ആ വാക്കുകളിലുണ്ട് മനസിലെ നന്മ
താനും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രത്തകരാര്‍ മൂലം ചതുപ്പില്‍ ഇടിച്ചിറക്കിയതിനെ പരാമര്‍ശിച്ച് ഗള്‍ഫ് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി നടത്തിയ പ്രതികരണം ഓര്‍ക്കുന്നുണ്ടോ. 'ദൈവത്തിന് നന്ദി' എന്നായിരുന്നു ആ പ്രതികരണം. ഈ പ്രതികരണത്തെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ദൈവ, മത വിമര്‍ശകരായ ചിലര്‍ നടത്തിയ പരാമര്‍ശം ശ്രദ്ധിച്ചിരുന്നോ. 'യൂസഫലിയെ രക്ഷിച്ചത് അല്ലാഹുവോ, അതോ ഹെലികോപ്റ്റര്‍ പൈലറ്റോ' എന്നായിരുന്നു അവരുടെ ചോദ്യം. നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ കെട്ടിടത്തിനു മുകളിലോ പരുക്കന്‍ നിലത്തോ ഇടിച്ചുവീണ് തീ പിടിച്ച് വലിയ ദുരന്തമുണ്ടാകാതെ രക്ഷിച്ചത് ദൈവമല്ല, ആ ഹെലികോപ്റ്റര്‍ പറത്തിയ മിടുക്കനായ പൈലറ്റാണ് എന്നാണ് അവര്‍ യുക്തിയുക്തം സമര്‍ഥിക്കാന്‍ ശ്രമിച്ചത്. പൈലറ്റിന് ആ സമയത്ത് മനസ്സാന്നിധ്യം നഷ്ടപ്പെടുകയോ താഴേയ്ക്കു നോക്കി അപകടരഹിതമായി താഴെയിറക്കാന്‍ പറ്റിയ ചതുപ്പുനിലം കണ്ടെത്താന്‍ കഴിയാതെ വരികയോ ചെയ്തിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നും അതുകൊണ്ട് യൂസഫലി തീര്‍ച്ചയായും നന്ദി പറയേണ്ടിയിരുന്നത് ആ പൈലറ്റിനു മാത്രമായിരുന്നുവെന്നും അവര്‍ വാദിച്ചു.
വിമര്‍ശകര്‍ ഉന്നയിച്ച മറ്റൊരു വാദം ഇങ്ങനെയായിരുന്നു: 'സംഭവിക്കുമായിരുന്ന ദുരന്തത്തില്‍ നിന്നു യൂസഫലിയെയും കുടുംബത്തെയും ദൈവമാണു രക്ഷിച്ചതെങ്കില്‍, ആ ദൈവം സത്യത്തില്‍ ചെയ്യേണ്ടിയിരുന്നത് അത്തരമൊരു അപകടം സൃഷ്ടിക്കാതിരിക്കലായിരുന്നില്ലേ'.
ഇത്തരം വിമര്‍ശനങ്ങള്‍ യൂസഫലി കണ്ടിരുന്നോ എന്നറിയില്ല. എന്തായാലും അദ്ദേഹം അവയെക്കുറിച്ച് എവിടെയെങ്കിലും പ്രതികരിച്ചതായി കണ്ടിട്ടില്ല. 'പരമകാരുണികന്റെ അനുഗ്രഹം' എന്നു താന്‍ അന്നു നടത്തിയ പ്രതികരണം മാറ്റിപ്പറഞ്ഞതായും ശ്രദ്ധയില്‍ പെട്ടിട്ടില്ല.
എം.എ യൂസഫലി കഴിഞ്ഞദിവസം വീണ്ടും അതേ പ്രതികരണം നടത്തി: 'ദൈവത്തിന് നന്ദി'
ഇത്തവണ തന്റെ ജീവന്‍ രക്ഷിച്ചതിനായിരുന്നില്ല, ആ നന്ദി പ്രകടനം, ഒരു യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ തന്നെ നിമിത്തമാക്കിയതിനാണ് അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞത്.
ഇവിടെയാണ് കാരുണികനായ യഥാര്‍ഥ മനുഷ്യനെയും മറ്റുള്ളവരുടെ വാക്കിലേയ്ക്കും പ്രവൃത്തികളിലേയ്ക്കും ചുഴിഞ്ഞുനോക്കി അനാവശ്യ വിമര്‍ശനം നടത്തുന്ന ദോഷൈകദൃക്കുകളെയും തിരിച്ചറിയേണ്ടത്. വിമര്‍ശിക്കാനും അപഹസിക്കാനും എളുപ്പമാണ്, പ്രവര്‍ത്തിച്ചു കാണിക്കാനാണ് പ്രയാസം.
