വാരാണസി സ്‌ഫോടനം വലിയുല്ല ഖാന് വധശിക്ഷ
ഗാസിയാബാദ്
2006 ലെ വാരാണസി സ്‌ഫോടന പരമ്പര കേസിൽ മുഖ്യപ്രതി വലിയുല്ല ഖാന് വധശിക്ഷ. കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു.
സ്‌ഫോടക വസ്തു നിയമ പ്രകാരവും പ്രതിക്കെതിരേ കുറ്റം തെളിഞ്ഞു. ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2006 മാർച്ച് ഏഴിന് ബനാറസ് ഹിന്ദു സർവകലാശാലയ്ക്കും ക്ഷേത്രത്തി നും സമീപമുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെടുകയും 100 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
സർവകലാശാലയ്ക്കടുത്തുള്ള സൻകട് മോചൻ ക്ഷേത്രത്തിനോട് ചേർന്നായിരുന്നു സ്‌ഫോടനം. ഈ കേസിൽ ഖാന് സ്‌ഫോടക വസ്തു നിയമപ്രകാരം ജീവപര്യന്തം തടവ് വിധിച്ചു. 2.65 ലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. ഖാൻ മാർച്ച് 4 ന് വാരണാസിയിൽ ഉണ്ടായിരുന്നെന്ന് രണ്ട് ദൃക്‌സാക്ഷികളും മാർച്ച് 7 ന് സ്‌ഫോടനം നടന്നിടത്ത് ബാഗുമായി ഖാനെ കണ്ടുവെന്ന സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് സ്‌ഫോടനത്തിൽ ഖാന് പങ്കുണ്ടെന്ന് കോടതി സ്ഥിരീകരിച്ചത്.
2006 ഏപ്രിൽ അഞ്ചിനാണ് ഖാൻ ലഖ്‌നൗവിൽ അറസ്റ്റിലാകുന്നത്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഖാന്റെ പക്കൽനിന്ന് കണ്ടെത്തിയിരുന്നുവെന്നാണ് എഫ്.ഐ.ആർ. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൈവശംവച്ച കേസിൽ 10 വർഷം കഠിനതടവിനും വിധിച്ചിരുന്നു.
രണ്ടു കേസുകളും വാരണാസിയിൽനിന്ന് ഗാസിയാബാദിലേക്ക് മാറ്റുകയായിരുന്നു. 2006 മാർച്ച് മൂന്നിന് ഒരു സംഘം അഭിഭാഷകർ ഖാനെ മർദിച്ചതിനെ തുടർന്നായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."