ദുബയ് വിമാനത്താവളത്തില്‍ അടുത്ത 10 ദിവസം എത്തുന്നത് 21 ലക്ഷം യാത്രക്കാര്‍
ദുബയ്: യു.എ.ഇയിലെ അമേരിക്കന്‍, ബ്രിട്ടീഷ് കരിക്കുലം സ്‌കൂളുകള്‍ക്ക് അര്‍ധ വാര്‍ഷിക അവധി തുടങ്ങുന്നതും യു.എ.ഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നതും കണക്കിലെടുത്ത് ദുബയ് വിമാനത്താവളത്തില്‍ വരുംദിവസങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലണ്ടന്‍ ഹീത്രു കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബയിലേത്.
ദുബയ് വിമാനത്താവളത്തില്‍ അടുത്ത 10 ദിവസം (ഒക്‌ടോബര്‍ 21 മുതല്‍ 30 വരെ) 21 ലക്ഷം യാത്രക്കാരാണ് എത്തുന്നത്. ദിവസവും ശരാശരി 2.15 ലക്ഷം യാത്രക്കാര്‍. തിരക്ക് നിയന്ത്രിക്കാനും പ്രയാസങ്ങള്‍ ഒഴിവാക്കാനും യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 12 വയസിന് മുകളിലുള്ളവര്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കുക, ടെര്‍മിനല്‍-1 യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് എത്തുക, ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനം പ്രയോജനപ്പെടുത്തുക എന്നിവയാണ് ഇതില്‍ പ്രധാനം.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രേഖകളെല്ലാം കൈവശമുണ്ടെന്ന് ഉറപ്പാക്കണം. യാത്ര സംബന്ധമായ അറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കുക, ടെര്‍മിനല്‍ മൂന്നില്‍ എമിറേറ്റ്‌സ് എയര്‍ലെന്‍സിന്റെ സെല്‍ഫ് ചെക്ക് ഇന്‍ സംവിധാനം ഉപയോഗിക്കുക, ബാഗേജിന്റെ ഭാരം നിശ്ചിത അളവിലും കൂടിയിട്ടില്ലെന്ന് ഉറപ്പാക്കുക, ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ ദുബയ് മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്തുക എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍. ടെര്‍മിനല്‍-3 ആഗമന മേഖലയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."