ഇവിടെ മത, ദൈവനിന്ദകരായ ദോഷൈകദൃക്കുകള്‍ യൂസഫലിയുടെ വാക്കില്‍ കയറിപ്പിടിച്ചു കൃതാര്‍ഥരാവുകയായിരുന്നു. അതുകൊണ്ട് അവര്‍ക്ക് എന്തു നേട്ടമാണുണ്ടായത്. ഒരാള്‍, സ്വജീവന്‍ രക്ഷപ്പെട്ട ഘട്ടത്തിലും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനായ ഘട്ടത്തിലും തന്റെ വിശ്വാസമനുസരിച്ചു ദൈവത്തിനു നന്ദി പറയുന്നു. അതിലെന്താണു തെറ്റ്. അതിലെന്താണ് മറ്റുള്ളവര്‍ക്കു വിമര്‍ശിക്കേണ്ട കാര്യം.
ഹെലികോപ്റ്റര്‍ അപകടം കൂടാതെ നിലത്തിറക്കിയത് ധീരനായ ആ പൈലറ്റ് തന്നെയാണെന്ന് അറിയാഞ്ഞല്ല. മറ്റൊരാളെ വധശിക്ഷയില്‍ നിന്നു രക്ഷിക്കാനാവശ്യമായ വന്‍ തുക ദയാധനമായി നല്‍കിയത് തന്റെ കീശയില്‍ നിന്നാണെന്നും ബോധ്യമില്ലാഞ്ഞല്ല. പലരും ഇത്തരം സന്ദര്‍ഭത്തില്‍ മേനി നടിക്കുകയോ പൊങ്ങച്ചം പറയുകയോ അഹങ്കരിക്കുകയോ ചെയ്യും. അതാണ് സാമാന്യമായി കാണാറുള്ളത്. അതിനു പകരം, എളിമയോടെ പ്രതികരിക്കുന്നതാണ് മഹത്വം. എളിമയുടെ പ്രകടനങ്ങളില്‍ ഏറെ നല്ലതാണ് സ്വന്തം വിശ്വാസമനുസരിച്ചു, ദൈവത്തിനു നന്ദി പറയുന്നത്. അങ്ങനെ പെരുമാറിയ മനുഷ്യന്റെ നന്മനിറഞ്ഞ മനസ് പ്രകീര്‍ത്തിക്കപ്പടുകയാണു വേണ്ടത്.
ഇരിങ്ങാലക്കുട നടവരമ്പ് ചെറോട്ടയില്‍ വീട്ടില്‍ ബെക്‌സ് കൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ ഏതാനും ദിവസം മുമ്പു വരെ തൊട്ടടുത്തെത്തി നില്‍ക്കുന്ന മരണത്തിനു മുന്നില്‍ വെറുങ്ങലിച്ചു നില്‍ക്കാന്‍ വിധിക്കപ്പെട്ടവനായിരുന്നു. ഭരണകൂടം തീരുമാനിക്കുന്ന ഏതു നിമിഷവും അയാള്‍ ഓര്‍മയായി മാറുമായിരുന്നു. ഇന്നാകട്ടെ, ജീവിതം തിരിച്ചുകിട്ടിയ അനിര്‍വചനീയമായ നിര്‍വൃതിയിലാണ് ബെക്‌സ്. ഇനി അയാള്‍ വധശിക്ഷയ്ക്കു വിധേയമാക്കപ്പെടേണ്ട തടവുപുള്ളിയല്ല.
ബെക്‌സ് മനഃപൂര്‍വം ആരെയും കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. ഒരു വാഹനാപകടമാണ് അദ്ദേഹത്തെ കൊലപ്പുള്ളിയാക്കിയത്. 2012 ല്‍ യു.എ.ഇയില്‍ വച്ചായിരുന്നു ആ അപകടം. ഒരു സ്വകാര്യസ്ഥാപനത്തിന്റെ ഡ്രൈവറായിരുന്ന ബെക്‌സ് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് വഴിയരുകില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേയ്ക്ക് ഓടിക്കയറി. ആ അപകടത്തില്‍ ഒരു ഒമാനി കുട്ടി മരിച്ചു.
അറബ്‌നാട്ടിലെ നിയമമനുസരിച്ച് ബെക്‌സിനെതിരേ കൊലക്കുറ്റം ചുമത്തി. 2013 ല്‍ നീതിപീഠം വധശിക്ഷ വിധിച്ചു. ഇസ്‌ലാമിക നിയമപ്രകാരം കോടതി വിധിച്ചാലും വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ മാര്‍ഗമുണ്ട്. കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ മാപ്പുനല്‍കണം. പൊറുക്കാനായി അവര്‍ പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത്രയും തുക (ദയാധനം) നല്‍കണം.
