ഐ ലീഗ് ആരവം
കൊല്‍ക്കത്ത: ഐ.എസ്.എല്ലിന് പിന്നാലെ ഇനി ഐ ലീഗ് ആരവവും. ഇന്നു മുതല്‍ കൊല്‍ക്കത്തയിലെ നാലു സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഐ ലീഗില്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍ അരങ്ങേറും. കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്.സിക്കും ഇന്ന് മത്സരമുണ്ട്. ചെന്നൈ സിറ്റി എഫ്.സിക്കെതിരേ രാത്രി ഏഴിന് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. മറ്റു മത്സരങ്ങളില്‍ അരങ്ങേറ്റക്കാരായ സുദേവ എഫ്.സി മുഹമ്മദെന്സിനെയും മിനര്‍വ പഞ്ചാബ് എഫ്.സി ഐസ്വാള്‍ എഫ്.സിയെയും നേരിടും. 11 ടീമുകളാണ് ഇത്തവണ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ ഐ.എസ്.എല്ലിനോട് ചേര്‍ന്നതിനു ശേഷമുള്ള ആദ്യ ഐ ലീഗ് കൂടിയാണിത്. കൊവിഡ് പശ്ചാത്തലത്തില്‍ ടീമുകള്‍ക്ക് ബയോ ബബിള്‍ ഏര്‍പ്പെടുത്തിയാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് നടക്കുന്നത്.
11 മലയാളി താരങ്ങളുമായാണ് ഇത്തവണ ഗോകുലം എഫ്.സി ഇറങ്ങുന്നത്. നാല് വിദേശ താരങ്ങളും ടീമിലുണ്ട്. ഐ.എഫ്.എ ഷീല്‍ഡ് മത്സരങ്ങള്‍ക്ക് വേണ്ടി ഒരു മാസം മുന്‍പ് കൊല്‍ക്കത്തയില്‍ എത്തിയ ഗോകുലം അവിടെ തന്നെ പരിശീലനവും ആരംഭിച്ചു. പുതുതായി ചുമതലയേറ്റ ഇറ്റാലിയന്‍ പരിശീലകന് വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ ആനീസിന്റെ കീഴിലാണ് ഇത്തവണ ഗോകുലം ഇറങ്ങുന്നത്. സീസണിലെ ഐ.എഫ്.എ ഷീല്‍ഡ് ടൂര്ണമെന്റില്ക്വാര്ട്ടറിലെത്തി ടീം കരുത്തുകാട്ടിയെങ്കിലും 1-0ന് മൊഹമ്മദെന്സിനോട് പരാജയപ്പെടാനായിരുന്നു വിധി.
രണ്ടു ഘട്ടമായാണ് ഈപ്രാവശ്യത്തെ മത്സരം. ആദ്യ ഘട്ടത്തില്‍ എല്ലാ ടീമുകളും തമ്മില്‍ കളിക്കും. അതില്‍ ആദ്യ സ്ഥാനത്തെത്തുന്ന ആറു ടീമുകള്‍ രണ്ടാം ഘട്ടത്തില്‍ ഐ ലീഗ് കപ്പിന് വേണ്ടി കളിക്കും. അവശേഷിക്കുന്ന അഞ്ചു ടീമുകള്‍ തമ്മില്‍ കളിച്ച് ഏറ്റവും കുറവ് പോയിന്റുള്ള ടീം തരംതാഴ്ത്തപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."