HOME
DETAILS

തോൽവി മണത്താൽ അടവ് 19

  
backup
February 12 2022 | 20:02 PM

563245210-2

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടം. ബി.ജെ.പിയുടെ ഭരണക്കുത്തക തകർത്ത് കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പ്രവചനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദവിയിൽനിന്ന് പ്രധാനമന്ത്രിക്കസേരയിലെത്തിയ നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പ് ഫലം അഭിമാനത്തിന്റെ മാത്രമല്ല നിലനിൽപ്പിന്റെ കൂടി പ്രശ്നമായി മാറിയ സാഹചര്യം. ഗുജറാത്തിൽ പാർട്ടി തോറ്റാൽ പാർട്ടിയിലെ മോദിവിരുദ്ധർ തലപൊക്കും. എന്തു വിലകൊടുത്തും അവിടെ വിജയിക്കണമെന്ന് അദ്ദേഹം ചിന്തിച്ചുപോകുന്നത് സ്വാഭാവികം.


അവസാനഘട്ട പ്രചാരണ റാലികളിൽ മോദി ഒരു വജ്രായുധം എടുത്ത് ആഞ്ഞുവീശി. അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും അങ്ങനെ സംഭവിച്ചാൽ ഗുജറാത്ത് പാകിസ്താന്റെ നിയന്ത്രണത്തിലാകുമെന്നുമൊക്കെയായിരുന്നു മോദിയുടെ പ്രസംഗം. അതു ഫലിച്ചു. നേരിയ ഭൂരിപക്ഷത്തിന് ബി.ജെ.പി ജയിച്ചുകയറി.


കോൺഗ്രസ് അധികാരത്തിൽ വരാനാണ് പാകിസ്താൻ ആഗ്രഹിക്കുന്നത് എന്നുപോലുമല്ല മോദി പറഞ്ഞത്. അഹമ്മദ് പട്ടേലിന്റെ പേരു തന്നെ പറഞ്ഞത് ഗുജറാത്തിലെ ഹിന്ദുക്കളിൽ വർഗീയ വികാരമുണർത്തി അതുവഴി ബി.ജെ.പിക്കെതിരേ വീഴാൻ സാധ്യതയുള്ള കുറച്ചു വോട്ടുകളെങ്കിലും അനുകൂലമാക്കിമാറ്റുക എന്ന കൃത്യമായ ലക്ഷ്യത്തോടെ തന്നെയായിരുന്നു.


അതിവിദഗ്ധമായി എടുത്തു പ്രയോഗിക്കുന്ന ദേശീയ വികാരവും വർഗീയ വികാരവുമൊക്കെ തെരഞ്ഞടുപ്പുകളിൽ മികച്ച ആയുധങ്ങളാണ്. ആ സാധ്യത തന്നെയാണ് 2017ൽ ഗുജറാത്തിൽ മോദിയും ഇപ്പോൾ യു.പിയിൽ യോഗി ആദിത്യനാഥും എടുത്തു പ്രയോഗിച്ചത്. യു.പിയിൽ കത്തിനിൽക്കുന്ന കർഷക രോഷത്തെ മറികടക്കാൻ വർഗീയ, പ്രാദേശിക വികാരങ്ങൾക്ക് തീകൊടുത്താൽ മതിയെന്ന് കാഷായ വേഷത്തിലൊളിച്ച ആ രാഷ്ട്രീയ നേതാവിന് മനസ്സിലായിക്കാണണം.


ബി.ജെ.പിക്ക് അധികാരം കിട്ടാത്ത സംസ്ഥാനങ്ങളെല്ലാം മുസ്‌ലിം ആധിപത്യ പ്രദേശങ്ങളാണെന്ന് അവർക്ക് മുൻതൂക്കമുള്ള സംസ്ഥാനങ്ങളിൽ ആ പാർട്ടി പ്രചരിപ്പിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് കേരളവും പശ്ചിമ ബംഗാളും കശ്മിരുമൊക്കെ. അതിന്റെ യാഥാർഥ്യം അങ്ങനെയൊന്നുമല്ലെന്ന് യോഗിക്ക് അറിയാത്തതുകൊണ്ടൊന്നുമല്ല. എന്നാലും ഇത്തരം കള്ളങ്ങൾ പോലും വിശ്വസിക്കാൻ രാജ്യത്ത് ധാരാളം ആളുകളുണ്ടെന്ന് ഇത്തിരി ബുദ്ധിയുള്ള ഏതൊരു ഭരണവർഗ രാഷ്ട്രീയക്കാരനുമറിയാം. അടിയന്തരാവസ്ഥയ്ക്കൊടുവിൽ അതു നടപ്പാക്കിയ കോൺഗ്രസ് നയിച്ച മുന്നണിക്ക് ഭരണത്തുടർച്ചയും എല്ലാ ലോക്സഭാ സീറ്റുകളും നൽകിയ ജനതയാണ് മലയാളികൾ. കുറച്ചു ഭക്ഷണപദാർഥങ്ങളുള്ള കിറ്റ് കിട്ടിയാൽ ഭരണകൂടത്തിന്റെ ജനവിരുദ്ധതയും മനുഷ്യാവകാശ ലംഘനങ്ങളും വരെ മറക്കുന്നവർ.
പ്രബുദ്ധ കേരളം ഇങ്ങനെയാണെങ്കിൽ പിന്നെ യു.പിക്കാരെയും ഗുജറാത്തികളെയുമൊന്നും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. യു.പിയിൽ യോഗിയുടെ പ്രചാരണതന്ത്രവും വിജയിച്ചേക്കും. ജനാധിപത്യം ശീലിക്കാത്ത സമൂഹങ്ങളിൽ കല്ലുവച്ച നുണകൾക്ക് ഒരുപാട് രാഷ്ട്രീയ സാധ്യതകളുണ്ട്.