ബെക്‌സിനു മാപ്പു ലഭിക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മരിച്ച ഒമാനി ബാലകന്റെ ബന്ധുക്കളെ നിരന്തരം സമീപിച്ചു. പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല പ്രതികരണം. വര്‍ഷങ്ങള്‍ക്കൊടുവില്‍ അവര്‍ മനസുമാറ്റാന്‍ തയാറായി. എന്നാല്‍, ദയാധനമായി ഒരു കോടി രൂപ നല്‍കണം.
ബെക്‌സിന്റെ ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ ചിന്തിക്കാന്‍ പോലുമാകാത്തതായിരുന്നു ആ തുക. നിര്‍ദ്ധനകുടുംബത്തിനു രക്ഷ തേടിയാണ് ബെക്‌സ് ഗള്‍ഫ്‌നാട്ടിലെത്തിയിരുന്നത്. അതിനിടയിലാണ് ഓര്‍ക്കാപ്പുറത്ത് അപകടക്കേസില്‍ പ്രതിയായി ജയിലിലാകുന്നത്. മകനു വധശിക്ഷയാണെന്നറിഞ്ഞതു മുതല്‍ കിടപ്പിലാണ് അയാളുടെ പിതാവ്. ഇത്തരമൊരു ഘട്ടത്തില്‍ ബെക്‌സിനു ജീവിതത്തിലേയ്ക്കു തിരിച്ചു കയറാനാകുമെന്ന നേരിയ പ്രതീക്ഷപോലും ഉണ്ടായിരുന്നില്ല.
പക്ഷേ, അത്ഭുതം സംഭവിക്കുക തന്നെ ചെയ്തു.
ബെക്‌സിന്റെ ദയനീയകഥ കേട്ടറിഞ്ഞ എം.എ യൂസഫലി ആ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ തയാറായി. മകന്‍ നഷ്ടപ്പെട്ട ഒമാനി കുടുംബത്തിന് ദയാധനമായി ഒരു കോടി രൂപ അദ്ദേഹം നല്‍കി.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതു ദൈവകാരുണ്യത്തിന്റെ നിദര്‍ശനമാണ്. അലിവു കാണിച്ചത് യൂസഫലിയാണെങ്കിലും ആ മഹാമനസ്‌കത അദ്ദേഹത്തില്‍ അങ്കുരിപ്പിച്ചത് ദൈവമാണ്. ഒട്ടും അഹങ്കാരമില്ലാതെ യൂസഫലി അങ്ങനെ വിശ്വസിക്കുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹം, 'ദൈവത്തിനു നന്ദി എന്നു പ്രതികരിച്ചത്'.
എടുത്താല്‍ തീരാത്തത്ര സമ്പത്തുള്ളവര്‍ ഈ ലോകത്ത് ധാരാളമുണ്ട്. പക്ഷേ, തങ്ങള്‍ക്ക് പരിചയം പോലുമില്ലാത്തവരുടെ കണ്ണീരൊപ്പാന്‍ അവരില്‍ മിക്കയാളുകളുടെയും കൈകള്‍ നീളാറില്ല.
ഇവിടെ ബെക്‌സ് യൂസഫലിയുടെ ബന്ധുവല്ല. അതേ സമുദായക്കാരനല്ല. പരിചയക്കാരന്‍ പോലുമല്ല. എന്നിട്ടും കൈയയച്ചു സഹായിച്ചു.
മറ്റുള്ളവര്‍ക്കായി സേവനസന്നദ്ധരാകുന്ന മഹാമനസുകള്‍ അപൂര്‍വമായേ ഉണ്ടാകാറുള്ളൂ. അതിന് അവരെ പ്രേരിപ്പിക്കുന്നതുപോലും അവരുടെ അചഞ്ചലമായ ദൈവവിശ്വാസമാകാം.
നിസാരമായ കാര്യങ്ങള്‍ക്ക് പരനിന്ദയും മതസ്പര്‍ദ്ധയുമെല്ലാം നടത്തി കാലം കഴിക്കുന്നവര്‍ മറ്റുള്ളവരിലെ നന്മ കാണാനും അംഗീകരിക്കാനും ശ്രമിക്കുകയല്ലേ ചെയ്യേണ്ടത്. അത്രയും പോരാ..., അവരെപ്പോലെ നല്ല മാതൃകയാകാനും ശ്രമിക്കണം. അപ്പോഴേ മനുഷ്യരൂപമുള്ളവന്‍ നല്ല മനുഷ്യനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."