HOME
DETAILS

കേരളത്തിലേത്1923ലെ റഷ്യൻ തനിയാവർത്തനം

  
backup
June 13 2023 | 18:06 PM

todays-article-written-by-rejimon-kuttappan

റജിമോൻ കുട്ടപ്പൻ

1917ൽ റഷ്യയിലെ ഫെബ്രുവരി വിപ്ലവത്തിന്റെ ഭാഗമായി മാധ്യമങ്ങൾക്ക് സാമാന്യം ഭേദപ്പെട്ട സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഒക്ടോബർ വിപ്ലവമെന്നു പ്രസിദ്ധമായ ബോൾഷെവിക് വിപ്ലവത്തോടുകൂടി അന്നേവരെ ലഭിച്ചുപോന്ന മാധ്യമസ്വാതന്ത്ര്യവും നാമാവശേഷമായി. പെട്രോഗ്രാഡ് റെവല്യൂഷണറി കമ്മിറ്റി അന്നത്തെ ഒരു പ്രശസ്ത ലിബറൽ പത്രം നിർത്തലാക്കിയെന്നു മാത്രമല്ല പ്രസ്സും അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടി. രണ്ടുദിവസത്തിനകം യാഥാസ്ഥിതിക(കൺസർവേറ്റീവ്) പക്ഷത്തുനിന്നും ഉദാരപക്ഷത്തു(ലിബറൽ) നിന്നുമായി ഇരുപതോളം പത്രങ്ങളുടെ പ്രസിദ്ധീകരണവും നിർത്തലാക്കി.


മേൽപ്പറഞ്ഞ മാധ്യമങ്ങളുടെ നിരോധന ഉത്തരവിൽ ഒപ്പുവയ്ച്ചത് വ്ലാദിമിർ ലെനിനായിരുന്നു. ഉത്തരവിൽ പറയുന്നത്: ‘ബൂർഷ്വാസികളുടെ പക്കലുള്ള അപകടകരമായ ആയുധം ബൂർഷ്വാ പത്രമാധ്യമങ്ങൾ’ ആണെന്നായിരുന്നു. ഈ ഉത്തരവ് താൽക്കാലികമാണെന്ന വിശദീകരണം പല ഭാഗങ്ങളിൽ നിന്നായി അന്നുണ്ടായെങ്കിലും അതിലും ഭീകരമായ പത്രസ്വാതന്ത്യ നിഷേധമായിരുന്നു സോവിയറ്റ് യൂനിയൻ തകരുന്നതോളം തുടർന്നുപോന്നത്. അന്ന് ലെനിൻ പറഞ്ഞതിങ്ങനെ: 'ശരിയെന്ന ബോധ്യത്തോടുകൂടി ഒരു ഭരണകൂടം പ്രവർത്തിക്കുമ്പോൾ എന്തിനാണ് ആ ഭരണകൂടത്തെ വിമർശിക്കാൻ അവർ തന്നെ അനുവദിക്കുന്നത്? വിനാശകരമായ ആയുധങ്ങളുമായൊരു പ്രതിപക്ഷത്തെ ഒരിക്കലും അനുവദിക്കാനാവില്ല. എന്നാൽ ആശയങ്ങൾ തോക്കുകളെക്കാൾ വിനാശകരമായ ആയുധങ്ങളാണ്'.


1923ഓടെ സോവിയറ്റ് യൂനിയനിൽ മറ്റൊരു ഉത്തരവുകൂടി പ്രാബല്യത്തിൽ വന്നു. സോവിയറ്റ് ഭരണകൂടത്തെയോ കമ്യൂണിസത്തെയോ വിമർശിക്കുന്ന പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയെ നിരോധിക്കാൻ പ്രാപ്തിയുള്ള ഉത്തരവായിരുന്നു അത്. 1923ലെ പത്രസ്വാതന്ത്ര്യനിഷേധ ഉത്തരവിനു സമാന വാചകങ്ങളാണ് 2023ൽ ഇങ്ങ് കേരളത്തിലിന്നു കേട്ടുക്കൊണ്ടിരിക്കുന്നത്.


സി.പി.എമ്മിന്റെ വിദ്യാർഥിസംഘടനയായ എസ്.എഫ്.ഐക്കെതിരേ വാർത്തകൾ കൊണ്ടുവന്നാൽ വേണമങ്കിൽ ഇനിയും മാധ്യമസ്ഥാപനങ്ങൾക്കെതിരേ കേസെടുക്കുമെന്നാണ് സി.പി.എമ്മിന്റെ കേരളാ സെക്രട്ടറി എം.വി ഗോവിന്ദൻ ഞായറാഴ്ച പറഞ്ഞത്. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയും മുൻ എസ്.എഫ്.ഐ നേതാവും ഉൾപ്പെട്ട വ്യാജപരീക്ഷ, മാർക് ലിസ്റ്റ് തിരുത്തൽ വിഷയത്തെ സംബന്ധിച്ച വാർത്ത കേരളത്തിലെ ഒരു വാർത്താമാധ്യമം പുറത്തുകൊണ്ടുവന്നിരുന്നു. എന്നാൽ, ഇത് റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകയെ അഞ്ചാം പ്രതിയായി കേസെടുത്തിരിക്കുകയാണ്. എസ്.എഫ്.ഐ നേതാക്കളെ പ്രതികൾ എന്നു വിളിക്കാതെ കുറ്റാരോപിതർ എന്നു എടുത്തുപറഞ്ഞുകൊണ്ടാണ് ഇവർ വാർത്ത റിപ്പോർട്ടു ചെയ്തത്. എന്നാൽ, ആ നിഷ്പക്ഷ റിപ്പോർട്ടിങ് പോലും തുണച്ചില്ലെന്നു വേണം കരുതാൻ.


കേരളത്തിലെ സി.പി.എം ഭരണകൂടവും അവരുടെ പൊലിസും ആദ്യമായല്ല പത്രസ്വാതന്ത്ര്യത്തെയും പത്രപ്രവർത്തകരെയും ഇവ്വിധം വേട്ടയാടുന്നത്. ആഴ്ചകൾക്ക് മുമ്പ് കേരളത്തിലെ ഒരു ടി.വി ചാനലിനെതിരേ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് കേരളാ പൊലിസ് കേസെടുത്തിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പിടിയിലായ വ്യക്തിയെ മുംബൈയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനാണ് പത്രപ്രവർത്തകർക്കെതിരേ കേസെടുത്തത്. പൊലിസ് ഇവരുടെ ഫോണുകളും പിടിച്ചെടുത്തു.


ഏതാനും മാസങ്ങൾക്കു മുമ്പ് സി.പി.എം തൊഴിലാളി സംഘടനാ നേതാവിനെതിരേ വൈകാരിക പ്രസ്താവന നടത്തിയതിന്റെ പേരിൽ ഒരു വാർത്താ അവതാരകനെ കേരളാ പൊലിസ് വിളിപ്പിച്ചിരുന്നു. പൊതുജനത്തിന്റെ സാധാരണ ദൈനംദിന ജീവിതത്തിനു തടസം സൃഷ്ടിക്കുന്ന തരത്തിൽ തൊഴിലാളി സംഘടന പ്രഖ്യാപിച്ച ഹർത്താലിനെ സംബന്ധിച്ചായിരുന്നു അന്നത്തെ രാത്രിചർച്ച. ഈ ചർച്ചയിലെ അവതാരകനായിരുന്നു പ്രസ്തുത പത്രപ്രവർത്തകൻ. ഹർത്താൽ മൂലം സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാകണമെങ്കിൽ തൊഴിലാളി സംഘടനാ നേതാക്കളും ഇത് അനുഭവിക്കണമെന്നതായിരുന്നു ഇദ്ദേഹത്തിന്റെ വൈകാരിക പ്രസ്താവന.

അത്ഭുതകരമെന്നു പറയട്ടെ, ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ ഈ അവതാരകൻ ജോലിചെയ്യുന്ന മാധ്യമസ്ഥാപനത്തിലേക്ക് തൊഴിലാളി സംഘടനയുടെ മാർച്ചും ഉണ്ടായി. ഇതിനിടയ്ക്ക് സി.പി.എം പിന്തുണയുള്ള സ്വതന്ത്ര എം.എൽ.എ മറ്റൊരു ചാനൽ റിപ്പോർട്ടർക്കും അതിന്റെ എക്സിക്യൂട്ടിവ് എഡിറ്റർക്കുമെതിരേ പോക്സോ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഈ കേസിൽ ക്രൈം ബ്രാഞ്ച് കോഴിക്കോടുള്ള ചാനൽ സ്ഥാപനത്തിൽ തെരച്ചിൽ നടത്തിയിരുന്നു.

ഇതിനു രണ്ട് ദിവസം മുമ്പ് എസ്.എഫ്.ഐ ഇതേ പത്രസ്ഥാപനത്തിന്റെ കൊച്ചി റീജ്യണൽ ഓഫിസിൽ അതിക്രമിച്ചു കയറുകയും ചെയ്തിരുന്നു. നിയമസഭാ സാമാജികരും രാഷ്ട്രീയ പാർട്ടികളും പ്രസ് ക്ലബും സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചെങ്കിലും സി.പി.എം നേതൃത്വം ഒന്നും പ്രതികരിച്ചില്ല. ആദായനികുതി ഡിപാർട്മെന്റ് ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫിസിൽ റെയ്ഡ് നടത്തിയപ്പോൾ നരേന്ദ്രമോദി ഭരണകൂടത്തിനെതിരേ ശക്തമായി പ്രതികരിച്ചവരിൽ ഒരാളായിരുന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ബി.സിക്കെതിരേയുള്ള ഭരണകൂട വേട്ടയിൽ പ്രസ്താവന പുറപ്പെടുവിക്കാൻ ധൈര്യപ്പെട്ട പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോയും കേരളത്തിൽ നടന്ന പത്രസ്വാതന്ത്ര്യ ലംഘനങ്ങൾക്കെതിരേ ഒന്നും പറഞ്ഞില്ല.


സാധാരണ കാബിനറ്റ് യോഗങ്ങൾക്കുശേഷം പത്രസമ്മേളനം നടത്തുന്ന പതിവു തെറ്റിച്ചുകൊണ്ട് 2016ൽ പിണറായി വിജയൻ ചെയ്തത് പത്രക്കുറിപ്പുകൾ വിതരണം ചെയ്യുകയായിരുന്നു. 2017ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽവച്ചു നടന്ന യോഗം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി ആക്രോശിച്ചത് ‘കടക്ക് പുറത്ത്’ എന്നായിരുന്നു. യോഗാചാര്യനായ ശ്രീ. എമ്മിന്റെ മധ്യസ്ഥതയിൽ ആർ.എസ്.എസുമായുള്ള ചർച്ചയായിരുന്നു അന്ന് നടന്നത്.


2020ൽ കേരളാ പൊലിസ് നിയമത്തിൽ സ്ത്രീകൾക്കെതിരേയുള്ള സൈബർ ആക്രമണങ്ങൾ തടയുന്നതിനുവേണ്ടി നിയമഭേദഗതിക്ക് മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ, ഇത് മാധ്യമസ്വാതന്ത്ര്യത്തിനു വിഘാതമാവുമെന്ന ചർച്ച ഉയരുകയും വൻ എതിർപ്പുകളും നേരിട്ടതോടെ ഈ നീക്കത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതുകൂടാതെ, നിയമസഭാ പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിലും പല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷം ഏതുതരത്തിലുള്ള പ്രതിഷേധങ്ങൾ നടത്തിയാലും ഇതൊന്നും പുറംലോകത്തെ കാണിക്കാതെ നേരെ ഭരണപക്ഷത്തെ പ്രമുഖർക്കു നേരെ കാമറ തിരിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്.


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐ.പി.സി വകുപ്പ്, 292 ഭേദഗതി ചെയ്ത് പുതിയ സെക്ഷൻ 292 (എ) അവതരിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഒരു ബിൽ തയാറാവുന്നതായും പല വൃത്തങ്ങളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ വകുപ്പ് പ്രകാരം, പത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ അശ്ലീലച്ചുവയുള്ളതോ അപമാനകരമോ ഭീഷണിപ്പെടുത്തുന്നതോ ആയ ഉള്ളടക്കമോ ചിത്രമോ അച്ചടിക്കുന്നതും അച്ചടിക്കായി തയാറാക്കുന്നതും പ്രദർശിപ്പിക്കുന്നതും പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതും കുറ്റകരമാണ്. ഈ വ്യവസ്ഥകൾ സോഷ്യൽ മീഡിയയ്ക്കും ബാധകമായിരിക്കും. സാമ്പത്തിക ലാഭങ്ങൾക്കായോ പരസ്യങ്ങൾക്കായോ ഇത്തരം ഉള്ളടക്കങ്ങൾ വിനിയോഗിച്ചാൽ രണ്ടുവർഷംവരെ തടവും പിഴയും ഉണ്ടായിരിക്കും.

