റഫാ അതിര്‍ത്തി തുറന്ന് ഈജിപ്ത്; ആദ്യ സംഘം അതിര്‍ത്തി കടന്നു
റഫാ അതിര്‍ത്തി തുറന്ന് ഈജിപ്ത്; ആദ്യ സംഘം അതിര്‍ത്തി കടന്നു
ഗാസ: ഐക്യരാഷ്ട്ര സംഘടനയുടെയും വിവിധ രാജ്യങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് റഫാ അതിര്‍ത്തി വഴി ഗാസയില്‍നിന്ന് ആദ്യത്തെ സംഘം പുറത്തെത്തി. സംഘര്‍ഷത്തിനിടെ ഗാസയില്‍ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് റഫാ അതിര്‍ത്തി വഴി പുറത്തു കടന്നത്. ഒക്ടോബര്‍ ഏഴിനു സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായാണ് ഈജിപ്ത് റഫാ അതിര്‍ത്തി തുറന്നുകൊടുത്തത്. ഗാസയില്‍നിന്ന് ആളുകള്‍ക്കു പുറത്തുകടക്കാന്‍ ഇസ്‌റാഈലിന്റെ നിയന്ത്രണമില്ലാത്ത ഏക അതിര്‍ത്തിയാണ് റഫാ. ആദ്യ സംഘത്തില്‍ എത്ര പേരാണ് ഗാസ വിട്ടതെന്നു വ്യക്തമല്ല.
നാനൂറോളം പേര്‍ ഗാസയില്‍നിന്നു രക്ഷപ്പെടാന്‍ അതിര്‍ത്തിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ടെന്നാണു വിവരം. ഇവരില്‍ ആദ്യ സംഘമാണ് റഫാ അതിര്‍ത്തി കടന്ന് ഈജിപ്തിലെത്തിയത്. ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ 81 ഫലസ്തീന്‍കാരെയും റഫാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഈജിപ്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റഫാ അതിര്‍ത്തി വഴി പുറത്തു കടക്കാനായി ഇരട്ട പൗരത്വമുള്ള ഏതാണ്ട് 7000 ആളുകളാണ് പേര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 500 പേരെ വീതം ഓരോ ദിവസവും അതിര്‍ത്തി കടക്കാന്‍ അനുവദിക്കും.
ഏതാണ്ട് 44 രാജ്യങ്ങളില്‍ പൗരത്വമുള്ളവരാണ് ഗാസയില്‍ അകപ്പെട്ടു പോയിരിക്കുന്നതെന്നാണ് ഇതുവരെ ലഭ്യമായിരിക്കുന്ന വിവരം. ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം നാലാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."