അണുവിട തെറ്റാത്ത അച്ചടക്കം; എങ്കിലും വിടാതെ വിവാദങ്ങൾ
കോഴിക്കോട് • വിവാദങ്ങൾ വിടാതെ പിന്തുടർന്നപ്പോഴെല്ലാം പതറാതെ, പുഞ്ചിരിച്ചുകൊണ്ടായിരുന്നു കോടിയേരി ബാലകൃഷ്ണൻ നേരിട്ടത്. പാർട്ടി നേതാവെന്ന നിലയിലുള്ള ഇടപെടലിന്റെ പേരിൽ ആയിരുന്നില്ല കോടിയേരി വിവാദങ്ങളിൽ അകപ്പെട്ടത്.
മന്ത്രിയെന്ന നിലയിലോ സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിലോ ചീത്തപ്പേര് കേൾപ്പിക്കാത്ത കോടിയേരിക്ക് കുടുംബാംഗങ്ങളുടെ മതവിശ്വാസത്തിന്റെ പേരിലും രണ്ടു മക്കളുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിലുമാണ് ഏറെ ആക്ഷേപങ്ങൾ കേൾക്കേണ്ടിവന്നത്.
ഭാര്യയുടെയും മക്കളുടെയും ആഡംബര ജീവിതവും വിമർശനവിധേയമായി. 2020 നവംബറിൽ സംസ്ഥാന സെക്രട്ടറി പദവി ഒഴിയുന്നതിന് പ്രധാന കാരണം അനാരാഗ്യമാണെന്നാണ് പുറമേ പറഞ്ഞിരുന്നത്. എന്നാൽ മകനെ കുറിച്ചുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തം അദ്ദേഹം മാറിനിന്നതിനൊരു കാരണമാണ്.
ബംഗളൂരുവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരിൽ മകൻ ബിനീഷ് ജയിലാലയതിനു പിന്നാലെ നിരവധി വിവാദങ്ങൾ ചർച്ചയായി. അതോടെ ആരോഗ്യകാരണങ്ങൾ പറഞ്ഞ് അദ്ദേഹം സെക്രട്ടറി പദവി ഒഴിഞ്ഞു.
വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോഴും സെക്രട്ടറി ആയി തുടർന്നിരുന്നു. എന്നാൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം നേരിട്ടത് അതിരൂക്ഷ ആരോപണങ്ങളാണ്. മകൻ ബിനീഷ് ജയിലിൽ പോയതിനു പിന്നാലെ അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെടുകയും പാർട്ടി അത് അംഗീകരിക്കുകയുമായിരുന്നു.
2018ൽ മൂത്ത മകൻ ബിനോയിക്കെതിരേ ദുബൈയിൽ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു. 2019ൽ ബിനോയ് കോടിയേരിക്കെതിരേ പരാതിയുമായി ബീഹാർ സ്വദേശിനിയായ യുവതി രംഗത്തെത്തി. ബിനോയിക്ക് താനുമായുള്ള ബന്ധത്തിൽ ഒരു മകനുണ്ടെന്നും ബിനോയ് ചെലവിന് നൽകുന്നില്ലെന്നും വിവാഹിതനായിരുന്നു എന്ന കാര്യം മറച്ചുവച്ചെന്നും യുവതി മുംബൈ പൊലിസിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.2020ൽ ബിനീഷുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത വിവാദം. അന്വേഷണം മകന്റെ പണമിടപാടിലേക്കും എത്തിയപ്പോൾ മകനെ തള്ളി കോടിയേരി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്നും ആരും നിയമത്തിന് അതീതനല്ലെന്നുമായിരുന്നു പ്രതികരണം. സാമ്പത്തിക ഇടപാട് കേസിൽ ബിനീഷിനെ കസ്റ്റഡിയിലെടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തതോടെ പ്രതിപക്ഷ ആരോപണം കൂടുതൽ ശക്തമായി.
ആഭ്യന്തര മന്ത്രിയായപ്പോൾ കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ നടത്തിയതും വിവാദമായിരുന്നു. തനിക്ക് ഈശ്വര വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കുടുംബാംഗങ്ങളാണ് പൂമൂടൽ ബുക്ക് ചെയ്തതെന്ന് പിന്നീട് വ്യക്തമായി. മകൻ ബിനോയ് കോടിയേരിയുടെ ശബരിമല ദർശനവും പാർട്ടിക്കുള്ളിൽ ചർച്ചയായി. മൂത്ത മകൻ ബിനോയിക്കെതിരേ ആരോപണം ഉന്നയിച്ച യുവതിക്ക് 80 ലക്ഷം നൽകി കഴിഞ്ഞ ദിവസം കേസ് അവസാനിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."