ചേകവരുടെ നാടായ കടത്തനാട് ഉൾപ്പെടുന്ന ജില്ലയിലാണ് ഇതെഴുതുന്നയാൾ ജീവിക്കുന്നത്. പൊയ്ത്തിൽ യുദ്ധമര്യാദകളുടെ 18 അടവുകളെല്ലാം പയറ്റി തോൽവി ഉറപ്പായാൽ ഒരു നമ്പർ 19 അടവുണ്ട്. നെറിയും നീതിയുമൊന്നും അതിൽ നിർബന്ധമല്ല. അതാണ് യോഗി പ്രയോഗിക്കുന്നത്.


പാവങ്ങൾ വർഗശത്രുക്കൾ


ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് കേരളത്തിൽ നടന്നതായിക്കേട്ട ഒരു കഥയുണ്ട്. അന്ന് യുവാവായിരുന്ന എ.കെ.ജിയും കൂട്ടരും അദ്ദേഹത്തിന്റെ നാട്ടിൽ മുതലാളിത്തം തകരട്ടെയെന്ന് മുദ്രാവാക്യം വിളിച്ചു നടക്കുന്നു. അതുകേട്ട് അവിടുത്തെ ഒരു കൊച്ചു പലചരക്കു കച്ചവടക്കാരൻ ചോദിച്ചത്രെ, 'ഞാൻ ഈ കട നടത്തി ജീവിച്ചുപോകുന്നതിൽ നിനക്കെന്താ ഗോപാലാ വിരോധം' എന്ന്.
കമ്യൂണിസ്റ്റുകാർ എതിർക്കുന്നത് ഇതുപോലെ ചെറിയ സംരംഭങ്ങൾ നടത്തി ജീവിക്കുന്നവരെയല്ലെന്നും ചൂഷകരായ വൻകിട മുതലാളിമാരെയാണെന്നുമൊക്കെ എ.കെ.ജി പറഞ്ഞുകൊടുത്തെങ്കിലും കമ്യൂണിസ്റ്റുകാർ തന്നെപ്പോലുള്ളവരുടെ ശത്രുക്കളാണെന്ന അയാളുടെ വിശ്വാസത്തിന് ഇളക്കം തട്ടിയില്ലത്രെ. ഇത് അങ്ങനെയുള്ള കച്ചവടക്കാരുടെ മാത്രം കാര്യമല്ല. തട്ടുകടക്കാർ പോലും തങ്ങളുടെ വർഗശത്രുക്കളായ ബൂർഷ്വാ വർഗമാണെന്ന് വിശ്വസിച്ചിരുന്ന ഒരുപാട് കമ്യൂണിസ്റ്റുകാരുമുണ്ടായിരുന്നു അടുത്ത കാലം വരെ കേരളത്തിൽ.


ഇതൊക്കെ ഓർത്തുപോയത് കഴിഞ്ഞ ദിവസം വ്യാപാരി- വ്യവസായി ഏകോപന സമിതി നേതാവ് ടി. നസ്റുദ്ദീന്റെ ചരമവാർത്തയറിഞ്ഞപ്പോഴാണ്. ആ സംഘടന രൂപംകൊണ്ടത് 1980കളുടെ തുടക്കത്തിലാണെന്നാണ് ഓർമ. അന്ന് കമ്യൂണിസ്റ്റുകാരുടെ ശക്തമായ പ്രതിഷേധം അതിനെതിരേ ഉയർന്നിരുന്നു. ബൂർഷ്വാ വർഗം സംഘടിക്കുന്നതിനെ എതിർക്കണമല്ലോ. നക്സലൈറ്റുകൾ അടക്കമുള്ള ഇടതുപക്ഷ കക്ഷികളുടെയും അവയുടെ തൊഴിലാളി സംഘടനകളുടെയും പ്രകടനങ്ങളിൽ ഏകോപന സമിതിക്കെതിരേ മുദ്രാവാക്യങ്ങൾ ഉയർന്നതോർക്കുന്നു. അന്ന് അതിനു മറുപടിയായി ചെറുകിട കച്ചവടക്കാരും വ്യവസായ സംരംഭകരും ബൂർഷ്വാ വർഗമല്ലെന്നും ജീവിക്കാൻ വേണ്ടി ആദ്ധ്വാനിക്കുന്നവരാണെന്നും കച്ചവടം നടത്തി പൊളിഞ്ഞ് കുത്തുപാളയെടുത്തവരും ധാരാളമുണ്ടെന്നും നസ്റുദ്ദീൻ പറഞ്ഞതോർക്കുന്നു.
തൊഴിലാളികളോടുള്ള ഏകോപന സമിതിക്കാരുടെ നിലപാടും നിഷേധാത്മകമായിരുന്നു. തൊഴിലാളികളെ ശത്രുക്കളായാണ് അക്കാലത്ത് അവരുടെ നേതാക്കൾ കണ്ടത്. തൊഴിലാളിസംഘടനകളോട് അവർക്ക് ഒരുതരം പുച്ഛവുണ്ടായിരുന്നു.


വിരലിലെണ്ണാവുന്ന വർഷങ്ങൾ കടന്ന് കാലം 80കളുടെ രണ്ടാം പകുതിയിലെത്തി. തൊഴിൽ സമരത്തെ തുടർന്ന് മാവൂർ ഗ്വാളിയോർ റയോൺസ് പൂട്ടിക്കിടക്കുന്നു. അതു തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് അവിടുത്തെ തൊഴിലാളി നേതാക്കളായ മുൻ നക്സലൈറ്റ് നേതാവ് എ. വാസുവേട്ടനും മോയിൻ ബാപ്പുവും നിരാഹാര സമരം നടത്തുന്നു. സ്വാഭാവികമായും ബൂർഷ്വകളായ ഏകോപന സമിതിക്കാർ റയോൺസ് മുതലാളി ബിർളയ്ക്കൊപ്പമായിരിക്കുമെന്നാണ് എന്നെപ്പോലുള്ളവർക്ക് പാർട്ടി ക്ലാസുകളിൽനിന്ന് കിട്ടിയ വർഗബോധം തോന്നിപ്പിച്ചത്. എന്നാൽ ഞങ്ങളെയൊക്കെ ഞെട്ടിച്ച് ഏകോപന സമിതിക്കാർ റയോൺസ് തൊഴിലാളികളുടെ സമരപ്പന്തലിൽ വെള്ളക്കൊടിയേന്തി ഐക്യദാർഢ്യവുമായെത്തി.


അന്ന് അവിടെ പ്രസംഗിച്ച നസ്റുദ്ദീൻ പറഞ്ഞു: 'റയോൺസ് പൂട്ടിക്കിടക്കുന്നതു കാരണം കോഴിക്കോട് നഗരത്തിൽ കച്ചവടം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇവരടക്കമുള്ള തൊഴിലാളികൾക്ക് വരുമാനമുണ്ടായാലേ ഞങ്ങൾക്ക് കച്ചവടം നടത്തി ജീവിക്കാനാവൂ. അതുകൊണ്ടുതന്നെ ഞങ്ങൾ ഈ തൊഴിലാളി സമരത്തിനൊപ്പമാണ്".


വർഗബന്ധങ്ങൾ പഠിച്ച പാഠങ്ങളിലൊന്നും ഒതുങ്ങുന്നതല്ലെന്നും അതിലുമൊക്കെയേറെ സങ്കീർണമാണെന്നും തോന്നി അതു കേട്ടപ്പോൾ. കാലം പിന്നെയും കടന്നുപോയി. സി.പി.എം സ്വന്തമായി വ്യാപാരി- വ്യവസായി സമിതിയുണ്ടാക്കി. പിന്നെയും കാലം പോയപ്പോൾ വൻകിട മാളുകളും സൂപ്പർ മാർക്കറ്റ് ശൃംഖലകളും നടത്തുന്ന മൂലധന ശക്തികൾ ഭരണവർഗ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രിയതോഴരായി. ഇടതുപക്ഷ ഭരണാധികാരികൾ അവരെ ചുവപ്പ് പരവതാനി വിരിച്ചു കാത്തിരിക്കുന്ന അവസ്ഥ വന്നു. അവർ മാർക്കറ്റ് കീഴടക്കിയപ്പോൾ പണ്ട് എ.കെ.ജിയോട് തർക്കിച്ച, നസ്റുദ്ദീനും കൂട്ടരും സംഘടിപ്പിച്ച വർഗം പലയിടങ്ങളിലും ദുരിതത്തിലായി. ഒരുപാട് ചെറുകിട കടകൾ പൂട്ടിപ്പോയി. ജീവിതം വഴിമുട്ടി ആത്മഹത്യ ചെയ്ത വ്യാപാരികളും വ്യവസായികളും നിരവധി.


പാഠപുസ്തകങ്ങളിലെ വരികളുടെ പരിമിതിയിൽ വഴിപിഴച്ചുപോയ കേരളത്തിന്റെ വർഗബോധത്തിന് വർഗബന്ധങ്ങളുടെ ചില പാഠങ്ങൾ പറഞ്ഞുകൊടുത്താണ് വലിയ പ്രത്യയശാസ്ത്ര ജ്ഞാനിയൊന്നുമല്ലാത്ത നസ്റുദ്ദീൻ കടന്നുപോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago