ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാന്പത്തിക ഇടനാഴി പ്രാധാന്യവും സാധ്യതകളും
നസ്റുദ്ദീൻ മണ്ണാർക്കാട്
ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഏറ്റവും പ്രസക്ത ആശയങ്ങളിലൊന്നാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി. ഏതാണ്ട് രണ്ടുപതിറ്റാണ്ടായി, വിവിധ രാജ്യങ്ങൾക്കിടയിൽ ഉരുവപ്പെട്ടുവരുന്ന സ്വപ്നപദ്ധതിയായ നോർത്ത്-സൗത്ത്- ട്രാൻസ്‌പോർട്ട് കോറിഡോർ പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോൾപ്രഖ്യാപിക്കപ്പെട്ട, മിഡിൽ ഈസ്റ്റ് ഉൾപ്പെട്ട പുതിയ സാമ്പത്തിക ഇടനാഴിയെന്ന് ചിലർ കരുതുന്നുണ്ടെങ്കിലും അത് പൂർണമായും ശരിയല്ല. വിവിധ രാഷ്ട്രീയ-സാമ്പത്തിക മാനങ്ങളുള്ള മൂന്ന് പ്രധാന റോഡ് പദ്ധതികൾ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്.
നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട്
2002ൽ ഇന്ത്യ, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾ ഒപ്പുവച്ച ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിൻ്റെ(INSTC) പ്രധാന ലക്ഷ്യം ഇന്ത്യയെ യൂറോപ്പിലേക്ക് ബന്ധിപ്പിക്കുക എന്നതായിരുന്നു. റോഡ്-കടൽ-റെയിൽ മാർഗങ്ങളിൽ ചരക്കുകൾ കുറഞ്ഞ നിരക്കിൽ കൈമാറാനാവുമെന്നാണ് ഈ പദ്ധതിയുടെ നേട്ടം. ഇന്ത്യയിൽ മാറിവന്ന സർക്കാരുകൾ വിവിധ രാജ്യങ്ങളുമായി നയതന്ത്രം നിലനിർത്തി ഈ പദ്ധതിയുമായി മുന്നോട്ടുപോയപ്പോഴുണ്ടായ ഫലം പ്രത്യാശ നൽകുന്നതായിരുന്നു.
2014ൽ നടത്തിയ പരീക്ഷണത്തിൽ, 15 ടൺ ചരക്കുകളുടെ ഗതാഗത ചെലവിൽ 2500 അമേരിക്കൻ ഡോളറിന്റെ കുറവ് അനുഭവപ്പെട്ടു. ഇത് വലിയ നേട്ടമായി ഈ മേഖലയിലുള്ളവർ കാണുന്നു. പൂർണമായും പ്രവർത്തന സജ്ജമായാൽ ഇന്ത്യയ്ക്കും യൂറോപ്പിനുമിടയ്ക്കുള്ള വ്യാപാരത്തിൽ വലിയ വർധനവ് ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമേതുമില്ല.
സ്ഥാപക രാജ്യങ്ങളായ റഷ്യ, ഇന്ത്യ, ഇറാൻ എന്നിവയെ കൂടാതെ അസർബൈജാൻ, അർമേനിയ, ഖസാക്കിസ്താൻ, ബെലാറസ് എന്നീ പ്രധാന രാജ്യങ്ങൾകൂടി ചേർന്നതോടെ പദ്ധതിയുടെ ആക്കംകൂടി. ഈ പാതയിലെ മിസിങ് ലിങ്കുകൾ കൂട്ടിച്ചേർക്കാൻ അസർബൈജാനിൽ വലിയ രീതിയിലുള്ള റെയിൽ പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. സൂയസ് കനാലിലൂടെയുള്ള നിലവിലെ റൂട്ടിൽനിന്ന് മാറി പുതിയ മാർഗം സജ്ജമായാൽ 30 ശതമാനം വരെ ചെലവ് കുറയുകയും 40 ശതമാനം വരെ സമയം ലാഭിക്കുകയും ചെയ്യാം. 2017ൽ നടത്തിയ പരീക്ഷണ ഓട്ടവും വിജയകരമായിരുന്നു.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ്
ചൈനയുടെ നേതൃത്വത്തിൽ 155 രാജ്യങ്ങളുമായി സഹകരിച്ച് നിർമിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് പാതയ്ക്ക്(BRI) പണമൊഴുക്കുന്നത് ചൈന തന്നെയാണ്. ലോക ജനസംഖ്യയിലെ 75 ശതമാനം ജനങ്ങളെ ഉൾക്കൊള്ളുന്ന ഈ രാജ്യങ്ങളുടെ ജി.ഡി.പി കണക്കാക്കിയാൽ ലോകത്തിന്റെ മൊത്തം ജി.ഡി.പിയുടെ പകുതിയിലധികമുണ്ട്.
ഇത്രയധികം രാജ്യങ്ങളിലേക്കും ജനങ്ങളിലേക്കും ഇടനാഴി ഒരുക്കുകയെന്നതിൽ സാമ്പത്തികം മാത്രമല്ല, രാഷ്ട്രീയ താൽപര്യം കൂടിയാണ്. ചൈനയുടെ പഴയ സിൽക്ക് പാതയുടെ പേരിട്ടുവിളിക്കുന്ന ഈ വമ്പൻ പദ്ധതി 2013ൽ പ്രഖ്യാപിക്കുകയും 2049ൽ പൂർത്തിയാകുമെന്ന് കരുതപ്പെടുകയും ചെയ്യുന്നത്. ലഭിക്കുന്ന ബ്ലൂപ്രിന്റുകൾ അനുസരിച്ച് നിലവിലെ ഏറ്റവും വലിയ റോഡ് പ്രോജക്റ്റ് ഇതുതന്നെയായിരിക്കും.
അയൽരാജ്യമായിരുന്നിട്ടും ഇന്ത്യയെ തൊടാതെ 155 രാജ്യങ്ങളെ സ്പർശിച്ച് പോകുന്ന ഈ പാത ലോകത്തെ വലയം ചെയ്യുകയാണ്. ഇത് പൂർത്തിയായാൽ ചൈനയുടെ ഏറ്റവും വലിയ നേട്ടമായി മാറുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ചൈനയുടെ പദ്ധതിയായതുകൊണ്ട് അമേരിക്കയ്ക്കും ഇന്ത്യക്കും ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. മിഡിൽ ഈസ്റ്റ് പഴയപോലെ സ്വാധീനമില്ലാത്ത സാഹചര്യം അമേരിക്ക അഭിമുഖീകരിക്കുന്നതിനാൽ മാറിനിൽക്കാൻ അവർക്ക് സാധിക്കില്ല. അതിന്റെ റിസൽട്ടാണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ്
വഴി
ആദ്യത്തെ രണ്ടുറോഡ് പദ്ധതികളിലും അമേരിക്ക വെറും കാഴ്ചക്കാരായിരുന്നു. ഇന്ത്യയാവട്ടെ ചൈനയുടെ പദ്ധതിയെ ആശങ്കയോടെയാണ് കാണുന്നത്. ഇൗ സാഹചര്യത്തിലാണ് ജി20 സമ്മേളനത്തിന് മുന്നോടിയായി തിരക്കിട്ട ചർച്ചകൾ നടന്നതും അവസാന നിമിഷം ട്രെയിനിലേക്ക് അമേരിക്ക ചാടിക്കയറുന്നതും. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾകൂടി പങ്കാളികളായ ഈ പദ്ധതയിൽ,
നേരത്തെ ഇന്ത്യയോടൊപ്പം INSTC റോഡ് പദ്ധതിയിലുള്ള, റഷ്യ ഇല്ലെങ്കിലും അവർ പ്രോജക്ടിനോട് ശത്രുത പുലർത്താതിരിക്കാൻ ശ്രമിക്കുന്നുണ്ട്. റോഡുകൾപോലെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന നയതന്ത്ര ബന്ധങ്ങളാണ് ലോകരാഷ്ട്രീയം. പ്രഖ്യാപിക്കപ്പെട്ട റോഡ് പദ്ധതികളിലെ ചില രാജ്യങ്ങൾ ഈ മൂന്ന് പ്രോജക്ടുകളിലും പൊതുസഹകാരികളാണ് എന്നതാണ് ഏറെ കൗതുകകരം. ഭാവിയിൽ ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ ഈ റോഡുകളിൽ ചുറ്റിക്കറങ്ങുമെന്നുറപ്പാണ്.
വീണ്ടും ചെറുതാവുന്ന ലോകം
ആഗോളവത്കരണം ലോകത്തെ ചെറിയൊരു ആഗോളഗ്രാമമാക്കി മാറ്റിയെന്ന അവകാശവാദങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇൗ വാദം ശരിയാണുതാനും. വികസിത രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രം കിട്ടുമായിരുന്ന ഉത്പ്പന്നങ്ങൾ കുഗ്രാമങ്ങളിലും ലഭിക്കുന്നത് അതുകൊണ്ടുകൂടിയാണ്. പല പോരായ്മകളുണ്ടെങ്കിലും ഒഴിവാക്കാൻ സാധിക്കാത്ത അനിവാര്യതയായിരുന്നു ആഗോളവത്കരണം. എന്നാൽ ഈ റോഡുകളുടെ വരവോടെ ലോകം ഇനിയും ചെറുതാകും.
കുറഞ്ഞ നിരക്കിൽ ചരക്കുനീക്കം സാധ്യമാകുന്നതോടെ രാജ്യങ്ങൾ പരസ്പരമുള്ള കയറ്റുമതി- ഇറക്കുമതി ഇടപാടുകൾ വർധിക്കുകയും ഇക്കണോമി പുഷ്ടിപ്പെടുകയും ചെയ്യും. സാമ്പത്തികമേഖലയിലുണ്ടാവുന്ന ഉണർവ് കൂടുതൽ തൊഴിലും മെച്ചപ്പെട്ട വരുമാനവും സാധ്യമാക്കും. പ്രത്യേകിച്ച് പ്രവാസികൾക്ക്.
