പുസ്തകം മരിക്കുന്നുവോ?
എ.പി കുഞ്ഞാമു
പുസ്തകം മരിക്കുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വായിക്കാൻ ആളില്ല, ഡിജിറ്റൽ മാധ്യമങ്ങളുടെ വേലിയേറ്റത്തിൽ അച്ചടി ഊർദ്ധശ്വാസം വലിക്കുന്നു. വായിക്കാൻ ആർക്കാണ് നേരം? അല്ലെങ്കിൽ വായിച്ചിട്ടെന്ത് കാര്യം? ഇങ്ങനെയൊക്കെയാണ് വായനയുടെ കാര്യത്തിൽ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന വികാരതരംഗങ്ങൾ. ഇങ്ങനെയൊരവസ്ഥയിലും പുസ്തകദിനമോ? ഏപ്രിൽ 23 പുസ്തകദിനമായി ഐക്യരാഷ്ട്രസഭ 1995 മുതൽ ആചരിച്ചുവരികയാണ്. അന്താരാഷ്ട്ര പുസ്തകദിനം, ലോക പുസ്തകദിനം, പകർപ്പവകാശദിനം എന്നെല്ലാം വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ദിനാചരണത്തിനു പിന്നിൽ യുനെസ്‌കോ കാണുന്ന ലക്ഷ്യം വായനയേയും പ്രസാധനത്തേയും പകർപ്പവകാശത്തേയും നിലനിർത്തുക എന്നതാണ്. അയർലൻഡിലും ഗ്രേറ്റ് ബ്രിട്ടനിലും മാർച്ചിലാണ് പുസ്തകദിനം കൊണ്ടാടുന്നത്.
1922 ലാണ് ലോകത്ത് ആദ്യമായി പുസ്തകദിനം എന്ന ആശയം ഉരുവപ്പെടുന്നത്. സ്പാനിഷ് എഴുത്തുകാരനായ വിസെന്റെ ക്ലാവൽ ആൻഡ്രസ് ആണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. 1926 ഒക്ടോബർ 7 ന് ആദ്യമായി പുസ്തകദിനം കൊണ്ടാടപ്പെട്ടു. ലോക പ്രശസ്ത സ്പാനിഷ് എഴുത്തുകാരൻ സെർവാന്റസിന്റെ (ഡോൺ ക്വിഹോത്തെ എന്ന ഐതിഹാസിക കഥാപാത്രത്തിന്റെ സ്രഷ്ടാവ് ) ജന്മദിനമാണ് ഒക്ടോബർ 7. സ്‌പെയിനിൽ ഒക്ടോബർ മഞ്ഞുകാലത്തിന്റെ തുടക്കമാണ്. സ്‌പെയിനിൽ കാറ്റലോണയിലായിരുന്നു പുസ്തകദിനം കാര്യമായി ആഘോഷിച്ചിരുന്നത്. പ്രധാന പ്രവിശ്യകളിലൊന്നായ കാറ്റലോണയിലെ പ്രാദേശികോത്സവമായ ദിയാ ദാ ദെസെയിൻ്റ് ജോർദിയുമായി ഒത്തുപോകുന്ന തരത്തിൽ പിന്നീടത് വസന്ത കാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. അങ്ങനെ 1930ൽ പുസ്തകദിനം ഏപ്രിൽ 23 ലേക്ക് മാറ്റി. ഏപ്രിൽ 23 ആണ് സെർവാന്റസിന്റെ ചരമദിനം. വില്യം ഷെയിക്‌സ്പിയറിന്റെ ചരമദിനവും ഏപ്രിൽ 23 തന്നെ.
പുസ്തകദിനത്തോടനുബന്ധിച്ച് യുനസ്‌കോ ഒരു നഗരത്തെ പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കുന്നുമുണ്ട്. 2001ൽ സ്‌പെയിനിലെ മാഡ്രിഡ് ആദ്യത്തെ പുസ്തക തലസ്ഥാനമായി. ഈ തെരഞ്ഞെടുപ്പിന്ന് ചില മാനദണ്ഡങ്ങളുണ്ട്. അതുപ്രകാരം 2022 ലെ പുസ്തകതലസ്ഥാനം മെക്‌സിക്കോയിലെ ഗുവാദലാ ഹാറയാണ്. 2003ൽ ഡൽഹി ലോക പുസ്തക തലസ്ഥാനമായിരുന്നു.
പ്രധാനമായും പുസ്തകത്തെ പൊതുജീവിതത്തിൽ അടയാളപ്പെടുത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. പുസ്തകം മനുഷ്യരുടെ സാമൂഹ്യനിലനിൽപിന്റെ കേന്ദ്ര ബിന്ദുക്കളിൽ പ്രധാനമായിരുന്ന കാലത്താണ് ഇങ്ങനെയൊരു ദിനാചരണത്തിന്ന് യുനെസ്‌കോ മുൻ കൈയെടുത്തത്. പക്ഷേ പുസ്തകങ്ങൾ പുതിയ വിവര വിനിമയോപാധികളുടെ പശ്ചാത്തലത്തിൽ അപ്രധാനമാവുകയും ഇനി പുസ്തകത്തിന്ന് ഭാവിയില്ല എന്ന ധൃതി പിടിച്ചുകൊണ്ടുള്ള സാമാന്യവൽക്കരണത്തിലേക്ക് ലോകം എത്തിച്ചേരുകയും ചെയ്തു. ഇന്റർനെറ്റിന്റെ ആവിർഭാവമാണ് അതിനു പ്രധാനമായും വഴിയൊരുക്കിയത്. ഗുട്ടൻബർഗ് അച്ചടി കണ്ടുപിടിച്ചതോടെയാണ് പുസ്തകം മനുഷ്യചിന്തയുടെ മേൽ ആധിപത്യം സ്ഥാപിച്ചത്. ഇൻ്റർനെറ്റ് അത് തകർത്തെറിഞ്ഞു എന്നാണ് പറയാറുള്ളത്. എന്നാൽ അത് ശരിയോ? അല്ലെന്ന് വെളിപ്പെടുത്തുന്ന പല അനുഭവങ്ങളുമുണ്ട്. വായന മരിച്ചു കഴിഞ്ഞു എന്ന് കൊട്ടിഘോഷിക്കപ്പെട്ട കാലത്താണ് അലക്‌സ് ഹാലിയുടെ റൂട്ട്സ് എന്ന കൃതി പ്രകാശനം ചെയ്യപ്പെടുന്ന ദിവസത്തിന്റെ തലേന്നു രാത്രിതന്നെ അമേരിക്കയും യൂറോപ്പിലും പലേടങ്ങളിലും അതിന്റെയൊരു കോപ്പി ചൂടോടെ കൈയിൽ കിട്ടാൻ വേണ്ടി വായനക്കാർ മണിക്കൂറുകളോളം ക്യൂ നിന്നത്. ഹാരി പോട്ടർ സീരിസിലെ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശന വേളയിലും ഇതായിരുന്നു സ്ഥിതി. വളരെ ചെറിയ ഭാഷയായ മലയാളത്തിൽ പോലും സമാനമായ അനുഭവങ്ങളുണ്ട്. ആട് ജീവിതമെന്ന പുസ്തകം ലക്ഷക്കണക്കിന്ന് കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇംഗ്ലീഷിലും അത് ചൂടപ്പം പോലെ വിറ്റുപോയി. ബഷീറിന്റെ പുസ്തകങ്ങൾക്ക് ഇപ്പോഴും വിൽപ്പനയും വായനക്കാരുമുണ്ട്. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം അമ്പതിലേറെ പതിപ്പുകളിറങ്ങി. ഇങ്ങനെ നോക്കുമ്പോൾ പുസ്തകം മരിച്ചു എന്ന പ്രസ്താവന സാമാന്യമായ അർഥത്തിൽ ശരിയല്ല. പുസ്തകങ്ങൾക്ക് ഇപ്പോഴും വിൽപ്പനയുണ്ട്. അത് ഓരോ പുസ്തകത്തിൻ്റെയും നിലവാരവും മൂല്യവുമനുസരിച്ചാവാം. എഴുത്തുകാരന്റെ ജനസമ്മതിയുടെ അടിസ്ഥാനത്തിലാവാം, ചിലപ്പോൾ പുസ്തകമുണ്ടാക്കുന്ന സെൻസേഷൻ മൂലം പോലുമാവാം. ഏതായാലും പുസ്തകത്തെ മൊത്തത്തിൽ എഴുതിത്തള്ളാൻ വരട്ടെ.
എന്നുവച്ച് പുസ്തകം യാതൊരു പ്രതിസന്ധിയേയും അഭിമുഖീകരിക്കുന്നില്ല എന്ന് പറഞ്ഞുകൂടാ. വായനാസമ്പ്രദായം മാറിയതാണ് അതിനു പ്രധാന കാരണം. കടലാസുരഹിത സംവേദന/വിവര വിനിമയ രീതിക്ക് പ്രാമുഖ്യം ലഭിച്ചതോടെ അച്ചടിച്ചു ബൈൻഡ് ചെയ്ത് പേജു മറിച്ച് വായിക്കുന്ന രീതിക്ക് പകരം ഇലക്ട്രോണിക് വായനയിലേക്ക് ലോകം മാറി. താരതമ്യേന പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും ഡിജിറ്റൽ ഇമിഗ്രൻ്റുകളായ പുതിയ തലമുറക്ക് അതാണെളുപ്പവും. കിന്റലിലേക്കും മറ്റും വായന മാറിയത് അങ്ങനെയാണ്. അപ്പോഴും വായനയെ ഗൗരവമായെടുക്കുന്നവർ അച്ചടിച്ച പുസ്തകങ്ങൾക്കാണ് മുൻഗണന നൽകുന്നത്. വിശേഷിച്ചും പ്രായം ചെന്നവർ. പുസ്തകത്തിന്റെ മണം പോലും അവരെ പ്രലോഭിപ്പിക്കുന്ന ഘടകമാണ്.
അപ്പോഴും പുസ്തകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ കണ്ടില്ലെന്ന് നടിക്കാനാവുകയില്ല. ആഗോളതലത്തിൽ തന്നെ ഇതനുഭവപ്പെടുന്നു. വായന വളരെയധികം ദൃശ്യവൽക്കരിക്കപ്പെട്ടു ഈയിടെയായി. ഗ്രാഫിക് നോവലുകൾക്ക് ലഭിക്കുന്ന ജനസമ്മതി അതാണ് തെളിയിക്കുന്നത്. നോബൽ, പുലിറ്റ്‌സർ പോലെയുള്ള സമ്മാനങ്ങൾക്ക് ഗ്രാഫിക് നോവലുകൾ ഇന്ന് പരിഗണിക്കപ്പെടുന്നു. മഹത്തായ ക്ലാസിക് കൃതികൾ പോലും ഇന്ന് ചിത്രകഥകളായി അവതരിപ്പിക്കപ്പെട്ടുന്നു. ഈ ദൃശ്യത പുസ്തക പാരായണത്തെ മറ്റൊരു തലത്തിലെത്തിച്ചിട്ടുണ്ട്.
പുസ്തക വായനക്ക് പകരം മറ്റു സംവേദനോപാധികൾ പൊതുജീവിതത്തിൽ ഇടംപിടിച്ചത് പുസ്തകത്തിന്റെ ഗ്ലാമറിന് വലിയ ഇടിച്ചിലുണ്ടാക്കി. വാട്ട്‌സ് ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെയാണ് ഇപ്പോൾ മിക്കവാറും പുതിയ തലമുറയുടെ വായന. ഫേസ്ബുക്കിലൂടെ സീരിയലൈസ് ചെയ്ത നോവലും അനുഭവക്കുറിപ്പുകളുമൊക്കെ വൈറലാവുകയും പിന്നീടവ പുസ്തക രൂപത്തിൽ വന്ന് ബെസ്റ്റ് സെല്ലറാവുകയും ചെയ്ത അനുഭവങ്ങൾ മലയാളത്തിൽ പോലുമുണ്ട്.
പുസ്തകം വായിക്കാനാളില്ല എന്നു പറയുമ്പോഴും പ്രസാധന സംരംഭങ്ങൾ പെരുകിവരുന്നു എന്നതാണ് പുസ്തകലോകത്തെ ഒരു കൗതുകം. പക്ഷേ വിൽപ്പനയ്ക്ക് പഴയ തന്ത്രങ്ങളല്ല ഇന്നുള്ളത്. വളരെ മുമ്പൊക്കെ എഴുത്തുകാർ പുസ്തകം കെട്ടാക്കി വീടുവീടാന്തരം കയറി വിറ്റിരുന്നു. പിന്നീടാണ് പുസ്തകശാലകൾ പ്രബലമായത്. ഇപ്പോൾ പഴയ സ്ഥിതി പുതിയ രീതിയിൽ പുനഃസ്ഥാപിക്കപ്പെട്ടു. ഗ്രന്ഥകാരന്മാർ മുൻകൈയെടുത്താണ് പലപ്പോഴും വിൽപ്പന. ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഡയരക്ട് സെല്ലിങ്ങിന്ന് പ്രചാരം വർധിച്ചുവരികയാണത്രേ. പുസ്തകപ്രസാധനവും വിൽപനയും കടന്നുപോകുന്ന അവസ്ഥാന്തരങ്ങൾ മലയാളത്തിന്റെ പശ്ചാത്തലത്തിലും പല കൗതുകങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."