സാമ്പത്തിക ചുഴിയിൽ നിലകിട്ടാതെ സംസ്ഥാനം
കടമെടുപ്പിനു കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനം സാമ്പത്തിക ചുഴിയിലകപ്പെട്ടിരിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളും കിഫ്ബിയും കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ വരുമെന്ന കേന്ദ്ര നിലപാടാണ് കേരളത്തെ പരുങ്ങലിലാക്കിയത്. കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്ന ഗുരുതരമായ അവസ്ഥയിലേക്കായിരിക്കും കേരളം എത്തുക. ഈ വർഷം കടമെടുക്കാവുന്ന 32,435 കോടി രൂപയിൽ പകുതിയും നഷ്ടപ്പെടാനാണ് സാധ്യത. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ട്രഷറി ബില്ലുകൾ മാറുന്നതിന് സംസ്ഥാന സർക്കാർ നിയന്ത്രണമുണ്ട്. കേന്ദ്രത്തിൽനിന്ന് കടമെടുക്കാൻ കഴിയുന്നില്ലെങ്കിൽ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിക്കാനായിരിക്കും സർക്കാർ ഒരുങ്ങുക. അതോടെ ശമ്പളവും പെൻഷനും മുടങ്ങും. ഇതിനിടയിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയിരിക്കുന്നത്.ഓരോ മാസത്തിലും അഞ്ചാം തിയതി ശമ്പളം നൽകാമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തൊഴിലാളി സംഘടനകളുമായി കരാർ ഒപ്പിട്ടതായിരുന്നു. കരാർ പ്രകാരം അഞ്ചാം തിയതി ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞില്ല. ഇതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തി. ഗതാഗത മന്ത്രി ആൻ്റണി രാജു കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് പറഞ്ഞൊഴിഞ്ഞിരിക്കുകയാണ്. മാനേജ്മെന്റും തൊഴിലാളി യൂനിയനുകളും തന്നെ പരിഹാരം കാണണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ധനമന്ത്രി കെ.എൻ ബാലഗോപാലും ഇതേ നിലപാടിലാണ്. കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുവദിച്ച തുകയ്ക്കപ്പുറം നൽകാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹവും വ്യക്തമാക്കിയത്.
കേന്ദ്ര ധനകാര്യ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഓരോ വർഷവും സംസ്ഥാനത്തിന് വായ്പാ പരിധി നിശ്ചയിച്ച് നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ കടമെടുപ്പ് നിയന്ത്രണവും സംസ്ഥാന സർക്കാരിന്റെ ട്രഷറി നിയന്ത്രണം കടുപ്പിക്കലും കെ.എസ്.ആർ.ടി.സി ശമ്പള മുടക്കവും എല്ലാം കൂടി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തരമൊരു ചുറ്റുപാടിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയോ ഘട്ടംഘട്ടമായി വിതരണം ചെയ്യാൻ തീരുമാനിക്കുകയോ ചെയ്താൽ ജനജീവിതത്തെ അതു ബാധിക്കും. കിഫ്ബിയെ ഉപയോഗപ്പെടുത്തി സർക്കാർ വളഞ്ഞവഴിയിലൂടെ കടമെടുപ്പ് നടത്തി എന്നതാണ് കേന്ദ്രം സംസ്ഥാന സർക്കാരിൽ കാണുന്ന പിഴവ്.
കേന്ദ്രത്തിൽനിന്ന് കടമെടുക്കുന്ന തുകകൊണ്ട് സർക്കാർ ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ, ഭരണപരമായ മറ്റു ചെലവുകൾ എന്നിവയിലേക്കു നീക്കിവച്ചാൽ വികസന പ്രവർത്തനങ്ങൾക്ക് കാര്യമായ തുകയുണ്ടാവില്ല. ഇത് പരിഹരിക്കാനാണ് സർക്കാർ കിഫ്ബിയിലൂടെ കടമെടുപ്പ് നടത്തിയത്. ഈ വളഞ്ഞ വഴി അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. സി.എ.ജി റിപ്പോർട്ടും ഇങ്ങനെ തന്നെയായിരുന്നു. കേന്ദ്ര സർക്കാരാകട്ടെ പിടിവിട്ടതുമില്ല. കിഫ്ബിക്ക് വേണ്ടിയും മറ്റു പൊതുമേഖലാസ്ഥാപനങ്ങൾക്ക് വേണ്ടിയും എടുത്ത കടം കഴിഞ്ഞുള്ള തുകയേ കടമായി നൽകൂവെന്ന കേന്ദ്ര നിലപാടാണിപ്പോൾ സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നത്.
വായ്പാ അനുമതി കിട്ടാതിരുന്നാൽ ചെലവഴിക്കലിൽ കൂടുതൽ നിയന്ത്രണമായിരിക്കും സർക്കാർ ഭാഗത്ത് നിന്നുണ്ടാവുക. പിടിച്ചുനിൽക്കാൻ സഹകരണ ബാങ്കുകളിൽനിന്നും സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കണ്ടെത്തുകയാണെങ്കിൽ അത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയേയുള്ളൂ. സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയാൽ സർക്കാർ ഓഫിസുകളിലെ ഫയൽ നീക്കം സ്തംഭിക്കും. ഇത് പൊതുജീവിതത്തെയും സർക്കാരിന്റെ വിവിധ പദ്ധതികളേയും ബാധിക്കും. ഒരു മാസത്തെ സർക്കാർ ചെലവ് 13,733, 00 കോടിയാണ്. വരുമാനം 11,205.00 കോടിയും. ആകെ ചെലവിന്റെ പാതിയോളം വിനിയോഗിക്കുന്നത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ്. സംസ്ഥാനത്തിന്റെ ചെലവ് ക്രമാതീതമായി വർധിക്കുന്നതും വരുമാനം വർധിക്കാതിരിക്കുന്നതുമാണ് കടമെടുക്കാതെ പറ്റില്ലെന്ന അവസ്ഥയിൽ സർക്കാരിനെ എത്തിച്ചത്. ഇതിനിടയിലാണ് ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രം നിർത്താൻ പോകുന്നതും. ഇതോടെ വലിയ തിരിച്ചടിയായിരിക്കും സാമ്പത്തിക മേഖലയിൽ സർക്കാരിന് അഭിമുഖീകരിക്കേണ്ടി വരിക.
സർക്കാരിന്റെ അനാവശ്യ ചെലവുകൾ വരുത്തിവയ്ക്കുന്ന ബാധ്യത കണ്ടില്ലെന്ന് നടിക്കാനാവില്ല. തെരഞ്ഞെടുപ്പിൽ തോറ്റ എ. സമ്പത്തിനെ കാബിനറ്റ് പദവിക്ക് തുല്യമായ റാങ്കിൽ ഡൽഹിയിലെ കേരള ഹൗസിൽ നിയമിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പ്രസ്തുത നിയമനംകൊണ്ട് എന്തു നേട്ടമാണ് സംസ്ഥാനത്തിനുണ്ടായത്?
നികുതി കുടിശ്ശിക കാര്യക്ഷമമായി പിരിച്ചെടുക്കുന്നില്ല. നികുതിയിതര വരുമാനം വർധിപ്പിക്കാൻ ഒരുശ്രമവും നടക്കുന്നില്ല. സംസ്ഥാനത്തെ ആകെ ജനസംഖ്യ മൂന്നേകാൽ കോടിയാണ്. കേരളത്തിന്റെ പൊതുകടം ഇപ്പോൾ മൂന്ന് ലക്ഷം കോടിയാണ്. അതായത് ആളോഹരി കടം 90,000 രൂപയാണെന്നർഥം. ഇതിനൊക്കെ പുറമെയാണ് കെ റെയിലിനുവേണ്ടി 55,000 കോടി കടമെടുക്കാൻ ഒരുങ്ങുന്നത്. പദ്ധതി തുടങ്ങുകയാണെങ്കിൽ ഇത് ഒന്നേകാൽ ലക്ഷം കോടി കവിയുമെന്നാണ് നീതി ആയോഗ് പറയുന്നത്. ഇത്തരം പൊങ്ങച്ച പദ്ധതികളാണ് ശ്രീലങ്കൻ സർക്കാരിനെ തകർത്തത്. നികുതി വരുമാനത്തിലെ നഷ്ടമാണ് ഏറ്റവും വലിയ കടബാധ്യത ഈ സാമ്പത്തിക വർഷത്തിൽ കേരളത്തിനു വരുത്തിവച്ചത്. നികുതി പിരിക്കുന്നതിൽ സർക്കാരിന് തീരെ താൽപര്യമില്ല. പരോക്ഷ നികുതി പിരിക്കുന്നതിൽ സംസ്ഥാനം ഏഴാം സ്ഥാനത്താണ്. വരവറിയാതെ ചെലവാക്കാൻ തുടങ്ങിയാൽ അവസാനം കുത്തുപാളയെടുക്കേണ്ടിവരുമെന്ന പഴമൊഴിയിൽ എത്തിനിൽക്കുകയാണിപ്പോൾ സംസ്ഥാനം.
ശമ്പളത്തിനും മറ്റുമായി രണ്ടായിരം കോടി രൂപ കടമെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെയാണ് കേന്ദ്ര സർക്കാർ തടഞ്ഞിരിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധിയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേന്ദ്ര സർക്കാർ ഉപയോഗിച്ചുകൂടെന്നില്ല. അതിന് പിണറായി സർക്കാർ വഴങ്ങുകയാണെങ്കിൽ പ്രതിസന്ധി താൽക്കാലികമായി മാത്രമേ ശമിക്കുകയുള്ളൂ. സാമ്പത്തിക അച്ചടക്കം കർശനമായി പാലിക്കുക. വരുമാനം അനുസരിച്ച് മാത്രം ചെലവഴിക്കുക. നികുതിയും ഇതര വരുമാനവും വർധിപ്പിക്കുക. ധൂർത്ത് ഒഴിവാക്കുക. എങ്കിൽ മാത്രമേ പൂർണമായും ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് പിടിച്ചുനിൽക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."