ലോകത്തിന്റെ മധ്യമായി മാറാനുള്ള യു.എ.ഇയുടെ സ്വപ്നങ്ങൾക്ക് കരുത്തുപകരുന്നതാണ് പുതിയ കോറിഡോർ. ലോകോത്തര കമ്പനികളുടെ ആസ്ഥാനകേന്ദ്രങ്ങൾ ദുബൈയിലേക്ക് മാറ്റുന്ന ട്രെൻഡ് കണ്ടുവരുന്നുണ്ട്. ചൈനയ്ക്കും യൂറോപ്പിനും ഇടയിലെ സമയ വ്യത്യാസം അന്താരാഷ്‌ട്ര ബിസിനസുകൾക്ക് പ്രതിബന്ധമായിരുന്നു. യൂറോപ്പിൽ ഓഫിസുകൾ തുറന്നുപ്രവർത്തിക്കുമ്പോൾ ചൈനയിൽ ഏതാണ്ട് അന്നത്തെ ദിനം അവസാനിക്കാറായിട്ടുണ്ടാവും.
യൂറോപ്പിൽ നിന്നുള്ള ഇ-മെയിലുകൾക്കുള്ള മറുപടി പലപ്പോഴും ചൈനയിൽനിന്ന് ലഭിക്കുക അടുത്ത ദിവസമായിരിക്കും. ഇതു കാരണമുള്ള സമയനഷ്ടവും സാമ്പത്തിക നഷ്ടവും ചെറുതല്ല. ഈ സാചര്യത്തിൽ യൂറോപ്പിനും ചൈനയ്ക്കുമിടയിലുള്ള ഒരു ടൈം സോണിലിരുന്ന് ജോലി ചെയ്യുന്നതാണ് കോർപറേറ്റുകൾക്ക് കൂടുതൽ അഭികാമ്യം. വെള്ളിയാഴ്ച പ്രവൃത്തിദിവസമാക്കാൻ യു.എ.ഇ ഉദാരത കാണിച്ചതോടെ കൂടുതൽ സൗകര്യമായി. അധികം വൈകാതെ ദുബൈ കൂടുതൽ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെ സിരാകേന്ദ്രമായി മാറും. ഒപ്പം യൂറോപ്പിലേക്കുള്ള
ചരക്കുനീക്കത്തിന്റെ ഇടനാഴികൂടി മിഡിൽ ഇൗസ്റ്റ് വഴി കടന്നുപോകുമ്പോൾ ഉണ്ടാക്കുന്ന കുതിപ്പ് ചില്ലറയാവില്ല. നിലവിൽ ഇന്ത്യയും യു.എ.ഇയും വ്യാപാര ബന്ധത്തിന്റെ പല മടങ്ങായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾ ഉയർന്നാലും അത്ഭുതമില്ല. പ്രവാസികൾക്ക്, പ്രത്യേകിച്ച് കേരളത്തിന് ഇതു ഗുണകരമായി മാറും.
കാലത്തിന്റെ കാവ്യനീതി
ഇന്ത്യയിൽ നിന്നുള്ള ചരക്കുകൾ യൂറോപ്പിലേക്ക് അറബികൾ വഴി എത്തിയിരുന്ന കാലം അത്ര ചരിത്രാതീതമൊന്നുമല്ല. യൂറോപ്പ്യരുടെ മനസിൽ ഇന്ത്യയെ കണ്ടെത്താനുള്ള താൽപര്യമുണ്ടായതുപോലും അറബികൾക്ക് ഇന്ത്യയുമായി ഉണ്ടായിരുന്ന വ്യാപാരബന്ധത്തിൽ നിന്നാണ്. അറബികൾക്ക് മാത്രമറിയാവുന്ന, ഇന്ത്യയിലേക്കുള്ള രഹസ്യപാത കണ്ടെത്താൻ അവർ തുനിഞ്ഞിറങ്ങിയതും ഒടുവിൽ ഇന്ത്യയെ കീഴടക്കി കോളനിയാക്കിയതും ചരിത്രം.
ബ്രിട്ടിഷുകാർ ഇന്ത്യയിൽ നിന്നുള്ള തങ്ങളുടെ ചരക്ക് നീക്കത്തിനുള്ള ഇടത്താവളമാക്കി ദുബൈ ഉപയോഗിച്ചതായി കാണാം. മാറിയകാലത്ത് അതേ മിഡിൽ ഇൗസ്റ്റിൻ്റെ സഹകരണത്തോടെ യൂറോപ്പിലേക്ക് വ്യാപാര ഇടനാഴി ഒരുങ്ങുമ്പോൾ അതിനെ ചരിത്രത്തിന്റെ കാവ്യ നീതിയായി കാണുന്നവരുമുണ്ട്. എല്ലാ നല്ല മാറ്റങ്ങളും മാനവിക പുരോഗതിക്കും ലോക സമാധാനത്തിനും സഹായകരമാവട്ടെ.
Content Highlights:Today's Article sep 16 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."