ഇതേ കുറ്റം വീണ്ടും ആവർത്തിച്ചതായി തെളിഞ്ഞാൽ അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും നൽകണം. പ്രഥമദൃഷ്ട്ര്യാ ഉള്ള കുറ്റകൃത്യമെന്നിരിക്കേ പൊലിസിനുതന്നെ കേസെടുക്കാവുന്നതുമാണ്. അഥവാ, ഒരു വ്യക്തി ഭരണകൂടത്തെ ഏതെങ്കിലും തരത്തിൽ വിമർശിച്ചാൽ ആരും പരാതി നൽകിയില്ലെങ്കിൽ പോലും പൊലിസിനു കേസെടുക്കാനാവും. ഇത്തരമൊരു ബില്ലിനുവേണ്ടിയുള്ള നീക്കം ഒന്നാം പിണറായി സർക്കാരിന്റെ സമയത്തുതന്നെ ആരംഭിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.


2017ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റോറിയൽ ഉപദേശകസമിതി അംഗം ടി.ജെ.എസ് ജോർജിനു നൽകുമ്പോൾ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിങ്ങനെ: 'ആദ്യകാല പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപ്പിള്ളയും സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയും മുമ്പോട്ടുവച്ച തരത്തിലുള്ള സ്വതന്ത്ര പത്രപ്രവർത്തനം ഇന്ന് കാണാനില്ല. പത്രപ്രവർത്തനത്തിലൂടെയുള്ള സാമൂഹിക സേവനവും ഉത്തരവാദിത്വവുമെല്ലാം മറന്ന് എല്ലാവരും കച്ചവട താൽപര്യങ്ങൾക്കു പുറകേയാണ്. മാധ്യമപ്രവർത്തന മേഖലയിലെ ഒരു വിഭാഗം അവരുടെ നൈതികത മറന്ന് അധികാരം കൈയാളുന്നവരെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലെ മാധ്യമപ്രവർത്തനം നമുക്കാർക്കും അംഗീകരിക്കാനാവാത്ത വിധം ജീർണിച്ചുപോയിരിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള എന്ന പത്രപ്രവർത്തകനെ തിരുവിതാംകൂർ രാജഭരണകൂടം നാടുകടത്തിയത് നമുക്കറിയാം. എന്തായിരുന്നു അദ്ദേഹം ചെയ്ത തെറ്റ്? മഹാരാജാവിന്റെ ധൂർത്തുകളേയും മകളുടെ വിവാഹ ചെലവുകളേയും വിമർശിച്ചു. ഇതുമൂലം തിരുനാൾ മഹാരാജാവിനെ ചൊടിപ്പിക്കുകയും തുടർന്ന് സ്വദേശാഭിമാനിയെ നാടുകടത്തുകയുമാണ് ഉണ്ടായത്. 1910 സെപ്റ്റംബർ ഇരുപത്തിയാറിന് സ്വദേശാഭിമാനി പത്രത്തിന്റെ പ്രസും അനുബന്ധ സാമഗ്രികളും കണ്ടുകെട്ടി. രാമകൃഷ്ണപിള്ളയെ അറസ്റ്റ് ചെയ്ത് തിരുവിതാംകൂറിൽനിന്ന് മദ്രാസ് പ്രവിശ്യയിലെ തിരുനെൽവേലിയിലേക്ക് നാടുകടത്തി.


രാമകൃഷ്ണപിള്ളയുടെ സ്ഥൈര്യവും ധൈര്യവുമുള്ള പത്രപ്രവർത്തകർ കേരളത്തിൽ വളരെ ചുരുക്കമാണെന്നത് സത്യം തന്നെ. എന്നാൽ, മഹാരാജാവിനെപ്പോലും ചോദ്യം ചെയ്യാൻ മടിക്കാത്ത രാമകൃഷ്ണപിള്ളയുടെ നാടാണിതെന്ന കാര്യം നാം മറന്നുകൂടാ. അതിനാൽ, മാധ്യമസ്വാതന്ത്ര്യത്തെ മൂക്കുകയറിട്ട് മുറുക്കുന്ന മേലാളന്മാർക്കു മുമ്പിൽ ഓച്ഛാനിച്ചു നിൽക്കാതെ കേരളത്തിന്റെ പത്രപ്രവർത്തന പാരമ്പര്യത്തെ ആർജവത്തോടെ നിലനിർത്തേണ്ടത് ഇന്നത്തെ പത്രപ്രവർത്തകരുടെ കടമയാണ്. കാരണം ഇത് രാജാവിനുപോലും വാഴ്ത്തുപാട്ടുകൾ പാടാത്ത ചോദ്യം ചെയ്ത സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടാണിത്. മറക്കരുത്.

Content Highlights: Today's Article written by rejimon kuttappan


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago