യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: അനുമതിയില്ലാത്ത ടെന്റുകള്‍ നിരോധിക്കുമെന്ന് ജില്ലാ കലക്ടര്‍
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തിന് പിന്നാലെ വിനോദ സഞ്ചാര മേഖലയല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ ജില്ലാ ഭരണകൂടം. അനുമതിയില്ലാത്ത ടെന്റുകള്‍ നിരോധിക്കുനെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല വ്യക്തമാക്കി. അനുമതിയില്ലാതെ വിനോദസഞ്ചാരികളെ താമസിച്ചാല്‍ ഉടമക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. സംഭവത്തില്‍ തഹസില്‍ദാരോട് വിശദമമായറിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതിനിടെ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി വനംവകുപ്പ് രംഗത്തെത്തി. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. വനത്തില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇരുപത്താറുകാരിയായ യുവതി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഷഹാന.
മേപ്പാടി എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. ഈ റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായും വനംവകുപ്പ് പറയുന്നു. എന്നാല്‍ ഹോംസ്‌റ്റേ ലൈസന്‍സ് ഉണ്ടെന്നാണ് റിസോര്‍ട്ട് ഉടമ അജിനാസ് മാധ്യമങ്ങളോട് പറഞ്ഞത്. ടെന്റിന് പ്രത്യേക ലൈസന്‍സ് നല്‍കുന്ന രീതിയില്ലെന്നും അജിനാസ് പറഞ്ഞു.
യുവതി മരിച്ച സ്ഥലത്തെ കുറിച്ച് അജിനാസ് പറയുന്ന വസ്തുതകളില്‍ വനംവകുപ്പ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. യുവതി ശുചിമുറിയില്‍ പോയി വരുന്ന വഴിയില്‍ കാട്ടാനയെ കണ്ട് ഭയന്ന് വീഴുകയായിരുന്നു. അപ്പോഴാണ് ആക്രമണം നടന്നതെന്നാണ അജിനാസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
വിനോദസഞ്ചാരി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് മരിച്ച ഷഹാന. സഹോദരങ്ങള്‍: ലുഖ്മാന്‍, ഹിലാല്‍, ഡോ. ദില്‍ഷാദ് ഷഹാന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."