഞ്ഞത്, വിധി എതിരാണെങ്കില്‍ ആ വേഷത്തില്‍ ജയിലിലേക്ക് പോകാന്‍ തയാറായിരുന്നു എന്നാണ്. മാതാവിനോടും ഭാര്യയോടും വിടപറഞ്ഞ് കോടതിയിലെത്തിയ തനിക്ക് പക്ഷേ ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെ വിധി മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്തയായി. വിവരം അറിയിച്ചപ്പോള്‍ മാതാവും ഭാര്യയും സന്തോഷാധിക്യത്താല്‍ കരയുകയായിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വീണ്ടും അന്വേഷണ ഉത്തരവ് ഇറക്കിയിരിക്കുകയാണെന്ന് എല്ലാം വിവരിച്ച് ഒരു ഗ്രന്ഥം രചിച്ചുകൊണ്ടിരിക്കുന്ന ഡോ. ഖാന്‍ പറഞ്ഞു. താനതിനെയും ധീരമായി നേരിടുമെന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."